Kerala
'കേരള സ്റ്റോറി 2'; സിനിമക്കെതിരെ ശക്തമായ പ്രചാരണത്തിനൊരുങ്ങി എസ് എഫ് ഐ
നാളെ തിരുവനന്തപുരം മാനവീയം വീഥിയില്‍ പൊറോട്ടയും ബീഫും വിളമ്പിയാണ് പ്രചാരണത്തിന് തുടക്കമിടുന്നത്. 'നല്ല ചൂട് പൊറോട്ടയും ബീഫും' എന്ന പേരിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
തിരുവനന്തപുരം | കേരളത്തെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ ചിത്രീകരിച്ച കേരള സ്റ്റോറി 2 സിനിമക്കെതിരെ ശക്തമായ പ്രചാരണ പരിപാടിക്കൊരുങ്ങി എസ് എഫ് ഐ. നാളെ തിരുവനന്തപുരം മാനവീയം വീഥിയില്‍ പൊറോട്ടയും ബീഫും വിളമ്പിയാണ് പ്രചാരണത്തിന് തുടക്കമിടുന്നത്. ‘നല്ല ചൂട് പൊറോട്ടയും ബീഫും’ എന്ന പേരിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. നാളത്തെ പരിപാടിയില്‍ സംഘടനയുടെ സംസ്ഥാന സെക്രട്ടറിയും പ്രസിഡന്റും പങ്കെടുക്കും. തലസ്ഥാനത്തെ പരിപാടിക്കു ശേഷം സംസ്ഥാനത്തെ എല്ലാ ക്യാമ്പസുകളിലും പരിപാടി സംഘടിപ്പിക്കാനും എസ് എഫ് ഐ തീരുമാനിച്ചിട്ടുണ്ട്.
അതിനിടെ, ചിത്രത്തിന്റെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂര്‍ ചിറ്റാരിപ്പറമ്പ് സ്വദേശി ശ്രീദേവ് നമ്പൂതിരി കേരള ഹൈക്കോടതിയില്‍ ഹരജി നല്‍കിയിട്ടുണ്ട്. ഹരജിയില്‍ സെന്‍സര്‍ ബോര്‍ഡിന് ഹൈക്കോടതി നോട്ടീസ് നല്‍കി. നിര്‍മാതാക്കളായ സണ്‍ഷൈന്‍ പിക്‌ചേഴ്‌സും മറുപടി നല്‍കണം. ഹരജി ഹൈക്കോടതി വരുന്ന ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.
2023 ല്‍ പുറത്തിറങ്ങിയ കേരള സ്റ്റോറിയുടെ ഒന്നാം ഭാഗം കടുത്ത പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ട്രെയ്‌ലര്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ചിത്രത്തിനെതിരെ രൂക്ഷ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയനെ കൂടാതെ മന്ത്രിമാരായ ശിവന്‍കുട്ടിയും സജി ചെറിനായും മറ്റും രംഗത്തെത്തിയിട്ടുണ്ട്.


