National
രാഹുല്‍ ഗാന്ധിയെയും 25 പ്രതിപക്ഷ എം പിമാരെയും വെടിവച്ചു കൊല്ലുമെന്ന് ഭീഷണി; കര്‍ണിസേനാ വക്താവ് അറസ്റ്റില്‍
തീവ്ര വലതുപക്ഷ സംഘടനയായ കര്‍ണിസേനയുടെ വക്താവ് രാജ് സിങിനെയാണ് രാജസ്ഥാനിലെ കോട്ടയില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്.
ന്യൂഡല്‍ഹി | ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളക്കെതിരെ സംസാരിച്ചതിന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെയും 25 പ്രതിപക്ഷ എം പിമാരെയും വെടിവെച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയയാള്‍ അറസ്റ്റില്‍. തീവ്ര വലതുപക്ഷ സംഘടനയായ കര്‍ണിസേനയുടെ വക്താവ് രാജ് സിങിനെയാണ് രാജസ്ഥാനിലെ കോട്ടയില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്. സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയായിരുന്നു ഭീഷണി.
പാര്‍ലമെന്റില്‍ ബജറ്റ് സമ്മേളനത്തിനിടെ രാഹുല്‍ ഗാന്ധിയും പ്രതിപക്ഷത്തെ 25 എംപിമാരും ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ലയെ അധിക്ഷേപിച്ച് സംസാരിച്ചതില്‍ ബി ജെ പിയുടെയും കര്‍ണിസേനയുടെയും പ്രവര്‍ത്തകര്‍ കുപിതരാണെന്നും ഇനി ഇത്തരമൊരു സംഭവമുണ്ടായാല്‍ എം പിമാരുടെ വീടുകളില്‍ കയറി അടിച്ചു തകര്‍ക്കുമെന്നും വീഡിയോയില്‍ പറയുന്നു.
രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശപ്രകാരമാണ് ഇതെല്ലാം നടക്കുന്നതെന്ന് ഞങ്ങള്‍ക്കറിയാമെന്നും രാഹുല്‍ ഗാന്ധീ, ശ്രദ്ധിച്ച് കേള്‍ക്കൂ ഇത്തരമൊരു സംഭവം വീണ്ടും ഉണ്ടായാല്‍ ഞങ്ങള്‍ നിങ്ങളുടെ വീട്ടില്‍ക്കയറി താങ്കളെ വെടിവെക്കുമെന്നും മറ്റും വീഡിയോയിലുണ്ട്.


