Connect with us

Ongoing News

യു എ ഇ-ഇന്ത്യ വിമാനക്കൂലി കുതിച്ചുയരുന്നു; പ്രവാസികള്‍ക്ക് വേനലവധി യാത്ര ദുഷ്‌കരം

ചില റൂട്ടുകളില്‍ ഒരാള്‍ക്ക് 9,000 ദിര്‍ഹത്തിലധികം. നാലംഗ കുടുംബത്തിന് യാത്ര ചെയ്യാന്‍ ലക്ഷങ്ങള്‍ വേണം.

Published

|

Last Updated

ദുബൈ | സ്‌കൂള്‍ വേനലവധിക്കാലത്ത് നാട്ടിലേക്ക് പോകാന്‍ ആഗ്രഹിക്കുന്ന യു എ ഇയിലെ പ്രവാസി കുടുംബങ്ങള്‍ക്ക് കനത്ത തിരിച്ചടിയായി വിമാന ടിക്കറ്റ് നിരക്കുകള്‍ കുതിച്ചുയരുന്നു. അവസാന നിമിഷം ടിക്കറ്റ് എടുക്കുന്നവര്‍ക്ക് ചില റൂട്ടുകളില്‍ മടക്കയാത്രയടക്കമുള്ള നിരക്ക് ഒരാള്‍ക്ക് 9,250 ദിര്‍ഹം വരെയാണ് രേഖപ്പെടുത്തുന്നത്. ഇത് പ്രകാരം നാലംഗങ്ങളുള്ള ഒരു സാധാരണ കുടുംബത്തിന് നാട്ടില്‍ പോയി വരാന്‍ മാത്രം ടിക്കറ്റ് ഇനത്തില്‍ ഏകദേശം 37,000 ദിര്‍ഹത്തോളം ചെലവഴിക്കേണ്ടി വരും.

ആഗസ്റ്റ് ഒന്ന് മുതല്‍ 31 വരെയുള്ള യാത്രക്കായി ജൂണ്‍ രണ്ടാം വാരത്തില്‍ പ്രമുഖ വിമാനക്കമ്പനികളുടെ നിരക്കുകളിലാണ് വന്‍ വര്‍ധന. ഹൈദരാബാദിലേക്കാണ് ഏറ്റവും ഉയര്‍ന്ന നിരക്കുള്ളത്- ഒരാള്‍ക്ക് മടക്കടിക്കറ്റടക്കം 9,250 ദിര്‍ഹം. ഡല്‍ഹിയിലേക്ക് 9,090 ദിര്‍ഹവും കൊച്ചിയിലേക്ക് 7,800 ദിര്‍ഹവുമാണ് നിരക്ക്. അതേസമയം, ചില ബജറ്റ് എയര്‍ലൈനുകളില്‍ മുംബൈയിലേക്ക് 1,204 ദിര്‍ഹം മുതലും ചെന്നൈയിലേക്ക് 1,678 ദിര്‍ഹം മുതലും മടക്കടിക്കറ്റുകള്‍ ലഭ്യമാണ്. മുംബൈ വഴി പോകുന്നവര്‍ക്ക് താരതമ്യേന കുറഞ്ഞ ചെലവില്‍ യാത്ര സാധ്യമാകും.

വേനലവധിക്കാലത്തെ ഉയര്‍ന്ന ഡിമാന്‍ഡും സ്‌കൂള്‍ അവധിയുമാണ് ടിക്കറ്റ് നിരക്കുകള്‍ ഇത്രയധികം ഉയരാന്‍ കാരണമെന്ന് ട്രാവല്‍ രംഗത്തുള്ളവര്‍ വ്യക്തമാക്കുന്നു. സമീപകാലത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ജൂണ്‍ അവസാന വാരത്തിലും ആഗസ്റ്റിലുമുള്ള പല വിമാനങ്ങളിലെയും സീറ്റുകള്‍ ഇതിനകം തന്നെ പൂര്‍ണമായി വിറ്റഴിഞ്ഞിട്ടുണ്ട്. പ്രത്യേകിച്ച് കേരളമടക്കം ദക്ഷിണേന്ത്യന്‍ നഗരങ്ങളിലേക്കാണ് ആവശ്യക്കാര്‍ ഏറെയുള്ളതും നിരക്കുകള്‍ കുതിക്കുന്നതും.

യാത്രാച്ചെലവ് വര്‍ധനയില്‍ നിന്ന് രക്ഷപ്പെടാന്‍ പല യാത്രക്കാരും ഇപ്പോള്‍ ബദല്‍ മാര്‍ഗങ്ങള്‍ തേടുന്നുണ്ട്. യു എ ഇയില്‍ നിന്ന് കുറഞ്ഞ നിരക്കില്‍ മുംബൈയിലെത്തിയ ശേഷം അവിടെ നിന്ന് ആഭ്യന്തര വിമാന സര്‍വീസുകള്‍ വഴി സ്വന്തം നാട്ടിലേക്ക് പോകുന്ന രീതിയാണ് പലരും തിരഞ്ഞെടുക്കുന്നത്. യാത്രക്ക് കൂടുതല്‍ സമയമെടുക്കുമെങ്കിലും ഇതിലൂടെ വലിയ തുക ലാഭിക്കാന്‍ സാധിക്കുമെന്നാണ് പ്രവാസികള്‍ പറയുന്നത്. യാത്ര തിരിക്കുന്ന തീയതി അടുത്തുവരുന്തോറും സീറ്റുകളുടെ ലഭ്യത കുറയുന്നതിനാല്‍ വിമാനക്കൂലി ഇനിയും ഉയരാനാണ് സാധ്യതയെന്ന് ട്രാവല്‍ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കുന്നു.

 

Latest