Connect with us

From the print

സി എ എ: സുപ്രീം കോടതി മേയ് അഞ്ചിന് വാദം കേള്‍ക്കും

സി എ എയുമായി ബന്ധപ്പെട്ട ഹരജികള്‍ രണ്ട് ഗ്രൂപ്പുകളായി തിരിച്ച് വാദം ഉന്നയിക്കുന്നതിനുള്ള അവസരമാണ് ഒരുക്കിയത്.

Published

|

Last Updated

ന്യൂഡല്‍ഹി | പൗരത്വ ഭേദഗതി നിയമത്തെയും (സി എ എ) അതിന്റെ ചട്ടങ്ങളെയും ചോദ്യം ചെയ്യുന്ന ഹരജികളില്‍ മേയ് അഞ്ച് മുതല്‍ സുപ്രീം കോടതി വാദം കേള്‍ക്കും. സി എ എയുമായി ബന്ധപ്പെട്ട ഹരജികള്‍ രണ്ട് ഗ്രൂപ്പുകളായി തിരിച്ച് വാദം ഉന്നയിക്കുന്നതിനുള്ള അവസരമാണ് ഒരുക്കിയത്. അസം, ത്രിപുര എന്നിവിടങ്ങളില്‍ നിന്നുള്ള ഹരജികള്‍ ഒരുകൂട്ടമായും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്നുള്ള ഹരജികള്‍ മറ്റൊന്നായുമാണ് പരിഗണിക്കുക.

അസം, ത്രിപുര സംസ്ഥാനങ്ങളില്‍ നിന്ന് സി എ എ ചോദ്യം ചെയ്തുള്ള ഹരജികളില്‍ പ്രധാനമായും ജനസംഖ്യാപരമായ മാറ്റം, എന്‍ ആര്‍ സി ബന്ധം, അസം കരാറിലെ പ്രശ്നങ്ങള്‍, തദ്ദേശീയ അവകാശങ്ങള്‍ തുടങ്ങിയ ആവശ്യങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. എന്നാല്‍, മറ്റ് ഹരജികളില്‍ മുസ്ലിംകളെ മാത്രം ഒഴിവാക്കിയത് ഉള്‍പ്പെടെയുള്ളതിന്റെ ഭരണഘടനാ സാധുതയാണ് ചോദ്യം ചെയ്തത്.

ഓരോ വിഭാഗത്തിനും സമര്‍പ്പിക്കാനുള്ള വാദങ്ങളുടെ പട്ടിക രണ്ടാഴ്ചക്കുള്ളില്‍ രജിസ്ട്രിയില്‍ സമര്‍പ്പിക്കാന്‍ നോഡല്‍ കൗണ്‍സിലുകളോട് നിര്‍ദേശിച്ചു. തുടര്‍ന്ന് സുപ്രീം കോടതി രജിസ്ട്രി അത് വേര്‍തിരിച്ച് അന്തിമ വാദം കേള്‍ക്കലിനായി പട്ടികപ്പെടുത്തും. അഞ്ചിനും ആറിന്റെ പകുതി സമയവും ഹരജിക്കാരുടെ വാദം കേള്‍ക്കും. തുടര്‍ന്ന് കേന്ദ്ര സര്‍ക്കാറിന്റെ വാദം കേള്‍ക്കും. 12ന് എതിര്‍വാദങ്ങള്‍ ഉന്നയിക്കാം.

ബംഗ്ലാദേശ്, പാകിസ്താന്‍, അഫ്ഗാനിസ്താന്‍ എന്നിവിടങ്ങളില്‍ നിന്ന് 2014 ഡിസംബര്‍ 31നോ അതിനുമുമ്പോ ഇന്ത്യയിലെത്തിയ ഹിന്ദു, ജൈന, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, പാഴ്‌സി മതവിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പൗരത്വം നല്‍കുന്നതാണ് സി എ എ. 1955ലെ പൗരത്വ നിയമത്തിലെ സെക്ഷന്‍ രണ്ടിലെ ‘അനധികൃത കുടിയേറ്റക്കാര്‍’ എന്ന നിര്‍വചനം ഭേദഗതി ചെയ്താണ് മുസ്ലിംകളല്ലാത്ത കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കാന്‍ തീരുമാനിച്ചത്. 2019 ഡിസംബര്‍ 11ന് പാര്‍ലിമെന്റ് പാസ്സാക്കിയ സി എ എക്കെതിരെ 243 ഹരജികളാണ് സുപ്രീം കോടതിയില്‍ എത്തിയത്. മുസ്ലിം ലീഗ് സമര്‍പ്പിച്ച ഹരജിയാണ് ആദ്യത്തേത്.

 

 

---- facebook comment plugin here -----

Latest