Kerala
പ്രതിഷേധം ശക്തം, സുധാകരന്റെ വീടിന് മുന്നില്‍ പോസ്റ്ററുകള്‍; കാവലൊരുക്കി പുന്നപ്ര പോലീസ്
'കുലം കുത്തികളെ കാലം വര്‍ഗ വഞ്ചകരെന്ന് വിളിക്കും എന്ന വാചകത്തോടെയാണ് പുന്നപ്രയിലെ നവനീതം എന്ന വീടിന് മുന്നില്‍ ബാനറുള്ളത്.
ആലപ്പുഴ | പാര്‍ട്ടിയുമായി ഇടഞ്ഞ് സ്വതന്ത്ര സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച മുതിര്‍ന്ന നേതാവ് ജി സുധാകരന് നേരെ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തില്‍ വീടിന് പോലീസ് കാവല്‍. പ്രതിഷേധ പ്രകടനങ്ങള്‍ക്കും പിന്നാലെ ജി സുധാകരന്റെ വീടിന് മുന്നില്‍ ബാനറുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് മുന്‍ കരുതലെന്നോണം പുന്നപ്ര പോലീസ് സുധാകരന്റെ വീടിന് മുന്നില്‍ നിലയുറപ്പിച്ചിരിക്കുന്നത്
‘കുലം കുത്തികളെ കാലം വര്‍ഗ വഞ്ചകരെന്ന് വിളിക്കും എന്ന വാചകത്തോടെയാണ് പുന്നപ്രയിലെ നവനീതം എന്ന വീടിന് മുന്നില്‍ ബാനറുള്ളത്. ഭഗവതിക്കല്‍ സഖാക്കള്‍ എന്ന പേരിലാണ് ബാനര്‍. രക്ത സാക്ഷികള്‍ സിന്ദാബാദ്, വര്‍ഗ വഞ്ചകര്‍ക്ക് മാപ്പില്ല, വോട്ടില്ല തുടങ്ങിയ പോസ്റ്ററുകളും വീടിന്റെ മതിലില്‍ ഉള്‍പ്പെടെ പതിച്ചിട്ടുണ്ട്.
ജി സുധാകരന്റെ നിലപാട് യുഡിഎഫിനെയും ബിജെപിയെയും സഹായിക്കുന്നതാണെന്നായിരുന്നു സിപിഎം ആലപ്പുഴ ജില്ലാ നേതൃത്വത്തിന്റെ നിലപാട്. സുധാകരനെ രാഷ്ട്രീയപരമായി തന്നെ നേരിടാനാണ് സിപിഎം തീരുമാനമെന്നാണ് അറിയുന്നത്.
തേനിക്ക് പാര്‍ട്ടിയില്‍ നിന്ന് ഉണ്ടായ അനുഭവങ്ങളുടെയും അപമാനത്തിന്റെയും പശ്ചാത്തലത്തില്‍ ആണ് അമ്പലപ്പുഴ മണ്ഡലത്തില്‍ താന്‍ സ്വതന്ത്രനായി മത്സരിക്കുന്നതെന്നായിരുന്നു ജി സുധാകരന്‍ വാര്‍ത്ത സമ്മേളനത്തില്‍ പ്രഖ്യാപിച്ചത്. എന്നാല്‍ പാര്‍ട്ടി വിരുദ്ധമായി താന്‍ ഒന്നും പറയില്ല. ആരെയും വ്യക്തിഹത്യ ചെയ്യില്ല. തനിക്ക് നേരിട്ട അപമാനത്തിന്റെയും അനുഭവങ്ങളുടെയും പശ്ചാത്തലത്തിലാണ് പാര്‍ട്ടി മെമ്പര്‍ഷിപ്പ് പുതുക്കേണ്ടതില്ല എന്ന തീരുമാനം എടുത്തതെന്നും ജി സുധാകരന്‍ വ്യക്തമാക്കിയിരുന്നു



