Connect with us

International

പാകിസ്താനെതിരായ പോരാട്ടം; ഇന്ത്യയുടെ പിന്തുണ തേടി ബലൂച് നേതാവ്

ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറിനുള്ള തുറന്ന കത്തിലാണ് മിര്‍ യാര്‍ പിന്തുണ അഭ്യര്‍ഥിച്ചത്.

Published

|

Last Updated

ക്വറ്റ | പാകിസ്താനെതിരായ പോരാട്ടത്തില്‍ ഇന്ത്യയുടെ പിന്തുണ അഭ്യര്‍ഥിച്ച് ബലൂച് നേതാവ് മിര്‍ യാര്‍ ബലൂച്. ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറിനുള്ള തുറന്ന കത്തിലാണ് മിര്‍ യാര്‍ പിന്തുണ തേടിയത്. ‘റിപബ്ലിക് ഓഫ് ബലൂചിസ്ഥാനു’മായി ഇന്ത്യ കൂടുതല്‍ സഹകരിക്കണമെന്ന് പുതുവത്സര ദിനത്തില്‍ ‘എക്സി’ലൂടെ പങ്കുവെച്ച കത്തില്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ടാഗ് ചെയ്തു കൊണ്ടുള്ളതാണ് കത്ത്.

ഇന്ത്യയിലെ ജനങ്ങള്‍ക്ക് പുതുവത്സര ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് കത്ത്. പാക് ഭീകര പ്രവര്‍ത്തനങ്ങള്‍ക്കെതിരെ മോദി സര്‍ക്കാര്‍ കൈക്കൊള്ളുന്ന നടപടികളെ മിര്‍ യാര്‍ പ്രശംസിച്ചു. പഹല്‍ഗാം കൂട്ടക്കൊലക്ക് തിരിച്ചടിയായി ഓപറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യ തിരിച്ചടിച്ചതിനെയും അദ്ദേഹം അഭിനന്ദിച്ചു.

ഹിംഗോള്‍ നാഷണല്‍ പാര്‍ക്കില്‍ സ്ഥിതി ചെയ്യുന്ന നാനി മന്ദിര്‍ എന്നും അറിയപ്പെടുന്ന ഹിംഗ്ലജ് മാതാ ക്ഷേത്രം രണ്ട് പ്രദേശങ്ങള്‍ തമ്മിലുള്ള ചരിത്രപരവും സാംസ്‌കാരികവും ആത്മീയവുമായ ബന്ധങ്ങളുടെ പ്രതീകമാണെന്ന് മിര്‍ യാര്‍ പറഞ്ഞു. ഇന്ത്യയും ബലൂചിസ്ഥാനും തമ്മില്‍ നിലനില്‍ക്കുന്ന ആഴത്തിലുള്ള ബന്ധത്തിന് തെളിവാണിത്.

പാകിസ്താനും ചൈനയും തമ്മിലുള്ള തന്ത്രപരമായ സഖ്യത്തെ ഗുരുതരവും ആസന്നവുമായ അപകടം എന്നാണ് കത്തില്‍ വിശേഷിപ്പിച്ചിട്ടുള്ളത്. ചൈന-പാകിസ്താന്‍ സാമ്പത്തിക ഇടനാഴി അവസാന ഘട്ടത്തിലാണ്. പ്രാദേശിക പ്രതിരോധം ഇല്ലാതായാല്‍ ചൈനക്ക് ബലൂചിസ്ഥാനില്‍ സൈനികരെ വിന്യസിക്കാനാകുമെന്ന ആശങ്കയും കത്തില്‍ പ്രകടിപ്പിച്ചിട്ടുണ്ട്. ബലൂചിസ്ഥാന് മാത്രമല്ല ഇന്ത്യയുടെ സുരക്ഷക്കും ഇത് പ്രത്യക്ഷ വെല്ലുവിളിയാകും. പാകിസ്താന്റെ പതിറ്റാണ്ടുകളായുള്ള അധിനിവേശ നടപടികള്‍, സര്‍ക്കാര്‍ സ്പോണ്‍സേഡ് അക്രമങ്ങള്‍ തുടങ്ങിയവെ കുറിച്ചും കത്തില്‍ പരാമര്‍ശമുണ്ട്.

 

Latest