Articles
ലോകത്തിന് മുമ്പില്‍ ഇന്ത്യ ചെറുതാകരുത്
ശീതയുദ്ധ കാലത്ത് സ്വതന്ത്രമായ വിദേശനയം മുന്നോട്ട് വെച്ച രാജ്യമായിരുന്നു ഇന്ത്യ. എന്നാല്‍ ഇപ്പോള്‍ നാം എവിടെ നില്‍ക്കുന്നു എന്ന് പറയാന്‍ നമുക്കാകുന്നില്ല. ഇസ്‌റാഈല്‍ അധിനിവേശത്തിനെതിരായ ഫലസ്തീന്‍ പോരാട്ടം, പാശ്ചാത്യ മേധാവിത്വത്തിനെതിരായി ഇറാന്‍ നടത്തുന്ന വെല്ലുവിളി, സാംസ്‌കാരികവും രാഷ്ട്രീയവുമായ സ്വയംഭരണത്തിനായുള്ള ടിബറ്റന്‍ ജനതയുടെ പോരാട്ടം... അത്തരം വിഷയങ്ങളില്‍ നിലപാട് തുറന്നു പറയാന്‍ നമുക്ക് സാധിക്കുന്നില്ല. നാം പിറകോട്ട് സഞ്ചരിക്കുകയാണ്.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം. ദക്ഷിണേഷ്യയിലെ പ്രബല ശക്തി. സമാധാനവും ചേരിചേരാ നയവും നയമായി സ്വീകരിച്ച രാജ്യം. ആഗോള വിഷയങ്ങളില്‍ വ്യക്തമായ നിലപാടുണ്ടായിരുന്ന രാജ്യം. സ്വാതന്ത്ര്യം നേടിയ തൊട്ടടുത്ത വര്‍ഷങ്ങളില്‍ രാജ്യത്തെ നാനാത്വത്തെ ചേര്‍ത്തുപിടിക്കുന്ന ഭരണഘടന തയ്യാറാക്കി ലോകത്തിനു മുമ്പില്‍ രാജ്യം തലയുയര്‍ത്തി നിന്നു. തുടര്‍ന്ന് ദുഷ്‌കരമെന്നു കരുതിയിരുന്ന പൊതുതിരഞ്ഞെടുപ്പ് നടത്തി. സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പിലൂടെ രാജ്യം ആര് ഭരിക്കണമെന്ന് ജനം തീരുമാനിച്ചു. അവിടെയും ഇന്ത്യ ലോകത്തിനു മുമ്പില്‍ മാതൃകയായി. സാമ്പത്തിക വിഭവവും സൈനിക ശേഷിയും ശക്തമല്ലാതിരുന്നിട്ടും ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ നേതൃത്വത്തില്‍ രാജ്യം മുന്നേറി. ആ മുന്നേറ്റം തുടരുന്നുണ്ടെങ്കിലും ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ഇന്ത്യ ചെറുതാകുകയാണ്.
ഓപറേഷന്‍ സിന്ദൂറിനെ തുടര്‍ന്ന് അന്താരാഷ്ട്രതലത്തില്‍ പാകിസ്താനെ ഒറ്റപ്പെടുത്തുന്നതിനും ഇന്ത്യയുടെ ശക്തി ബോധ്യപ്പെടുത്തുന്നതിനുമായി ഏഴ് ഗ്രൂപ്പുകളായി പാര്‍ലിമെന്റ് അംഗങ്ങള്‍ ഉള്‍പ്പെടെ 51 സംഘത്തെ വിദേശ രാജ്യങ്ങളിലേക്ക് പറഞ്ഞയച്ചു. പാകിസ്താന്‍ ഭീകര സംഘടനകളെ സംരക്ഷിക്കുന്ന വസ്തുത അവര്‍ ലോക നേതാക്കള്‍ക്കു മുമ്പില്‍ തുറന്നുകാട്ടി. പക്ഷേ അവര്‍ തിരിച്ചുവന്ന ഉടനെ ലോകം അറിഞ്ഞത് നമ്മുടെ പ്രധാനമന്ത്രിയുടെ ഉറ്റ മിത്രമായ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പാകിസ്താന്‍ സൈനിക മേധാവിയെ വൈറ്റ് ഹൗസില്‍ വിളിച്ചിരുത്തി വിരുന്നൊരുക്കിയതിനെ കുറിച്ചായിരുന്നു.
