Connect with us

From the print

തിരഞ്ഞെടുപ്പ് പ്രഖ്യാപനം: സൗജന്യം എത്രകാലം; വിമര്‍ശിച്ച് സുപ്രീം കോടതി

ദീര്‍ഘകാല സാമ്പത്തിക വികസനത്തെ തടസ്സപ്പെടുത്തും.

Published

|

Last Updated

ന്യൂഡല്‍ഹി | തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സംസ്ഥാന സര്‍ക്കാറുകള്‍ സൗജന്യങ്ങള്‍ പ്രഖ്യാപിക്കുന്ന പ്രവണതയെ വിമര്‍ശിച്ച് സുപ്രീം കോടതി. ഇത് രാജ്യത്തിന്റെ ദീര്‍ഘകാല സാമ്പത്തിക വികസനത്തെ തടസ്സപ്പെടുത്തുന്നതാണെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വിപുല്‍ പഞ്ചോലി എന്നിവരടങ്ങിയ ബഞ്ച് പറഞ്ഞു. 2024ലെ വൈദ്യുതി ഭേദഗതി ചട്ടങ്ങളിലെ ചട്ടം 23 ചോദ്യം ചെയ്ത് തമിഴ്നാട് പവര്‍ ഡിസ്ട്രിബ്യൂഷന്‍ കമ്പനി ലിമിറ്റഡ് സമര്‍പ്പിച്ച റിട്ട് പരിഗണിക്കുകയായിരുന്നു ബഞ്ച്. ഇത്തരമൊരു പ്രവണത എത്രകാലം തുടരുമെന്നും പണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും ഇടയില്‍ വേര്‍തിരിവില്ലാതെ ആനുകൂല്യങ്ങള്‍ നല്‍കുന്നത് പ്രീണനമല്ലാതെ മറ്റൊന്നുമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. അടുത്തിടെ ചില സംസ്ഥാനങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പുകളില്‍ എന്താണ് സംഭവിച്ചതെന്ന് അറിയാമെന്നും കോടതി പറഞ്ഞു. അവിടെ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ക്ഷേമ പദ്ധതികള്‍ പ്രഖ്യാപിച്ചു. നേരിട്ടുള്ള പണ കൈമാറ്റ പദ്ധതികള്‍ പ്രഖ്യാപിച്ചാല്‍, ആളുകള്‍ ജോലി ചെയ്യാന്‍ തയ്യാറാകുമോയെന്നും കോടതി ചോദിച്ചു.

സംസ്ഥാന സര്‍ക്കാര്‍ വൈദ്യുതി ബില്ല് ഏറ്റെടുക്കുന്നതിനെ എങ്ങനെ അംഗീകരിക്കാനാകുമെന്നും തമിഴ്‌നാട് സര്‍ക്കാറിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഗോപാല്‍ സുബ്രഹ്മണ്യത്തോട് ബഞ്ച് ചോദിച്ചു.

പ്രീണന നയം
പൊതുതാത്പര്യം ഉദ്ദേശിച്ചാണോ സംസ്ഥാന സര്‍ക്കാര്‍ ഇതെല്ലാം ഏറ്റെടുക്കുന്നത്. സൗജന്യങ്ങള്‍ കാരണം, രാജ്യം മൊത്തം പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നു. തമിഴ്നാടിനെക്കുറിച്ച് മാത്രമല്ല, മുഴുവന്‍ ഇന്ത്യയെക്കുറിച്ചാണ് പറയുന്നത്. എന്ത് തരത്തിലുള്ള സംസ്‌കാരമാണ് വളര്‍ത്തിയെടുക്കുന്നത്? വൈദ്യുതി ബില്ല് അടയ്ക്കാന്‍ കഴിവുള്ള വ്യക്തികളും പാര്‍ശ്വവത്കരിക്കപ്പെട്ട വ്യക്തികളും തമ്മിലുള്ള വ്യത്യാസം എന്താണ്? ക്ഷേമരാഷ്ട്രം എന്ന നിലയില്‍, പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്ക് ആശ്വാസം നല്‍കാന്‍ ആഗ്രഹിക്കുന്നത് മനസ്സിലാക്കാം. പണമുള്ളവനും പണമില്ലാത്തവനും തമ്മില്‍ വ്യത്യാസം കാണിക്കാതെ, ആനുകൂല്യങ്ങള്‍ നല്‍കാന്‍ തുടങ്ങിയാല്‍, അത് ഒരുതരം പ്രീണന നയമാകില്ലേയെന്ന് ബഞ്ച് ചോദിച്ചു.

വരുമാനം മിച്ചമുള്ള സംസ്ഥാനമാണെങ്കില്‍ പോലും, ആ തുക പൊതുജനങ്ങളുടെ വികസനത്തിനും റോഡുകള്‍, ആശുപത്രികള്‍, സ്‌കൂളുകള്‍ എന്നിവയുടെ വികസനത്തിനും വേണ്ടി ചെലവഴിക്കേണ്ടത് സര്‍ക്കാറുകളുടെ ബാധ്യതയല്ലേ. അതിനുപകരം, ഭക്ഷണം, വസ്ത്രങ്ങള്‍ എന്നിവ സൗജന്യമായി വിതരണം ചെയ്യുന്നത് തുടരുന്നു. തിരഞ്ഞെടുപ്പ് സമയത്ത് ആളുകള്‍ ഇത് ആസ്വദിക്കുന്നു. രാജ്യത്ത് എന്താണ് സംഭവിക്കുന്നത്? വിദ്യാഭ്യാസം നേടാന്‍ കഴിയാത്ത കുട്ടികള്‍ക്ക് സംസ്ഥാനം സൗകര്യം നല്‍കണം. അത് സംസ്ഥാനത്തിന്റെ കടമയാണ്. എന്നാല്‍, ഏത് തരത്തിലുള്ള സൗജന്യവും ആദ്യം സമ്പന്നരുടെ പോക്കറ്റിലേക്ക് വരുന്നു. ഈ നയ ചട്ടക്കൂടുകള്‍ സംസ്ഥാനങ്ങള്‍ പുനഃപരിശോധിക്കേണ്ട സമയമല്ലേയെന്നും കോടതി ചോദിച്ചു.

ലാഭം കൊയ്യാന്‍ കോടതി ഒരു സംസ്ഥാന സ്ഥാപനത്തോടും നിര്‍ദേശിക്കുന്നില്ല. കുറഞ്ഞത് ചെലവുകള്‍ താങ്ങാന്‍ കഴിയുന്നവരില്‍ നിന്ന് പണം ഈടാക്കണമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. സൗജന്യ വിതരണം തുടര്‍ന്നാല്‍ രാജ്യത്തിന്റെ വികസനത്തിന് തടസ്സമാകും. സംസ്ഥാനങ്ങള്‍ അത്തരം തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളേക്കാള്‍ ദീര്‍ഘകാല വികസന പദ്ധതികളിലാണ് ശ്രദ്ധകേന്ദ്രീകരിക്കേണ്ടതെന്നും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കണമെന്നും കോടതി നിരീക്ഷിച്ചു.

സൗജന്യവുമായി ബന്ധപ്പെട്ട വിഷയം കോടതിയുടെ പരിഗണനയിലാണെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ഹരജി പരിഗണിക്കാന്‍ സമ്മതിക്കുകയും കേന്ദ്ര സര്‍ക്കാറിന് നോട്ടീസയക്കുകയും ചെയ്തു.

 

 

 

Latest