National
യു പിയില്‍ ക്വാറി അപകടം; ഒരാള്‍ മരിച്ചു, 15 പേര്‍ അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങി
സോന്‍ഭദ്ര ജില്ലയിലെ ഒബ്രയില്‍ ബില്ലി മര്‍ക്കുണ്ഡി പ്രദേശത്തുള്ള കൃഷ്ണ മൈന്‍സ് ക്വാറിയിലാണ് ദുരന്തമുണ്ടായത്.
ലക്‌നോ | ഉത്തര്‍പ്രദേശില്‍ സോന്‍ഭദ്ര ജില്ലയിലെ ഒബ്രയിലുണ്ടായ ക്വാറി അപകടത്തില്‍ ഒരാള്‍ മരിച്ചു. ഇയാളുടെ മൃതദേഹം കണ്ടെടുത്തിട്ടുണ്ട്. ക്വാറിയുടെ ഒരുഭാഗം അടര്‍ന്നു വീണാണ് അപകടം. 15 തൊഴിലാളികള്‍ അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
ബില്ലി മര്‍ക്കുണ്ഡി പ്രദേശത്തുള്ള കൃഷ്ണ മൈന്‍സ് ക്വാറിയിലാണ് ദുരന്തമുണ്ടായത്. എന്‍ ഡി ആര്‍ എഫും എസ് ഡി ആര്‍ എഫുമാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നത്. രക്ഷാപ്രവര്‍ത്തനങ്ങളെ സഹായിക്കുന്നതിനായി പ്രത്യേക പരിശീലനം ലഭിച്ച സംഘങ്ങള്‍ സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ടെന്ന് ജില്ലാ കലക്ടര്‍ ബി എന്‍ സിംഗ് അറിയിച്ചു.
യു പി സാമൂഹികക്ഷേമ സഹമന്ത്രിയും അപകടമുണ്ടായ പ്രദേശമുള്‍പ്പെടുന്ന മണ്ഡലത്തിലെ എം പിയുമായ സഞ്ജീവ് കുമാര്‍ ഗോണ്ഡ് ജില്ലയിലെ ഉന്നതോദ്യോഗസ്ഥര്‍ക്കൊപ്പം സ്ഥലം സന്ദര്‍ശിച്ചു. ഒരു ഡസനിലധികം തൊഴിലാളികള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയതായാണ് പ്രദേശത്തുകാരില്‍ നിന്ന് ലഭിക്കുന്ന വിവരമെന്നും കൃത്യമായ എണ്ണം വ്യക്തമല്ലെന്നും മന്ത്രി പറഞ്ഞു. ജില്ലാ കലക്ടര്‍, പോലീസ് സൂപ്രണ്ട് ഉള്‍പ്പെടെയുള്ളവര്‍ ദുരന്ത സ്ഥലത്തുണ്ടെന്നും കുടുങ്ങിപ്പോയവരെ രക്ഷപ്പെടുത്താന്‍ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തിവരികയാണെന്നും അദ്ദേഹം പ്രതികരിച്ചു.
#WATCH | Sonbhadra, UP | Visuals from the spot where around 15 people are feared trapped after a stone mine collapsed yesterday in Sonbhadra. NDRF and SDRF teams are at the spot. One body has been recovered. Rescue operations are underway.
(Source: NDRF) pic.twitter.com/0l7E4JL3kc
— ANI (@ANI) November 16, 2025



