Kerala
തങ്ക അങ്കി ഘോഷയാത്രക്ക് നാളെ തുടക്കം; വെള്ളിയാഴ്ച ശബരിമലയിലെത്തും
രാവിലെ ഏഴിന് ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍ നിന്ന് പുറപ്പെടും. ഡിസംബര്‍ 26ന് വൈകിട്ട് ശബരിമല സന്നിധാനത്ത് എത്തും.
പത്തനംതിട്ട | മണ്ഡല പൂജക്ക് ശബരിമല അയ്യപ്പസ്വാമിക്കു ചാര്‍ത്താനുള്ള തങ്ക അങ്കി വഹിച്ചുള്ള രഥഘോഷയാത്ര നാളെ (ഡിസംബര്‍ 23, ചൊവ്വ) രാവിലെ ഏഴിന് ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍ നിന്ന് പുറപ്പെടും. ഡിസംബര്‍ 27ന് രാവിലെ 10.10നും 11.30 നും ഇടയിലുള്ള മുഹൂര്‍ത്തത്തിലാണ് ഈ വര്‍ഷത്തെ മണ്ഡലപൂജ.
തിരുവിതാംകൂര്‍ മഹാരാജാവ് അയ്യപ്പസ്വാമിക്ക് മണ്ഡല പൂജക്ക് ചാര്‍ത്താനായി സമര്‍പ്പിച്ചതാണ് തങ്ക അങ്കി. ഡിസംബര്‍ 26ന് വൈകിട്ട് ശബരിമല സന്നിധാനത്ത് തങ്ക അങ്കി ഘോഷയാത്ര എത്തും. തങ്ക അങ്കി അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തിയുള്ള ദീപാരാധന അന്ന് വൈകിട്ട് നടക്കും.
27ന് പകല്‍ തങ്ക അങ്കി ചാര്‍ത്തിയുള്ള മണ്ഡലപൂജയും നടക്കും. 27ന് രാത്രി 11ന് ഹരിവരാസനം പാടി നട അടയ്ക്കുന്നതോടെ മണ്ഡല മഹോത്സവത്തിന് സമാപനം കുറിച്ച് ശബരിമല നട അടയ്ക്കും. പിന്നീട് മകരവിളക്ക് മഹോത്സവത്തിനായി 30-ന് നട വീണ്ടും തുറക്കും.



