Kerala
സീറ്റ് നിഷേധം; ആനന്ദിന്റെ ആത്മഹത്യക്കു പിന്നാലെ വനിതാ നേതാവ് ജീവനൊടുക്കാന്‍ ശ്രമിച്ചു, തിരുവനന്തപുരം ബി ജെ പിയില്‍ പ്രതിസന്ധി രൂക്ഷം
ആത്മഹത്യക്ക് ശ്രമിച്ചത് പാര്‍ട്ടിയിലെ വനിതാ നേതാവും നെടുമങ്ങാട് സ്വദേശിനിയുമായ ശാലിനി.
തിരുവനന്തപുരം | തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സീറ്റ് വിതരണത്തില്‍ തിരുവനന്തപുരം ബി ജെ പിയില്‍ അമര്‍ഷം പുകയുന്നു. സീറ്റ് നിഷേധിച്ചെന്ന് ആരോപിച്ച് പാര്‍ട്ടിയിലെ വനിതാ നേതാവും നെടുമങ്ങാട് സ്വദേശിനിയുമായ ശാലിനി ആത്മഹത്യക്ക് ശ്രമിച്ചു. ശാലിനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ അപകടനില തരണം ചെയ്തിട്ടുണ്ട്.
നെടുമങ്ങാട് നഗരസഭ പനയ്‌ക്കോട്ടല വാര്‍ഡില്‍ പാര്‍ട്ടി തന്നെ മത്സരിപ്പിക്കുമെന്ന് ശാലിനി പ്രതീക്ഷിച്ചിരുന്നതായാണ് വിവരം. സ്ഥാനാര്‍ഥിത്വം ലഭിക്കുമെന്ന് ഉറപ്പിച്ച് ഇവര്‍ പ്രവര്‍ത്തനവും തുടങ്ങിയിരുന്നു. എന്നാല്‍, സ്ഥാനാര്‍ഥി പട്ടിക വന്നപ്പോഴാണ് തന്നെ തഴഞ്ഞതായി മനസ്സിലാക്കിയത്. ആര്‍ എസ് എസ് നേതാക്കള്‍ വ്യക്തിഹത്യ നടത്തിയെന്ന് ശാലിനി ആരോപിച്ചു. പുറത്തിറങ്ങാന്‍ കഴിയാത്ത മട്ടില്‍ അപവാദം പറഞ്ഞു.
സ്ഥാനാര്‍ഥിയാക്കിയില്ലെന്ന് ആരോപിച്ച് ഇന്നലെ തിരുവനന്തപുരം തൃക്കണ്ണാപുരം സ്വദേശി ആനന്ദ് കെ തമ്പി ജീവനൊടുക്കിയതിനു പിന്നാലെയാണ് പുതിയ സംഭവം. സുഹൃത്തുക്കള്‍ക്കും മാധ്യമ സ്ഥാപനങ്ങളിലേക്കും വാട്‌സാപ്പിലൂടെ ആത്മഹത്യാ കുറിപ്പ് അയച്ച ശേഷമാണ് ആനന്ദ് ജീവിതം അവസാനിപ്പിച്ചത്.
തൃക്കണ്ണാപുരത്ത് തന്നെ മത്സരിപ്പിക്കാത്തതിന് പിന്നില്‍ ബി ജെ പി നേതാക്കളാണെന്നും മണ്ണ് മാഫിയക്കാരനെയാണ് സ്ഥാനാര്‍ഥിയാക്കിയതെന്നും ആത്മഹത്യാ സന്ദേശത്തില്‍ ആനന്ദ് ആരോപിച്ചിരുന്നു.




