From the print
കേള്‍വി ഇല്ലാത്തവരെ ചേര്‍ത്തുപിടിച്ച് ആംഗ്യഭാഷാ പ്രഭാഷണം
കേരളയാത്രയിലെ മുഴുവന്‍ പ്രഭാഷണങ്ങള്‍ ശ്രവണശേഷിയില്ലാത്തവര്‍ക്കും അറിയാനാണ് ആംഗ്യഭാഷാ സംവിധാനം ഒരുക്കിയത്. ആംഗ്യഭാഷയില്‍ വിദഗ്ധനായ അബ്ദുല്‍ ഗഫൂര്‍ സഖാഫി പാക്കണയുടെ നേതൃത്വത്തിലുള്ള സംഘം ഇതിനായുണ്ട്.
കണ്ണൂര്‍ | കാന്തപുരം ഉസ്താദിന്റെ നേതൃത്വത്തില്‍ നടക്കുന്ന മൂന്നാം കേരളയാത്രയില്‍ ‘മനുഷ്യര്‍ക്കൊപ്പം’ എന്ന പ്രമേയം അന്വര്‍ഥമാക്കി ആംഗ്യഭാഷാ പ്രഭാഷണവും. കേരളയാത്രയിലെ മുഴുവന്‍ പ്രഭാഷണങ്ങള്‍ ശ്രവണശേഷിയില്ലാത്തവര്‍ക്കും അറിയാനാണ് ആംഗ്യഭാഷാ സംവിധാനം ഒരുക്കിയത്. ആംഗ്യഭാഷയില്‍ വിദഗ്ധനായ അബ്ദുല്‍ ഗഫൂര്‍ സഖാഫി പാക്കണയുടെ നേതൃത്വത്തിലുള്ള സംഘം ഇതിനായുണ്ട്. ഗൂഡല്ലൂര്‍ പാക്കണ സ്വദേശിയായ ഗഫൂര്‍ സഖാഫി അഞ്ച് വര്‍ഷം മഅ്ദിനിന് കീഴിലെ സ്ഥാപനത്തില്‍ അധ്യാപകനായിരുന്നു. മര്‍കസ് ശരീഅത്ത് കോളജില്‍ പഠിക്കുമ്പോള്‍ വിദ്യാര്‍ഥി സമാജത്തിന്റെ കീഴിലുള്ള ദഅ്വാ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് ആംഗ്യഭാഷയും സ്വായത്തമാക്കിയത്. യാത്രക്കിടയിലും മറ്റും കണ്ടുമുട്ടുന്ന ശ്രവണശേഷിയില്ലാത്തവരുമായി ആശയവിനിമയം നടത്തി ആ ഭാഷയില്‍ പ്രാവീണ്യം നേടി. കണ്ണൂര്‍ ജില്ലയിലെ കണ്ണവം ഹയാത്തുല്‍ ഇസ്ലാം മദ്റസയില്‍ അധ്യാപകനും സ്ഥലം ഖത്വീബുമായ ഇദ്ദേഹം സംസാരശേഷി ഇല്ലാത്തവരുടെ നികാഹിന് കാര്‍മിത്വം വഹിക്കാറുണ്ട്. ശ്രവണശേഷി ഇല്ലാത്തവരുടെ
പഠനത്തിനും മറ്റുമായി എസ് വൈ എസ് സംസ്ഥാന കമ്മിറ്റിക്ക് കീഴില്‍ പ്രവര്‍ത്തിച്ചുവരുന്ന ‘ട്യൂണ്‍ ഓഫ് സൈലന്റി’ലും ഇദ്ദേഹത്തിന്റെ സേവനമുണ്ട്.
മലയാളം, തമിഴ്, അറബി, ഉറുദു, ഇംഗീഷ് ഭാഷകളിലും പ്രാവീണ്യം നേടിയിട്ടുണ്ട്. അസ് ലം സഖാഫി വയനാട്, അബ്ദുര്‍റഹ്മന്‍ എന്നിവരും ഇദ്ദേഹത്തോടൊപ്പമുണ്ട്.



