Connect with us

FIFA WORLD CUP 2026

ലോക്ക്ഡ്! ബ്രസീലിനെ സമനിലയിൽ തളച്ച് മൊറോക്കോ (1-1)

1934ന് ശേഷം ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ തോറ്റിട്ടില്ലെന്ന റെക്കോർഡ് നിലനിർത്താൻ മഞ്ഞപ്പടക്ക് കഴിഞ്ഞു.

Published

|

Last Updated

ഈസ്റ്റ് റൂഥർഫോർഡ് | ഫിഫ ലോകകപ്പിൽ മുൻ ചാമ്പ്യന്മാരായ ബ്രസീലിന് നിരാശപ്പെടുത്തുന്ന തുടക്കം. മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആഫ്രിക്കൻ കരുത്തരായ മൊറോക്കോ ബ്രസീലിനെ സമനിലയിൽ തളച്ചു. ഇരു ടീമുകളും ഓരോ ഗോൾവീതം നേടി പിരിഞ്ഞു. റയൽ മാഡ്രിഡ് സൂപ്പർ താരം വിനീഷ്യസ് ജൂനിയറാണ് ബ്രസീലിന്റെ രക്ഷകനായത്.

1934ന് ശേഷം ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ തോറ്റിട്ടില്ലെന്ന റെക്കോർഡ് നിലനിർത്താൻ മഞ്ഞപ്പടക്ക് കഴിഞ്ഞു. 21ാം മിനുട്ടിൽ ഇസ്മാഈൽ സൈബാരിയിലൂടെ മൊറോക്കോയാണ് ആദ്യ ഗോൾ നേടിയത്. 32ാം മിനുട്ടിലായിരുന്നു വിനീഷ്യസിന്റെ സമനില ഗോൾ. ബ്രസീലിനായി കളിച്ച 50 മത്സരങ്ങളിൽ നിന്ന് വിനീഷ്യസിന്റെ പത്താം ഗോളായിരുന്നു ഇത്.

ആദ്യ പകുതിയിൽ ഭൂരിഭാഗം സമയവും മൊറോക്കോയാണ് കളി നിയന്ത്രിച്ചത്. കൗമാര താരം അയ്യൂബ് ബൗആദി നിയന്ത്രിച്ച മൊറോക്കൻ മധ്യനിരയെ തടയാൻ ബ്രസീലിന്റെ കാസെമിറോയും ബ്രൂണോ ഗുമിറൈസും ഏറെ ബുദ്ധിമുട്ടി. ചില പൊസിഷനുകളിൽ ബ്രസീലിന്റെ പോരായ്മകൾ വളരെ വ്യക്തമായിരുന്നു. 2022ൽ സെമിഫൈനലിലെത്തുന്ന ആദ്യ ആഫ്രിക്കൻ രാജ്യമായി മാറിയ മൊറോക്കോ ബ്രസീലിന്റെ ഈ ബലഹീനതകൾ കൃത്യമായി ചൂഷണം ചെയ്തു. ബ്രസീലിന്റെ പ്രതിരോധ നിരയെ പരീക്ഷിച്ച് മൊറോക്കോ താരങ്ങൾ തുടർച്ചയായി ഗോൾ മുഖത്തേക്ക് ഇരച്ചു കയറി. മൊറോക്കോയുടെ ഫിനിഷിംഗിലെ പോരായ്മയാണ് ഈ ഘട്ടത്തിൽ ബ്രസീലിന് രക്ഷയായത്. രണ്ടാം പകുതിയിൽ ആഞ്ചലോട്ടിയുടെ തന്ത്രപരമായ മാറ്റങ്ങൾ ബ്രസീലിന്റെ കളി മെച്ചപ്പെടുത്തി. ഒട്ടേറെ ഗോൾ അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ലക്ഷ്യം കാണാനായില്ല.

മത്സരത്തിന്റെ അവസാന ഘട്ടത്തിൽ ബ്രസീൽ ഗോൾകീപ്പർ അലിസണിന് സംഭവിച്ച ഒരു പിഴവിൽ നിന്ന് മൊറോക്കോ ഗോളിനടുത്തെത്തിയെങ്കിലും വലകുലുക്കാനായില്ല.
മത്സരത്തിൽ 54 ശതമാനം പന്താധിപത്യം നേടിയ ബ്രസീലിന് എട്ട് ഷോട്ടുകൾ പായിക്കാനേ കഴിഞ്ഞുള്ളൂ. ഇവയിൽ അഞ്ചെണ്ണം ഗോൾവലക്ക് നേരെയായിരുന്നു. ലക്ഷ്യത്തിലേക്കുള്ള നാല് ഷോട്ടുകളടക്കം മൊറോക്കോ 13 ഷോട്ടുകളുതിർത്തു. ഫൈനൽ വിസിൽ മുഴങ്ങിയപ്പോൾ വിജയം കൈവിട്ടതിന്റെ നിരാശ മൊറോക്കൻ ക്യാമ്പിൽ വ്യക്തമായിരുന്നു. ഞങ്ങൾ ജയം അർഹിച്ചിരുന്നുവെന്ന് മൊറോക്കോ കോച്ച് മുഹമ്മദ് ഔഹാബി പ്രതികരിച്ചു.

Latest