FIFA worldcup 2026
ആവേശം ഖത്വർ; സ്വിറ്റ്സർലാൻഡിനെ സമനിലയിൽ തളച്ചു (1-1)
ലെവിസ് സ്റ്റേഡിയത്തിൽ 67,966 കാണികളെ സാക്ഷിനിർത്തിയായിരുന്നു ഖത്വറിന്റെ തിരിച്ചുവരവ്
സാന്റാ ക്ലാര (കാലിഫോർണിയ) | ലോകകപ്പിൽ കരുത്തരായ സ്വിറ്റ്സർലാൻഡിനെ സമനിലയിൽ പൂട്ടി ഖത്വർ. ഗ്രൂപ്പ് ബിയിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി പിരിഞ്ഞു. കളിയവസാനിക്കാൻ നിമിഷങ്ങൾ ശേഷിക്കെ മിറോ മുംഹൈമിന്റെ (90+4) സെൽഫ് ഗോളാണ് ഖത്വറിന് സമനില സമ്മാനിച്ചത്. ഖത്വർ ക്യാപ്റ്റൻ ബൂഅലാം ഖൂഖിയുടെ തകർപ്പൻ ഹെഡർ മുഹൈമിന്റെ കാലിൽ തട്ടി പന്ത് സ്വന്തം വലയിൽ കയറുകയായിരുന്നു. സമനിലയോടെ ലോകകപ്പ് ചരിത്രത്തിലെ തങ്ങളുടെ ആദ്യ പോയിന്റും ഖത്വർ സ്വന്തമാക്കി.
ലെവിസ് സ്റ്റേഡിയത്തിൽ 67,966 കാണികളെ സാക്ഷിനിർത്തിയായിരുന്നു ഖത്വറിന്റെ തിരിച്ചുവരവ്. 17ാം മിനുട്ടിൽ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ബ്രീൽ എംബോളോയാണ് സ്വിറ്റ്സർലാൻഡിന് ലീഡ് നൽകിയത്. ഖത്വർ ഗോൾ കീപ്പർ മഹ്്മൂദ് അബുനാദയുടെ ഫൗളിനെ തുടർന്നായിരുന്നു പെനാൽറ്റി. പഴയൊരു ക്രിമിനൽ കേസിന്റെ പേരിൽ വിസ നിഷേധിക്കപ്പെട്ട എംബോളോ, ഏറെ വൈകിയാണ് യു എസ് എംബസി വഴി അടിയന്തര വിസ നേടി ടീമിനൊപ്പം ചേർന്നത്.
2022ൽ സ്വന്തം നാട്ടിൽ നടന്ന ലോകകപ്പിൽ കളിച്ച മൂന്ന് മത്സരങ്ങളും പരാജയപ്പെട്ട് ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായതിന്റെ നിരാശ മറികടക്കുന്നതായിരുന്നു ഖത്വറിന്റെ പ്രകടനം. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങൾ കാരണം ടീമിന്റെ രണ്ട് സൗഹൃദ മത്സരങ്ങൾ റദ്ദാക്കിയിരുന്നു. കഴിഞ്ഞ ഡിസംബറിനു ശേഷം കളിക്കുന്ന മൂന്നാമത്തെ മാത്രം മത്സരമായിരുന്നതിനാൽ കളിക്കാർ തുടക്കത്തിൽ താളം കണ്ടെത്താൻ ബുദ്ധിമുട്ടി. മത്സരത്തിലുടനീളം 26 ഷോട്ടുകളുമായി സ്വിസ്സ് പട ഖത്വറിനെ പരീക്ഷിച്ചെങ്കിലും വിജയം പിടിക്കാനായില്ല. രണ്ടാം പകുതിയിൽ സ്വിസ്സ് നായകൻ ഗ്രാനിറ്റ് ഷാക്കയുടെ ലോംഗ് റേഞ്ചർ ബാറിന് തൊട്ടുമുകളിലൂടെ പറന്നു. തുടർന്ന് എംബോളോയുടെ മറ്റൊരു ശ്രമം സൈഡ് നെറ്റിൽ തട്ടി പുറത്തുപോയി.
മലയാളി താരം തഹ്്സിൻ മുഹമ്മദ് ജംഷിദ് ഖത്വർ ടീമിലെ പകരക്കാരുടെ പട്ടികയിൽ ഇടം പിടിച്ചെങ്കിലും കളിക്കാൻ അവസരം ലഭിച്ചില്ല. വ്യാഴാഴ്ച രാത്രി ലോസ് ആഞ്ചലസിൽ നടക്കുന്ന മത്സരത്തിൽ സ്വിറ്റ്‌സർലാൻഡ്, ബോസ്നിയ ആൻഡ് ഹെർസഗോവിനയെ നേരിടും. വെള്ളിയാഴ്ച പുലർച്ചെ വാൻകൂവറിൽ നടക്കുന്ന മത്സരത്തിൽ ആതിഥേയരായ കാനഡയാണ് ഖത്വറിന്റെ എതിരാളി.
ലോപെറ്റെഗിക്ക് ചരിത്ര നിമിഷം
ഖത്വർ പരിശീലകൻ ഹൂലൻ ലോപെറ്റെഗിയെ സംബന്ധിച്ച് മത്സരം ഇതൊരു ചരിത്ര നിമിഷമായി. 59കാരനായ ലോപെറ്റെഗിയുടെ പരിശീലകനെന്ന നിലയിലുള്ള ആദ്യ ലോകകപ്പ് മത്സരമായിരുന്നു ഇത്.
2018ലെ റഷ്യൻ ലോകകപ്പിൽ സ്വന്തം നാടായ സ്പെയിനിനെ പരിശീലിപ്പിക്കേണ്ടതായിരുന്നു അദ്ദേഹം. എന്നാൽ ലോകകപ്പിനു ശേഷം റയൽ മാഡ്രിഡിന്റെ കോച്ചാകാൻ കരാറൊപ്പിട്ടു എന്ന വാർത്ത പുറത്തുവന്നതോടെ ടൂർണമെന്റ് തുടങ്ങാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ സ്പെയിൻ പുറത്താക്കുകയായിരുന്നു.







