UAE
ഷാഡോ വര്‍ക്‌ലോഡുകള്‍; യു എ ഇയില്‍ ജീവനക്കാരുടെ ജോലിഭാരം വര്‍ധിക്കുന്നതായി സര്‍വേ
എ ഐ ഉപയോഗത്തിലും മുന്നേറ്റം.
ദുബൈ | യു എ ഇയിലെ വ്യാവസായിക, ബിസിനസ് മേഖലകളില്‍ ദ്രുതഗതിയിലുണ്ടാകുന്ന മാറ്റങ്ങള്‍ക്ക് അനുസൃതമായി കമ്പനികളില്‍ ജീവനക്കാരുടെ ജോലിഭാരം വര്‍ധിക്കുന്നതായി പുതിയ പഠന റിപോര്‍ട്ട്. പ്രമുഖ റിക്രൂട്ട്‌മെന്റ് കണ്‍സള്‍ട്ടന്‍സിയായ റോബര്‍ട്ട് വാള്‍ട്ടേഴ്‌സ് നടത്തിയ സര്‍വേയിലാണ് ജീവനക്കാര്‍ തങ്ങളുടെ തസ്തികയില്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ളതിനേക്കാള്‍ കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ വഹിക്കുന്നുണ്ടെന്ന് വ്യക്തമായത്.
സര്‍വേയില്‍ പങ്കെടുത്ത 79 ശതമാനം ഉദ്യോഗസ്ഥരും തങ്ങളുടെ യഥാര്‍ഥ തൊഴില്‍ മേഖലക്ക് പുറത്തുള്ള അധിക ജോലികള്‍ ചെയ്യുന്നുണ്ടെന്ന് വെളിപ്പെടുത്തി. ഈ അവസ്ഥയെ ‘ഷാഡോ വര്‍ക്്‌ലോഡുകള്‍’ എന്നാണ് റിപോര്‍ട്ടില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. അതായത് ജീവനക്കാരുടെ തസ്തികയിലോ വേതനത്തിലോ സ്ഥാനക്കയറ്റത്തിലോ ഔദ്യോഗികമായി ഉള്‍പ്പെടുത്താതെ തന്നെ അവരില്‍ അധിക ജോലിഭാരം കുമിഞ്ഞുകൂടുന്നു. അധിക ജോലിഭാരം കൈകാര്യം ചെയ്യുന്നതിനായി 49 ശതമാനം ആളുകളും കൂടുതല്‍ സമയം ജോലി ചെയ്യുമ്പോള്‍, 25 ശതമാനം പേര്‍ മറ്റുള്ളവരുടെ സഹായം തേടുന്നു. അതേസമയം, തങ്ങള്‍ക്ക് നേരിടുന്ന ഈ അധിക ബാധ്യതയെക്കുറിച്ച് സ്ഥാപന മേധാവികളുമായി സംസാരിക്കാന്‍ 17 ശതമാനം പേര്‍ മാത്രമാണ് തയ്യാറായത്.
അധിക ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാന്‍ ജീവനക്കാര്‍ വലിയ തോതില്‍ എ ഐ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നുണ്ടെന്നും പഠനം വ്യക്തമാക്കുന്നു. സര്‍വേയില്‍ പങ്കെടുത്ത 73 ശതമാനം ജീവനക്കാരും തങ്ങളുടെ കഴിവുകള്‍ക്കും അറിവിനും അപ്പുറമുള്ള സങ്കീര്‍ണമായ ജോലികള്‍ പൂര്‍ത്തിയാക്കാന്‍ എ ഐ ടൂളുകളെ ആശ്രയിക്കുന്നുണ്ട്.
അമിത ജോലിഭാരം കാരണം 43 ശതമാനം ജീവനക്കാരും കടുത്ത മാനസിക സമ്മര്‍ദവും ക്ഷീണവും അനുഭവിക്കുന്നതായി അറിയിച്ചു. ജീവനക്കാരുടെ ഈ അധിക ഉത്തരവാദിത്തങ്ങളെ സ്ഥാപനങ്ങള്‍ കൃത്യമായി അംഗീകരിക്കുകയും ആവശ്യമായ ആനുകൂല്യങ്ങള്‍ നല്‍കുകയും വേണമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. എ ഐ സാങ്കേതികവിദ്യകള്‍ ജോലിഭാരം കുറക്കാന്‍ സഹായിക്കുമെങ്കിലും, അത് ജീവനക്കാരില്‍ കൂടുതല്‍ ജോലി അടിച്ചേല്‍പ്പിക്കാനുള്ള മാര്‍ഗമായി മാറരുതെന്നും റോബര്‍ട്ട് വാള്‍ട്ടേഴ്‌സ് പ്രതിനിധികള്‍ വ്യക്തമാക്കി.
Content Highlights:
A recent survey reveals a significant increase in employee workloads across the UAE driven by shadow workloads. Unreported tasks and administrative demands are contributing to rising workplace stress and burnout. HR experts emphasize the need for better task management systems.




