From the print
സ്നേഹനിർഭരം, ആശയസമ്പന്നം
ഇന്ന് കോഴിക്കോട് ജില്ലയില്‍.
കണ്ണൂര്‍ | ഉത്തരദേശത്ത് നിന്ന് സ്നേഹ സമഭാവനകളുടെ ശാന്തിദൂതുമായി കണ്ണൂരിന്റെ മണ്ണിലെത്തിയ സുല്‍ത്വാനുല്‍ ഉലമ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ കേരളയാത്രക്ക് ആവേശകരമായ സ്വീകരണം. കണ്ണൂര്‍ കലക്ടറേറ്റ് മൈതാനത്ത് തടിച്ചുകൂടിയ വന്‍ പുരുഷാരത്തെ സാക്ഷിനിര്‍ത്തി കാന്തപുരം ഒരിക്കല്‍ കൂടി പ്രഖ്യാപിച്ചു ഞങ്ങള്‍ മനുഷ്യര്‍ക്കൊപ്പമെന്ന്.
രാവിലെ കാസര്‍കോടിന്റെ അതിര്‍ത്തിയായ പയ്യന്നൂരില്‍ നിന്ന് കേരളയാത്രയെ കണ്ണൂരിന്റെ ചരിത്രഭൂമിയിലേക്ക് സ്വീകരിച്ചു. സെന്റിനറി ഗാര്‍ഡ് പരേഡും നടന്നു.
വൈകിട്ട് നാലിന് കോട്ടമൈതാനത്തിന് സമീപത്ത് നിന്നാരംഭിച്ച റാലിക്ക് ശേഷം കലക്ടറേറ്റ് മൈതാനിയില്‍ ചിത്താരി കെ പി ഹംസ മുസ്ലിയാര്‍ നഗരിയിലേക്ക് ആയിരങ്ങള്‍ ഒഴുകിയെത്തി. യാത്ര ഇന്ന് കോഴിക്കോട് ജില്ലയില്‍ പ്രവേശിക്കും.
കലക്ടറേറ്റ് മൈതാനിയില്‍ നടന്ന സമ്മേളനം സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാര്‍ഥനയോടെ ആരംഭിച്ചു. കെ പി അബൂബക്കര്‍ മുസ്ലിയാര്‍ പട്ടുവം അധ്യക്ഷത വഹിച്ചു. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
സയ്യിദ് ഇബ്റാഹീം ഖലീല്‍ അല്‍ ബുഖാരി, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, മുഹമ്മദലി സഖാഫി വള്ളിയാട്, എം മുഹമ്മദ് സ്വാദിഖ് സംസാരിച്ചു.
കെ സുധാകരന്‍ എം പി, ഡെപ്യൂട്ടി മേയര്‍ കെ പി താഹിര്‍, കെ കെ രാഗേഷ്, അബ്ദുല്‍കരീം ചേലേരി, കാസിം ഇരിക്കൂര്‍ സംബന്ധിച്ചു. ഹാമിദലി മാസ്റ്റര്‍ സ്വാഗതവും ഹനീഫ് പാനൂര്‍ നന്ദിയും പറഞ്ഞു.