ക്വാലാലംപൂരില്‍ നടന്ന തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളുടെ കൂട്ടായ്മയായ ആസിയാന്‍ ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കാതിരുന്നത് അമേരിക്കന്‍ പ്രസിഡന്റ് ട്രംപുമായുള്ള കൂടിക്കാഴ്ച ഒഴിവാക്കാനായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു. ഇന്ത്യയെ പ്രതിനിധാനം ചെയ്ത് ഉച്ചകോടിയില്‍ പങ്കെടുത്തത് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറാണ്. ആസിയാന്‍ ഉച്ചകോടിയെ മോദി വെര്‍ച്വലായി അഭിസംബോധനം ചെയ്തു. ആഗോള രാഷ്ട്രീയത്തില്‍ ഇന്ത്യയുടെ സ്വാധീനം ബലപ്പെടുത്തുന്നതിന് ആസിയാന്‍ പോലുള്ള വേദികള്‍ അനിവാര്യമാണ്. ഇത്തരം വേദികള്‍ രാഷ്ട്രത്തലവന്മാരുമായി കൂടിക്കാഴ്ച നടത്താന്‍ കിട്ടുന്ന അവസരം കൂടിയാണ്. പ്രതിപക്ഷം ആരോപിക്കുന്നത് പോലെ ട്രംപിനെ നേരില്‍ കാണുന്നത് ഒഴിവാക്കാന്‍ വേണ്ടിയാണ് ആസിയാന്‍ ഉച്ചകോടിയില്‍ മോദി പങ്കെടുക്കാതിരുന്നതെങ്കില്‍ അത് നയതന്ത്ര രംഗത്ത് ഇന്ത്യക്ക് സംഭവിച്ച പാളിച്ചയാണ്. അന്താരാഷ്ട്ര വിഷയങ്ങളില്‍ പലപ്പോഴും ഇന്ത്യ മൗനം പുലര്‍ത്തുകയാണ്. ശീതയുദ്ധ കാലത്ത് സ്വതന്ത്രമായ വിദേശനയം മുന്നോട്ട് വെച്ച രാജ്യമായിരുന്നു ഇന്ത്യ. എന്നാല്‍ ഇപ്പോള്‍ നാം എവിടെ നില്‍ക്കുന്നു എന്ന് പറയാന്‍ നമുക്കാകുന്നില്ല. ഇസ്‌റാഈല്‍ അധിനിവേശത്തിനെതിരായ ഫലസ്തീന്‍ പോരാട്ടം, പാശ്ചാത്യ മേധാവിത്വത്തിനെതിരായി ഇറാന്‍ നടത്തുന്ന വെല്ലുവിളി, സാംസ്‌കാരികവും രാഷ്ട്രീയവുമായ സ്വയംഭരണത്തിനായുള്ള ടിബറ്റന്‍ ജനതയുടെ പോരാട്ടം… അത്തരം വിഷയങ്ങളില്‍ നിലപാട് തുറന്നു പറയാന്‍ നമുക്ക് സാധിക്കുന്നില്ല. കോളനിവത്കരിക്കപ്പെട്ടവരോടും അരികുവത്കരിക്കപ്പെട്ടവരോടും ഒപ്പം നിന്ന ചരിത്രമാണ് ഇന്ത്യക്കുള്ളത്. നാം അവിടെ നിന്ന് പിറകോട്ട് സഞ്ചരിക്കുകയാണ്.
ഇന്ത്യയും പാകിസ്താനും തമ്മിലുള്ള യുദ്ധം അവസാനിപ്പിച്ചത് താനാണെന്ന് ട്രംപ് പലതവണ ആവര്‍ത്തിച്ചിട്ടും ട്രംപിന്റെ വാദം നിരാകരിക്കാന്‍ ഒരിക്കല്‍ പോലും മോദി തയ്യാറായിട്ടില്ല. ഇന്ത്യ, റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്താന്‍ തീരുമാനിച്ച കാര്യം മോദി തന്നെ അറിയിച്ചിട്ടുണ്ടെന്ന വാദവും ട്രംപ് തുടരുകയാണ്. യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള നടപടി എന്ന നിലക്കാണ് ട്രംപ് റഷ്യയുടെ എണ്ണ ഇറക്കുമതി നിര്‍ത്തണമെന്ന് ആവശ്യപ്പെടുന്നത്.
