International
യു എസ് - ഇറാൻ സമാധാന കരാർ ഉടൻ ഒപ്പുവെക്കുമോ? ട്രംപിന്റെ അവകാശവാദങ്ങളുടെ നിജസ്ഥിതിയെന്ത്?
ആഴ്ചകൾ നീണ്ട ചർച്ചകൾ വിജയത്തിലേക്ക് അടുക്കുകയാണോ അതോ അവസാന നിമിഷത്തെ രാഷ്ട്രീയ സാങ്കേതിക തടസ്സങ്ങൾ നേരിടുകയാണോ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല.
ദുബൈ | മിഡിൽ ഈസ്റ്റിലെ യുദ്ധം അവസാനിപ്പിക്കുന്നതിനായി നിർദ്ദേശിക്കപ്പെട്ട യു എസ് ഇറാൻ സമാധാന കരാർ മണിക്കൂറുകൾക്കകം ഒപ്പുവെക്കുമെന്ന് അമേരിക്ക അവകാശപ്പെട്ടിട്ട് മണിക്കൂറുകളല്ല, ദിവസങ്ങൾ തന്നെ പിന്നിട്ടു. കരാർ എന്ന് ഒപ്പുവെക്കുമെന്ന കാര്യത്തിൽ യുഎസും ഇറാനും മധ്യസ്ഥത വഹിക്കുന്ന രാജ്യങ്ങളും പരസ്പര വിരുദ്ധമായ പ്രസ്താവനകളാണ് നടത്തുന്നത്. കരാറിന്റെ കാര്യത്തിൽ ഇപ്പോഴും അനിശ്ചിതത്വം നിലനിൽക്കുന്നുവെന്ന സൂചനകളാണ് പുറത്തുവരുന്നത്. ആഴ്ചകൾ നീണ്ട ചർച്ചകൾ വിജയത്തിലേക്ക് അടുക്കുകയാണോ അതോ അവസാന നിമിഷത്തെ രാഷ്ട്രീയ സാങ്കേതിക തടസ്സങ്ങൾ നേരിടുകയാണോ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല.
ധാരണാപത്രത്തിൽ ഇറാൻ ഇതുവരെ അന്തിമ തീരുമാനം എടുക്കുകയോ പ്രഖ്യാപിക്കുകയോ ചെയ്തിട്ടില്ലെന്ന് ഇറാന്റെ ഫാർസ് വാർത്താ ഏജൻസി വ്യക്തമാക്കി. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന്മേലുള്ള ഇറാന്റെ സ്വാധീനം കരാർ ദുർബലപ്പെടുത്തുമെന്ന് ചൂണ്ടിക്കാട്ടി യാഥാസ്ഥിതിക വിഭാഗങ്ങളിൽ നിന്ന് കടുത്ത എതിർപ്പ് ഉയരുന്നുണ്ട്. ബെയ്റൂട്ടിന്റെ തെക്കൻ പ്രാന്തപ്രദേശങ്ങളിൽ ഇസ്റാഈൽ നടത്തിയ ആക്രമണങ്ങളെത്തുടർന്ന് അമേരിക്കയുമായി സമാധാന ചർച്ചകൾ തുടരുന്നതിൽ അർത്ഥമില്ലെന്ന് ഇറാന്റെ ചീഫ് നെഗോഷ്യേറ്റർ മുഹമ്മദ് ബാഗർ ഗാലിബാഫ് എക്സിൽ കുറിച്ചു. അമേരിക്കയ്ക്ക് വാഗ്ദാനങ്ങൾ നടപ്പിലാക്കാൻ താല്പര്യമില്ലെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം, ഞായറാഴ്ച കരാർ ഒപ്പുവെക്കാൻ നിശ്ചയിച്ചിട്ടുണ്ടെന്നും അതിനുശേഷം ഹോർമുസ് കടലിടുക്ക് എല്ലാവർക്കുമായി തുറന്നുകൊടുക്കുമെന്നും യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി. എന്നാൽ ഇറാന്റെ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മാഈൽ ബഗായി ഈ സമയക്രമം തള്ളി. ഒപ്പുവെക്കൽ ചടങ്ങുകൾക്കായി ഇറാനിയൻ പ്രതിനിധി സംഘം ജനീവയിലേക്കോ മറ്റെവിടെയെങ്കിലുമോ പോകാൻ പദ്ധതിയിട്ടിട്ടില്ലെന്നും കരാർ ഒപ്പുവെക്കാൻ പാകമായിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.

മധ്യസ്ഥ ശ്രമങ്ങളുടെ ഭാഗമായി ഖത്തർ പ്രതിനിധി സംഘം തഹ്റാനിൽ എത്തിയിട്ടുണ്ട്. മണിക്കൂറുകൾക്കകം കരാർ ഉണ്ടായേക്കുമെന്ന് ചർച്ചകളിൽ പങ്കാളികളായ പാകിസ്താനും സൂചന നൽകി. താല്ക്കാലിക വെടിനിർത്തൽ നീട്ടുക, ഉപരോധങ്ങളിൽ ഇളവ് വരുത്തുക, ഇറാന്റെ ആണവ പദ്ധതിയെക്കുറിച്ച് ചർച്ചകൾ നടത്തുക എന്നിവയാണ് നിർദ്ദിഷ്ട കരാറിലുള്ളത്. ഉപരോധങ്ങൾ, യുറേനിയം ശേഖരം, പ്രാദേശിക സുരക്ഷ എന്നിവയിലെ തർക്കങ്ങൾ കരാറിന് ഇപ്പോഴും വെല്ലുവിളിയാണ്. ഇറാന്റെ ഉള്ളിലെ ആഭ്യന്തര ഭിന്നതകളും ഇതിന് കാരണമാകുന്നുണ്ട്.
Content Highlights
The US Iran peace framework faces deep uncertainty due to conflicting statements. While US President Donald Trump claimed a deal would be signed on Sunday to reopen the Strait of Hormuz, Iranian officials stated that no final decision has been taken and the signing date is not fixed.







