Ongoing News
നാലാം ടി 20യിൽ ഓസീസിനെ 48 റൺസിന് തകർത്ത് ഇന്ത്യ
അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലെത്തി
ക്വീന്‍സ്‌ലാന്‍ഡ് | നാലാം ടി 20 പോരാട്ടത്തിൽ ഓസ്ട്രേലിയയെ 48 റൺസിന് തകർത്ത് ഇന്ത്യ. 168 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റേന്തിയ ഓസീസ് 119 റണ്‍സിന് പുറത്തായി. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലെത്തി. ഒരു മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. ഗാബയിലാണ് അവസാന മത്സരം. അതിൽ കൂടി വിജയം നേടിയാൽ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം.
തുടക്കത്തിൽ ശക്തമായ ബാറ്റിംഗ് പുറത്തെടുത്ത ഓസ്ട്രേലിയക്ക് പിന്നീട് കാലിടറി. മിച്ചല്‍ മാര്‍ഷും മാത്യു ഷോര്‍ട്ടും നൽകിയ മികച്ച തുടക്കം തുടരാൻ പിന്നീട് സാധിച്ചില്ല. ഒരു ഘട്ടത്തിൽ നാല് ഓവറിൽ 35 റൺസ് എന്ന നിലയിൽ മുന്നേടിയ ടീമിന് പിന്നീട് അടിപതറി. സ്‌കോര്‍ 37 ല്‍ നില്‍ക്കേ 25 റണ്‍സെടുത്ത ഷോര്‍ട്ട് പുറത്തായി. രണ്ടാം വിക്കറ്റില്‍ ജോഷ് ഇംഗ്ലിസിനെ കൂട്ടുപിടിച്ച് മാര്‍ഷ് ഓസീസിനെ അറുപതുകടത്തിയെങ്കിലും ഇംഗ്ലിസും(12) മാര്‍ഷും(30) അധികം വൈകാതെ നിലംതൊട്ടു. ഇതോടെ പത്തോവറില്‍ മൂന്ന് വിക്കറ്റിന് 77 എന്ന നിലയിലേക്ക് ടീം കൂപ്പുകുത്തി.
പിന്നീട് വന്നവരെല്ലാം വന്നതുപോലെ മടങ്ങി. ടിം ഡേവിഡ്(14), ജോഷ് ഫിലിപ്പെ(10), ഗ്ലെന്‍ മാക്‌സ്‌വെല്‍(2) എന്നിവരെ പെട്ടെന്ന് തന്നെ മടക്കിയയച്ച് ഇന്ത്യ വിജയം കൈപ്പിടിയിലൊതുക്കി. 17 റണ്‍സെടുത്ത മാര്‍ക്കസ് സ്റ്റോയിനിസാണ് ഓസീസിന് അല്‍പ്പമെങ്കിലും ആശ്വാസമായത്. ബെന്‍ ഡ്വാര്‍ഷുയിസ്(5),സാവിയര്‍ ബാര്‍ട്ട്‌ലെറ്റ്(0), ആദം സാംപ(0) എന്നിവരെ കൂടി പുറത്താക്കിയതോടെ ഓസീസ് 119 റണ്‍സിന് എല്ലാവരും പുറത്തായി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സാണ് എടുത്തത്. അഭിഷേക് ശര്‍മയും ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന് മികച്ച തുടക്കം നൽകി. ഇരുവരും ചേര്‍ന്ന് ആറോവറില്‍ സ്കോർ 49-ലെത്തിച്ചു. 28 റണ്‍സെടുത്ത് അഭിഷേക് പുറത്തായി.ശിവം ദുബേ (22), ഗിൽ (46), സൂര്യകുമാര്‍ 20, തിലക് വര്‍മ(5), ജിതേഷ് ശര്‍മ(3) എന്നിങ്ങനെ മറ്റുള്ളവരും പുറത്തായി. പിന്നീട് വാഷിങ്ടണ്‍ സുന്ദറും അക്ഷര്‍ പട്ടേലും ചേര്‍ന്ന് നടത്തിയ ചെറുത്തുനില്‍പ്പാണ് ഇന്ത്യൻ സ്കോർ 150 കടത്തിയത്.
സുന്ദര്‍ 12 റണ്‍സെടുത്ത് പുറത്താവുകയും അക്ഷര്‍ പട്ടേല്‍ 11 പന്തില്‍ നിന്ന് 21 റണ്‍സെടുത്ത് പുറത്താവാതെ നിൽക്കുകയും ചെയ്തു.