യുദ്ധത്തിനെതിരെയുള്ള ട്രംപിന്റെ വാചകമടി നല്ല ഉദ്ദേശ്യത്തോടെയല്ലെന്നറിയാം. അദ്ദേഹത്തിന്റെ സമാധാന ദര്‍ശനം ഗാന്ധിയുടെയും നെഹ്റുവിന്റെയും മാര്‍ട്ടിന്‍ ലൂഥര്‍ കിംഗിന്റെയും കാഴ്ചപ്പാടുകളുമായി വിദൂരമായി പോലും ബന്ധമില്ലാത്തതാണ്. ട്രംപ് സമ്മര്‍ദ രാഷ്ട്രീയത്തില്‍ വിശ്വസിക്കുകയും അത് ലോകത്തിനു മേല്‍ അടിച്ചേല്‍പ്പിക്കുകയുമാണ്. ഇന്ത്യയുടെ പ്രധാനമന്ത്രിയെയും സമ്മര്‍ദത്തിന്റെ മുള്‍മുനയില്‍ നിര്‍ത്താനാണ് ട്രംപ് ശ്രമിക്കുന്നത്. പാകിസ്താന്റെ രക്ഷാകര്‍തൃത്വം ട്രംപ് ഏറ്റെടുത്തിരിക്കുകയാണ്. വ്യാപാരം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ തര്‍ക്കം നിലനില്‍ക്കുമ്പോഴും ചൈനയുമായി ചങ്ങാത്തം കൂടാന്‍ ട്രംപ് ആഗ്രഹിക്കുകയാണ്. ചൈനക്കെതിരെ ചുമത്തിയ അധിക തീരുവ കുറക്കാന്‍ റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി റദ്ദാക്കണമെന്ന് ട്രംപ് ചൈനയോട് ആവശ്യപ്പെടുന്നില്ല. റഷ്യയില്‍ നിന്ന് ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യം ചൈനയാണ്. ചൈനയും പാകിസ്താനും ട്രംപിന്റെ പ്രിയ സുഹൃത്തുക്കളാകുന്നത് ഇന്ത്യക്ക് ഗുണകരമാകില്ല. എച്ച്1 ബി വിസകളുടെ ഫീസ് വര്‍ധന ട്രംപ് ഇന്ത്യക്കേല്‍പ്പിച്ച മറ്റൊരു പ്രഹരമാണ്.
രാജ്യത്തെ പ്രധാനമന്ത്രിയെ ലോക നേതാക്കള്‍ ആദരവോടെ കാണുന്നത് ഓരോ ഇന്ത്യക്കാരന്റെയും അഭിമാനമുഹൂര്‍ത്തമായിരിക്കും. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടതും അത് പറയേണ്ടതും ഇന്ത്യന്‍ ഭരണാധികാരിയാണ്. അത് പറയാന്‍ നിങ്ങള്‍ ആര് എന്ന് ട്രംപിനോട് പ്രധാനമന്ത്രി മോദി ചോദിച്ചിരുന്നുവെങ്കില്‍ അദ്ദേഹത്തിന്റെ നെഞ്ചളവിന്റെ വലിപ്പം ലോകത്തിന് കാണിച്ചു കൊടുക്കാനുള്ള അവസരമാകുമായിരുന്നു. പാകിസ്താനുമായുള്ള യുദ്ധം അവസാനിപ്പിച്ചത് ഇന്ത്യ സ്വയമെടുത്ത തീരുമാനപ്രകാരമാണെന്ന് തുറന്നു പറഞ്ഞിരുന്നുവെങ്കില്‍ പ്രധാനമന്ത്രി മോദിയുടെ പേര് ചരിത്രത്തില്‍ രേഖപ്പെടുത്തുമായിരുന്നു. ബംഗ്ലാദേശ് യുദ്ധ സമയത്ത് പാകിസ്താനു വേണ്ടി കപ്പല്‍പ്പടയെ അയക്കാനുള്ള അമേരിക്കന്‍ പ്രസിഡന്റ് നിക്‌സന്റെ തീരുമാനത്തിനെതിരെ വിരല്‍ ചൂണ്ടിയ ഒരു പ്രധാനമന്ത്രി നമുക്കുണ്ടായിരുന്നു.
രാഷ്ട്രങ്ങളിലെ ജനാധിപത്യ സംവിധാനങ്ങളെ കുറിച്ച് നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യുന്ന സ്വീഡന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വി-ഡെം ഇന്‍സ്റ്റിറ്റ്യൂട്ട് (വെറൈറ്റീസ് ഓഫ് ഡെമോക്രസി ഇന്‍സ്റ്റിറ്റ്യൂട്ട്) തയ്യാറാക്കിയ റിപോര്‍ട്ടില്‍ നിലവിലെ സാഹചര്യം ചൂണ്ടിക്കാട്ടി ഇന്ത്യയെ സ്വേച്ഛാധിപത്യ പാത അനുകരിക്കുന്ന രാജ്യങ്ങളുടെ പട്ടികയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. വി-ഡെം ഇന്‍സ്റ്റിറ്റ്യൂട്ട് ജനാധിപത്യത്തെ വിലയിരുത്തുന്നത് തിരഞ്ഞെടുപ്പ് പങ്കാളിത്തം, അഭിപ്രായ സ്വാതന്ത്ര്യം, ഭൂരിപക്ഷം, സമവായം എന്നീ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയാണ്. ഈ കാര്യങ്ങളില്‍ ഇന്ത്യ പിറകോട്ട് പോകുന്നു എന്നാണ് റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്.
2025ലെ ലിബറല്‍ ഡെമോക്രസി സൂചികയില്‍ 179 രാജ്യങ്ങളില്‍ ഇന്ത്യ 100ാം സ്ഥാനത്താണ്. ജനാധിപത്യം, രാഷ്ട്രീയ സ്വാതന്ത്ര്യം, മനുഷ്യാവകാശങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് വാഷിംഗ്ടണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫ്രീഡം ഹൗസിന്റെ 2025ലെ റിപോര്‍ട്ടിലും ഇന്ത്യയെ കുറ്റപ്പെടുത്തുകയാണ്. ഇന്ത്യയില്‍ ജനാധിപത്യ സംവിധാനവും പൗരസ്വാതന്ത്ര്യവും നഷ്ടപ്പെടുന്നതായി റിപോര്‍ട്ട് ഉദ്ധരിക്കുന്നു. പത്രപ്രവര്‍ത്തകര്‍, എന്‍ ജി ഒകള്‍, ന്യൂനപക്ഷ വിഭാഗങ്ങള്‍ എന്നിവര്‍ക്കെതിരായ പീഡനങ്ങള്‍ വര്‍ധിച്ചുവരുന്നതായും റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ജനാധിപത്യത്തിന്റെ ദീപസ്തംഭമാണ് ഇന്ത്യയെന്ന സങ്കല്‍പ്പം ഇല്ലാതാകുകയാണ്. വോട്ടര്‍ പട്ടിക തീവ്ര പുനഃപരിശോധന (എസ് ഐ ആര്‍) തിരക്കിട്ട് നടപ്പാക്കുന്നതിലൂടെ ഇന്ത്യയെ കുറിച്ച് ലോകത്തിനുണ്ടായിരുന്ന നല്ല അഭിപ്രായം ഇല്ലാതാകുകയാണ്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടര്‍പ്പട്ടികയുമായി ബന്ധപ്പെട്ട ദുരൂഹമായ അതിവേഗ നടപടികള്‍ ലോകത്തിനു മുമ്പില്‍ ഇന്ത്യന്‍ ജനാധിപത്യത്തിനുണ്ടായിരുന്ന സത്‌പേര് ഒരിക്കല്‍ കൂടി ഇല്ലാതാക്കുകയാണ്.


