Connect with us

Ongoing News

മെസ്സിയുടെ ഹിസ്റ്റോറിക് ഹാട്രിക്; ലോകകപ്പിൽ അൽജീരിയക്കെതിരെ അർജന്റീനക്ക് തകർപ്പൻ ജയം

ഹാട്രിക്കോടെ ക്ലോസെയുടെ റെക്കോർഡിനൊപ്പമെത്തി ലയണൽ മെസ്സി; തകർന്നത് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും പെലെയുടെയും വമ്പൻ റെക്കോർഡുകൾ

Published

|

Last Updated

കാൻസാസ് | ഫിഫ ലോകകപ്പിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീനക്ക് തകർപ്പൻ കിക്കോഫ്. കാൻസാസ് സിറ്റിയിലെ ജി ഇ എച്ച് എ ഫീൽഡ് അറ്റ് ആരോഹെഡ് സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരത്തിൽ അൽജീരിയയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് അർജന്റീന പരാജയപ്പെടുത്തിയത്. ക്യാപ്റ്റൻ ലയണൽ മെസ്സിയുടെ അവിസ്മരണീയമായ ഹാട്രിക് പ്രകടനമാണ് അർജന്റീനക്ക് മിന്നുന്ന വിജയം സമ്മാനിച്ചത്. ഇതോടെ പുരുഷ ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ ജർമ്മനിയുടെ ഇതിഹാസ താരം മിറോസ്ലാവ് ക്ലോസെയുടെ 16 ഗോളുകൾ എന്ന റെക്കോർഡിനൊപ്പം മെസ്സിയെത്തി.

അർജന്റീനക്കായി തൻ്റെ 200ാം അന്താരാഷ്ട്ര മത്സരം കളിച്ച 38 കാരനായ മെസ്സി, ആറ് ലോകകപ്പുകളിൽ കളിക്കുന്ന ആദ്യ ഫുട്ബോളർ എന്ന ചരിത്ര നേട്ടവും സ്വന്തമാക്കി. ഇതിഹാസ താരം പെലെയുടെ 21 വേൾഡ് കപ്പ് ഗോൾ കോൺട്രിബ്യൂഷൻ എന്ന റെക്കോർഡും മെസ്സി മറികടന്നു. നിലവിൽ 16 ഗോളുകളും 8 അസിസ്റ്റുകളുമായി 24 ഗോൾ കോൺട്രിബ്യൂഷനുകളാണ് മെസ്സിയുടെ പേരിലുള്ളത്. കൂടാതെ ലോകകപ്പിൽ ഹാട്രിക് നേടുന്ന ഏറ്റവും പ്രായം കൂടിയ താരം എന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ റെക്കോർഡും മെസ്സി സ്വന്തം പേരിലാക്കി.

69,045 കാണികൾ സാക്ഷ്യം വഹിച്ച മത്സരത്തിന്റെ തുടക്കത്തിൽ അൽജീരിയ മികച്ച പ്രതിരോധമാണ് കാഴ്ചവെച്ചത്. അഞ്ചാം മിനിറ്റിൽ മെസ്സി പന്ത് വലയിലെത്തിച്ചെങ്കിലും ലൗട്ടാരോ മാർട്ടിനെസ് ഓഫ്സൈഡ് ആയതിനാൽ വി എ ആർ ഗോൾ നിഷേധിച്ചു. തൊട്ടുപിന്നാലെ അൽജീരിയയുടെ ഫാർസ് ചാബിയും ഗോൾ നേടിയെങ്കിലും അതും ഓഫ്സൈഡ് വിധിക്കപ്പെട്ടു. എന്നാൽ 17ാം മിനിറ്റിൽ റോഡ്രിഗോ ഡി പോളിന്റെ അസിസ്റ്റിൽ നിന്ന് മെസ്സി അർജന്റീനയുടെ ആദ്യ ഗോൾ നേടി. ബോക്സിന് പുറത്തുനിന്നുള്ള മനോഹരമായ ഒരു കേളിംഗ് ഷോട്ടിലൂടെ സിനദിൻ സിദാന്റെ മകൻ ലൂക്ക സിദാൻ കാവൽ നിന്ന അൽജീരിയൻ പോസ്റ്റിലേക്ക് മെസ്സി പന്തെത്തിക്കുകയായിരുന്നു. 2006 ജൂൺ 16ന് സെർബിയക്കെതിരെ ആദ്യ ലോകകപ്പ് ഗോൾ നേടിയ മെസ്സിയുടെ ഈ നേട്ടം കത്യമായി 20 വർഷങ്ങൾക്ക് ശേഷമാണ് വന്നെത്തിയത്. അഞ്ച് വ്യത്യസ്ത ലോകകപ്പുകളിൽ ഗോൾ നേടുന്ന രണ്ടാമത്തെ താരം കൂടിയാണ് മെസ്സി.

രണ്ടാം പകുതിയിൽ അറുപതാം മിനിറ്റിൽ അർജ്ജന്റീന ലീഡ് ഉയർത്തി. അലക്സിസ് മാക് അലിസ്റ്ററിന്റെ ഒരു ലോങ് റേഞ്ച് ഷോട്ട് അൽജീരിയൻ ഗോൾകീപ്പർ തടുത്തുവെങ്കിലും റീബൗണ്ടിൽ നിന്ന് മെസ്സി തന്റെ രണ്ടാം ഗോൾ നേടി. തുടർന്ന് 76ാം മിനിറ്റിൽ നിക്കോളാസ് ഗോൺസാലസ് നൽകിയ പാസ് സ്വീകരിച്ച് ബോക്സിന് തൊട്ടുപുറത്തുനിന്നുള്ള തകർപ്പൻ ഇടങ്കാലൻ ഷോട്ടിലൂടെ മെസ്സി തന്റെ ഹാട്രിക് പൂർത്തിയാക്കി. അൽജീരിയ മത്സരത്തിൽ മികച്ച കളി പുറത്തെടുക്കുകയും പന്തടക്കത്തിൽ ഒപ്പത്തിനൊപ്പം നിൽക്കുകയും ചെയ്തെങ്കിലും അർജന്റീനൻ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസിനെ പരീക്ഷിക്കാൻ പോന്ന ഒരു ഷോട്ട് പോലും ലക്ഷ്യത്തിലേക്ക് ഉതിർക്കാൻ അവർക്കായില്ല.

ഗ്രൂപ്പ് ജെയിൽ ഓസ്ട്രിയ, ജോർദാൻ എന്നിവർക്കെതിരെയാണ് അർജന്റീനയുടെ അടുത്ത മത്സരങ്ങൾ.

Content Highlights

Lionel Messi celebrated his 200th appearance with a historic hat-trick as defending champions Argentina beat Algeria 3-0 in their FIFA World Cup opener. Messi equaled Miroslav Klose’s record of 16 World Cup goals and surpassed Pele’s tournament goal contributions record.

Latest