Kerala
ഓണയാത്ര സുഗമമാക്കാന്‍ കെ എസ് ആര്‍ ടി സി; പ്രത്യേക അന്തര്‍സംസ്ഥാന സര്‍വീസുകള്‍ക്ക് റിസര്‍വേഷന്‍ തുടങ്ങി
ആഗസ്റ്റ് 18 മുതല്‍ സെപ്തംബര്‍ രണ്ട് വരെ ബെംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിലേക്കും തിരിച്ചും നടത്തുന്ന സര്‍വീസുകള്‍ക്കാണ് മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യാന്‍ അവസരം.
പത്തനംതിട്ട | ഓണത്തോടനുബന്ധിച്ച് യാത്രാ തിരക്ക് പരിഗണിച്ച് കെ എസ് ആര്‍ ടി സി ഏര്‍പ്പെടുത്തിയ പ്രത്യേക അന്തര്‍സംസ്ഥാന സര്‍വീസുകളുടെ ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ചു. ആഗസ്റ്റ് 18 മുതല്‍ സെപ്തംബര്‍ രണ്ട് വരെ കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ബെംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിലേക്കും തിരിച്ചും നടത്തുന്ന സര്‍വീസുകള്‍ക്കാണ് മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യാന്‍ അവസരമൊരുക്കിയിരിക്കുന്നത്. യാത്രക്കാരുടെ എണ്ണം വര്‍ധിക്കുന്നതനുസരിച്ച് കൂടുതല്‍ സര്‍വീസുകള്‍ ഏര്‍പ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.
കേരളത്തില്‍ നിന്ന് ബെംഗളൂരു, മൈസൂരു, ചെന്നൈ നഗരങ്ങളിലേക്ക് ഈമാസം പതിനെട്ട് മുതല്‍ സെപ്തംബര്‍ ഒന്ന് വരെയും തിരികെ കേരളത്തിലേക്ക് 19 മുതല്‍ സെപ്തംബര്‍ രണ്ട് വരെയുമാണ് പ്രത്യേക സര്‍വീസുകള്‍ ഉള്ളത്. ബെംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് എട്ടും കണ്ണൂരിലേക്ക് നാലും എറണാകുളത്തേക്ക് നാലും തൃശൂരിലേക്ക് മൂന്നും കോട്ടയത്തേക്ക് രണ്ടും ബസുകള്‍ സര്‍വീസ് നടത്തും. ഇതിനു പുറമെ മലപ്പുറം, ആലപ്പുഴ, കൊല്ലം, കൊട്ടാരക്കര, പുനലൂര്‍, ചേര്‍ത്തല, ഹരിപ്പാട്, പയ്യന്നൂര്‍, കാഞ്ഞങ്ങാട്, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കും ബെംഗളൂരുവില്‍ നിന്ന് സൂപ്പര്‍ ഡീലക്സ്, സ്പെഷ്യല്‍ ഫാസ്റ്റ് സര്‍വീസുകള്‍ ഒരുക്കിയിട്ടുണ്ട്. മൈസൂരുവില്‍ നിന്ന് കണ്ണൂരിലേക്ക് രണ്ടും എറണാകുളം, തൃശൂര്‍ എന്നിവിടങ്ങളിലേക്ക് ഓരോ ബസും സര്‍വീസ് നടത്തും.
ചെന്നൈയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് സൂപ്പര്‍ ഡീലക്സും എറണാകുളത്തേക്ക് മള്‍ട്ടി ആക്സില്‍ എ സിയുമാണ് സര്‍വീസ് നടത്തുക. ഈ നഗരങ്ങളില്‍ നിന്ന് തിരികെ മേല്‍പ്പറഞ്ഞ സ്ഥലങ്ങളിലേക്കും സമാന രീതിയില്‍ സര്‍വീസുകള്‍ ക്രമീകരിച്ചിട്ടുണ്ട്. എല്ലാ പ്രത്യേക ബസുകള്‍ക്കും ഓണ്‍ലൈന്‍ വഴി ടിക്കറ്റെടുക്കാം. യാത്രികര്‍ക്ക് www.keralartc.com എന്ന വെബ്സൈറ്റിലൂടെയും എന്റെ കെ എസ് ആര്‍ ടി സി, നിയോ ഒ പി ആര്‍ എസ് എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും ടിക്കറ്റുകള്‍ മുന്‍കൂട്ടി ഉറപ്പാക്കാം. സംസ്ഥാനത്തെ എല്ലാ കെ എസ് ആര്‍ ടി സി റിസര്‍വേഷന്‍ കൗണ്ടറുകളിലും ബുക്കിങ് സൗകര്യമുണ്ടാകും.
Content Highlights: Kerala State Road Transport Corporation has opened online ticket reservations for Onam special interstate bus services. The extra buses will run connecting major hubs like Bengaluru, Chennai, and Mysuru to Kerala. This initiative aims to ease holiday travel rush for non-resident Malayalis.



