From the print
സമുദായ നേതാക്കള്‍ വര്‍ഗീയത പറയരുത്: കാന്തപുരം
ജനാധിപത്യത്തിലും സൗഹൃദത്തിലും വിശ്വസിക്കുന്നവരാണ് കേരള ജനത. മതസൗഹാര്‍ദം ഇല്ലാതാക്കി മനുഷ്യരെ അകറ്റാനുള്ള ശ്രമം കേരളം തള്ളിക്കളയണം. നാം മനുഷ്യരാവണം.
കണ്ണൂർ നഗരത്തിൽ കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ ഭാരവാഹികൾ ചേർന്ന് കേരളയാത്രക്ക് നൽകിയ സ്വീകരണം
കണ്ണൂര്‍ | സമുദായ നേതാക്കള്‍ വര്‍ഗീയത പറയരുതെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍. നാടിന്റെ സാമൂഹികാന്തരീക്ഷത്തെ അത് അപകടപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച കേരളയാത്രക്ക് കണ്ണൂര്‍ കലക്ടറേറ്റ് മൈതാനിയില്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു കാന്തപുരം ഉസ്താദ്.
ജനാധിപത്യത്തിലും സൗഹൃദത്തിലും വിശ്വസിക്കുന്നവരാണ് കേരള ജനത. മതസൗഹാര്‍ദം ഇല്ലാതാക്കി മനുഷ്യരെ അകറ്റാനുള്ള ശ്രമം കേരളം തള്ളിക്കളയണം. ഇത് ജനാധിപത്യ സമൂഹത്തിനു ഒരു നിലക്കും അംഗീകരിക്കാനാകില്ല. നാം മനുഷ്യരാവണം. മനുഷ്യനാകുന്നതിന് വലിയ അര്‍ഥങ്ങളുണ്ട്. ചേര്‍ന്നുനില്‍ക്കാനും ചേര്‍ത്തുനിര്‍ത്താനും നമുക്കാവണം. വളരെ സൂക്ഷിച്ചു വേണം വാക്കുകള്‍ ഉപയോഗിക്കാന്‍. സമൂഹത്തില്‍ വലിയ സ്ഥാനവും ബഹുമാനവുമുള്ളവര്‍ വാക്കിലും പ്രയോഗങ്ങളിലും കരുതലുള്ളവരാകണം.
നമ്മുടെ ഒരു പ്രയോഗം കൊണ്ട് സമൂഹത്തില്‍ ചിദ്രത ഉണ്ടാകാനിട വരരുത്. ഭൗതികവും ആത്മീയവുമായ വളര്‍ച്ചയിലൂടെയാണ് മനുഷ്യന്‍ സമൂഹത്തില്‍ ഉന്നതനാകുന്നതെന്നും കാന്തപുരം പറഞ്ഞു.



