Articles
വ്യാപാര കരാർ പുനഃപരിശോധിക്കാൻ ഇതാണ് സമയം
ചര്‍ച്ച പുനരാരംഭിക്കുമ്പോള്‍ ഇന്ത്യയായിരിക്കണം നിബന്ധനകള്‍ വെക്കേണ്ടത്. ഇന്ത്യന്‍ കര്‍ഷകരെ സംരക്ഷിക്കുന്ന തരത്തില്‍ കരാര്‍ പുനഃക്രമീകരിക്കണമെന്ന് ശഠിക്കണം. എവിടെ നിന്ന് എണ്ണ വാങ്ങണമെന്ന് തീരുമാനിക്കാനുള്ള അവകാശം ഇന്ത്യക്ക് വേണം. യു എസല്ല ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ വ്യാപാര ദിശ നിര്‍ണയിക്കേണ്ടത്.
യു എസുമായുള്ള നിര്‍ദിഷ്ട വ്യാപാര കരാറിലെ കര്‍ഷക ദ്രോഹത്തിനെതിരെ അതിശക്തമായ സമരത്തിലേക്ക് രാജ്യം നീങ്ങുകയാണ്. പ്രതിപക്ഷ കൂട്ടായ്മക്ക് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ്സും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും പ്രക്ഷോഭത്തിന് തയ്യാറെടുക്കുകയാണ്. ഇതിന് മുന്നോടിയായി ഇന്നലെ ഭോപാലില്‍ കോണ്‍ഗ്രസ്സ് നേതൃത്വത്തിൽ കിസാൻ പഞ്ചായത്ത് ചേരുകയുണ്ടായി. വ്യാപാര കരാറില്‍ നിന്ന് പിന്‍വാങ്ങും വരെ സമരപാതയില്‍ തുടരുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ചയടക്കമുള്ള കര്‍ഷക സംഘടനകളും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യയില്‍ നിന്ന് യു എസിലേക്ക് കയറ്റിയയക്കുന്ന ഉത്പന്നങ്ങള്‍ക്ക് മേല്‍ ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച പ്രതികാരച്ചുങ്കത്തില്‍ വിട്ടുവീഴ്ച മുന്നോട്ടുവെച്ചിരുന്ന വ്യാപാര കരാര്‍ അനിശ്ചിതത്വത്തിലായ സാഹചര്യത്തില്‍ ഈ പ്രക്ഷോഭം ഏറെ പ്രസക്തമാണ്.
സര്‍വത്ര ആശയക്കുഴപ്പത്തിലാണ് ട്രംപിന്റെ വ്യാപാര നയം. ഇന്ത്യക്ക് മേല്‍ ചുമത്തിയ നികുതി 18 ശതമാനമായി നിശ്ചയിച്ച വ്യാപാര കരാറില്‍ അന്തിമ ധാരണയിലെത്തി ദിവസങ്ങള്‍ പിന്നിട്ടപ്പോഴാണല്ലോ യു എസ് സുപ്രീം കോടതി ട്രംപിന്റെ തീരുവ നയം തീര്‍ത്തും നിയമവിരുദ്ധമാണെന്ന് ഭൂരിപക്ഷ വിധി പുറപ്പെടുവിച്ചത്. ഈ മാസം 21ലെ വിധി യു എസ് നീതിന്യായ വ്യവസ്ഥയുടെ മൂന്ന് തലങ്ങള്‍ നടത്തിയ സമഗ്ര പരിധോധനക്ക് ശേഷം പുറപ്പെടുവിച്ചതാണെന്ന സവിശേഷതയുണ്ട്. ആദ്യം യു എസ് കോര്‍ട്ട് ഓഫ് ഇന്റര്‍നാഷനല്‍ ട്രേഡ് പുറപ്പെടുവിച്ച വിധി അപ്പീല്‍ കോടതിയും സുപ്രീം കോടതിയും ശരിവെക്കുകയായിരുന്നു. ഈ കോടതികളെല്ലാം പരിശോധിച്ചത് രണ്ട് കാര്യങ്ങളാണ്. ഇങ്ങനെ ഏകപക്ഷീയ തീരുവ ചുമത്താന്‍ പ്രസിഡന്റിന് അധികാരമുണ്ടോ? പ്രസിഡന്‍ഷ്യല്‍ അധികാരം മറ്റ് രാജ്യങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കാനാകുമോ? ഈ രണ്ട് കാര്യങ്ങളിലും “സാധ്യമല്ല’ എന്ന ഖണ്ഡിതമായ ഉത്തരമാണ് യു എസ് പരമോന്നത കോടതി നല്‍കിയത്. ട്രംപിന്റെ അമിതാധികാര പ്രവണതക്കേറ്റ കനത്ത പ്രഹരമായിരുന്നു വിധി. 1977ലെ ഇന്റര്‍നാഷനല്‍ എമര്‍ജന്‍സി ഇക്കണോമിക് പവേഴ്‌സ് ആക്ട് (ഐ ഇ ഇ പി എ) പ്രകാരമുള്ള അധികാരമാണ് ട്രംപ് പ്രയോഗിച്ചതെന്ന വാദം കോടതി അംഗീകരിച്ചില്ല. ഈ നിയമത്തിന്റെ പരിധിയില്‍ വരുന്ന തീരുമാനങ്ങളല്ല ട്രംപ് കൈക്കൊണ്ടത്. യു എസ് കോണ്‍ഗ്രസ്സിന്റെ അനുമതിയില്ലാതെ മറ്റു രാജ്യങ്ങള്‍ക്കു മേല്‍ നികുതി ചുമത്താന്‍ ട്രംപിന് അധികാരമില്ല. അസാധാരണവും അതിശക്തവുമായ ഭീഷണിയുടെ ഘട്ടത്തില്‍ ഉപരോധമടക്കമുള്ള നടപടികള്‍ സ്വീകരിക്കാനാണ് ഈ നിയമമെന്നും കോടതി ചൂണ്ടിക്കാട്ടി. അത്യാവശ്യ ഘട്ടത്തില്‍ പോലും മറ്റ് രാജ്യങ്ങളുമായുള്ള വ്യാപാരം നിയന്ത്രിക്കാന്‍ യു എസ് കോണ്‍ഗ്രസ്സിന് മാത്രമേ അധികാരമുള്ളൂ. ഇങ്ങനെ സ്വന്തം നാട്ടിലെ കോടതികള്‍ തള്ളിപ്പറഞ്ഞ, ഒട്ടും വാക്കിന് വിലയില്ലാത്ത ഒരു പ്രസിഡന്റുമായി കൃത്യമായ വിലപേശലില്ലാത്ത കരാറിന് ഇന്ത്യ തലവെച്ച് കൊടുക്കണമായിരുന്നോ? പ്രതികാരച്ചുങ്കം യു എസ് സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെ എന്തിനാണ് തിടുക്കപ്പെട്ട് കരാര്‍ അന്തിമമാക്കാന്‍ പോയത്? അല്‍പ്പം വൈകിച്ചിരുന്നുവെങ്കില്‍ ട്രംപിന് മുമ്പില്‍ കെഞ്ചുന്നത് ഒഴിവാക്കാമായിരുന്നില്ലേ?
യു എസ് സുപ്രീം കോടതി വിധിയോടെ പ്രതികാരച്ചുങ്കം എന്ന ഏര്‍പ്പാട് തന്നെ അസാധുവായി. ഒപ്പം അത് വെച്ച് ഭീഷണിപ്പെടുത്തി കൊണ്ടുവന്ന വ്യാപാര കരാറുകളുടെ കാറ്റും പോയി. കോടതി വിധി വന്നതിന് പിറകെ തന്റെ പ്രസിഡന്‍ഷ്യല്‍ അധികാരമുപയോഗിച്ച് ആഗോള തീരുവ 150 ദിവസത്തേക്ക് 10 ശതമാനമായി പ്രഖ്യാപിച്ച ട്രംപ് മണിക്കൂറുകള്‍ക്കകം അത് 15 ആക്കി. ഒടുവില്‍ അത് 10 ശതമാനമാക്കി. ഓരോ ഉത്പന്നത്തിന്റെയും വ്യാപാരനില വെവ്വേറെ പരിശോധിച്ച് പ്രത്യേക തീരുവ ചുമത്താന്‍ പോകുകയാണെന്നും കേള്‍ക്കുന്നു. യാതൊരു സ്ഥിരതയുമില്ലാത്ത ഈ തീരുവ നയം ആഗോള വ്യാപാരത്തെ തീര്‍ത്തും അനിശ്ചിതമാക്കി തീര്‍ത്തിരിക്കുന്നു. ഉടനൊന്നും അവ്യക്തതയുടെ തിരയടങ്ങുമെന്ന് തോന്നുന്നില്ല. അതുകൊണ്ട് കരാറില്‍ നിന്ന് പിന്‍വാങ്ങാനുള്ള സുവര്‍ണാവസരമാണ് ഇന്ത്യക്ക് കൈവന്നിരിക്കുന്നത്. പ്രത്യയശാസ്ത്ര ചങ്ങാത്തത്തിന്റെ പേരില്‍ നിര്‍ദിഷ്ട കരാറുമായി മുന്നോട്ട് പോകാനാണ് കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനമെങ്കില്‍ വലിയ ദുരന്തമായിരിക്കും രാജ്യത്തിനുണ്ടാകുക. സ്വതവേ ഏകപക്ഷീയമായ കരാര്‍ യു എസ് കോടതി വിധിയോടെ തികച്ചും യുക്തിരഹിതമായിത്തീര്‍ന്നിരിക്കുന്നു. കരാര്‍ പ്രകാരം കൃഷി, ഊര്‍ജം, സാങ്കേതിക വിദ്യ തുടങ്ങിയ മേഖലകളില്‍ 50,000 കോടി ഡോളറിലധികം മൂല്യമുള്ള ഉത്പന്നങ്ങള്‍ അമേരിക്കയില്‍ നിന്ന് ഇന്ത്യ ഇറക്കുമതി ചെയ്യണം. കുറഞ്ഞ വിലക്ക് വില്‍ക്കാവുന്ന അമേരിക്കന്‍ പയര്‍ വര്‍ഗങ്ങള്‍, എണ്ണവിത്തുകള്‍, പാല്‍ ഉത്പന്നങ്ങള്‍ തുടങ്ങിയവ ഇന്ത്യയില്‍ വന്നിറങ്ങും. നമ്മുടെ കര്‍ഷകരുടെ ഉത്പന്നങ്ങള്‍ വാങ്ങാനാളില്ലാതാകും.
ഇരുരാജ്യങ്ങളുടെയും ചീഫ് നെഗോഷ്യേറ്റര്‍മാര്‍ തമ്മില്‍ വാഷിംഗ്ടണില്‍ നടത്താനിരുന്ന മൂന്ന് ദിവസത്തെ ചര്‍ച്ച മാറ്റിവെച്ചുവെന്നത് ആശാവഹമാണ്. വ്യാപാരക്കരാര്‍ ഏപ്രില്‍ മുതല്‍ പ്രാബല്യത്തില്‍ വരുമെന്നായിരുന്നു നേരത്തേ വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞത്. ഇതിന് മുന്നോടിയായുള്ള ചര്‍ച്ചകളാണ് നടക്കാനിരുന്നത്. എന്നാല്‍, സുപ്രീം കോടതിയുടെ ഉത്തരവോടെ ചര്‍ച്ച മാറ്റുകയായിരുന്നു. മാറ്റിവെച്ച ചര്‍ച്ച പുനരാരംഭിക്കുമ്പോള്‍ ഇന്ത്യയായിരിക്കണം നിബന്ധനകള്‍ വെക്കേണ്ടത്. ഇന്ത്യന്‍ കര്‍ഷകരെ സംരക്ഷിക്കുന്ന തരത്തില്‍ കരാര്‍ പുനഃക്രമീകരിക്കണമെന്ന് ശഠിക്കണം. എവിടെ നിന്ന് എണ്ണ വാങ്ങണമെന്ന് തീരുമാനിക്കാനുള്ള അവകാശം ഇന്ത്യക്ക് വേണം. യു എസല്ല ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ വ്യാപാര ദിശ നിര്‍ണയിക്കേണ്ടത്. തീരുവയടക്കമുള്ളവ രാജ്യങ്ങളുടെ കൂട്ടായ്മ നിശ്ചയിക്കുന്ന സ്ഥിതിയുണ്ടാകണം. ഇതൊന്നും യു എസ്- ഇന്ത്യ ചര്‍ച്ചയില്‍ ഉയര്‍ന്നുവരുന്നില്ലെങ്കില്‍, അദാനിയുമായി ബന്ധപ്പെടുത്തിയും മറ്റും ആരോപിക്കപ്പെടുന്ന ഗൂഢലക്ഷ്യങ്ങള്‍ മോദി സര്‍ക്കാറിനുണ്ടെന്ന് അനുമാനിക്കേണ്ടി വരും.



