articles
ജനാധിപത്യ ഐക്യം: നമുക്ക് ഉത്തരവാദിത്വമുണ്ട്
ഇന്ന് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ വളര്‍ച്ചയോ തകര്‍ച്ചയോ അല്ല. ജനാധിപത്യ സ്ഥാപനങ്ങളുടെ ക്ഷയോന്മുഖതയാണ്. ഇത് പരിഹരിക്കാനാകുമോ എന്നതാണ് പ്രധാനം. അതിന് രാഷ്ട്രീയ പാര്‍ട്ടികള്‍ മാത്രമല്ല, മാധ്യമങ്ങള്‍, സര്‍വകലാശാലകള്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍, മത ജാതി സമൂഹങ്ങള്‍, പൗര പ്രസ്ഥാനങ്ങള്‍ എന്നിവരൊക്കെയും ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കണം. ഇതില്‍ കേരളത്തിന്റെ ചരിത്രപരമായ പങ്ക് ഇവിടെ നിര്‍ണായകമാണ്.
ഇന്ത്യന്‍ ജനാധിപത്യം അതിന്റെ ചരിത്രത്തിലെ ഏറ്റവും സംഭീതമായ വഴിത്തിരിവുകളിലൊന്നിലൂടെയാണ് കടന്നുപോകുന്നത്. അധികാര രാഷ്ട്രീയ മത്സരം ജനാധിപത്യത്തില്‍ സ്വാഭാവികമാണെങ്കിലും, വ്യവസ്ഥയുടെ അടിസ്ഥാന മൂല്യങ്ങള്‍ വെല്ലുവിളിക്കപ്പെടുന്ന സാഹചര്യങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മിലുള്ള മത്സരത്തേക്കാള്‍ പ്രാധാന്യമര്‍ഹിക്കുന്നത് ജനാധിപത്യത്തിന്റെ സംരക്ഷണം തന്നെയാണ്. ലോകചരിത്രം പരിശോധിച്ചാല്‍, ഫാസിസം ഒരിക്കലും ഒരു ദിവസം കൊണ്ട് അധികാരത്തില്‍ എത്തിയതല്ല. അത് ജനാധിപത്യ സംവിധാനത്തിലൂടെ തന്നെയാണ് വളര്‍ന്നതും ക്രമേണ സര്‍വതും സ്വന്തമാക്കി രാഷ്ട്രഗാത്രത്തെ വരിഞ്ഞതും. ആദ്യം രാഷ്ട്രീയ എതിരാളികളെ ശത്രുക്കളാക്കി പരസ്പരം ഏറ്റുമുട്ടിക്കുന്നു. അതില്‍ ഒരാശ്വാസം കണ്ടുകഴിഞ്ഞാല്‍ പതിയേ ജനാധിപത്യ സ്ഥാപനങ്ങളുടെ വിശ്വാസ്യത തകര്‍ക്കുന്നു. വിദ്യാഭ്യാസ, സാംസ്‌കാരിക, മാധ്യമ, നീതിന്യായ മേഖലകളിലേക്ക് ധാര്‍ഷ്ട്യത്തേടെ കടന്നു കയറുകയാണ് അടുത്ത പടവ്. ഒടുവില്‍ ജനാധിപത്യത്തിന്റെ ബാഹ്യരൂപം നിലനിര്‍ത്തിക്കൊണ്ട് അതിന്റെ ആന്തര ഘടനയപ്പാടെ കൊള്ളയടിച്ച് ശൂന്യമാക്കുന്നു.
ഇരുപതാം നൂറ്റാണ്ടിലെ യൂറോപ്പ് ഈ യാഥാര്‍ഥ്യത്തിന്റെ ഏറ്റവും വലിയ പാഠപുസ്തകമാണ്. ജര്‍മനിയിലും ഇറ്റലിയിലും ഫാസിസം വിജയിച്ചത് ജനാധിപത്യ ശക്തികളുടെ ദൗര്‍ബല്യം കൊണ്ടു മാത്രമല്ല; മറിച്ച് ജനാധിപത്യ ശക്തികള്‍ പരസ്പരം പടവെട്ടി ദുര്‍ബലമായതു കൊണ്ടുകൂടിയാണ്. തങ്ങളുടെ ആശയപരമായ നേര്‍ത്ത വ്യത്യാസങ്ങള്‍ താത്കാലികമായി മാറ്റിവെച്ച് ജനാധിപത്യ സംരക്ഷണത്തിനായി വിനയത്തോടെ ഒന്നിക്കേണ്ട സമയത്ത് പരസ്പരം അകലാനും കലഹിക്കാനും മാത്രം നേരം കണ്ടാല്‍ ചരിത്രം അതിന്റെ വില മനുഷ്യരാശിയില്‍ നിന്ന് നിര്‍ദയം ഈടാക്കുക തന്നെ ചെയ്യും. ഇന്ത്യയിലെ സാഹചര്യവും ഇതിലേക്കനുക്രമിക്കപ്പെടുന്നു എന്ന് പറയുന്നത് അതിശയോക്തിയേയല്ല. ജനാധിപത്യ സ്ഥാപനങ്ങളുടെ സ്വാതന്ത്ര്യം, ഭരണഘടനാ മൂല്യങ്ങളുടെ സംരക്ഷണം, അധികാര കേന്ദ്രീകരണം, രാഷ്ട്രീയ ധ്രുവീകരണം, അന്വേഷണ ഏജന്‍സികളുടെ ഉപയോഗം, മാധ്യമ സ്വാതന്ത്ര്യം, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്വയംഭരണം തുടങ്ങിയ വിഷയങ്ങളില്‍ ഉയരുന്ന ആശങ്കകളും സംവാദങ്ങളും അവഗണിക്കാനാകാത്തതാണ്.
ജനാധിപത്യം തിരഞ്ഞെടുപ്പുകളുടെ ആരവമോ ആഘോഷങ്ങളോ അല്ല. അത് ഭരണഘടനാ സ്ഥാപനങ്ങളുടെ സ്വതന്ത്രമായ പ്രവര്‍ത്തനവും ന്യൂനപക്ഷങ്ങളുടെ നിര്‍ഭയത്വവും അഭിപ്രായസ്വാതന്ത്ര്യവും അത് അംഗീകരിക്കാനുള്ള രാഷ്ട്രീയ വിവേകവും തന്നെയാണ്. അധികാരത്തെ ചോദ്യം ചെയ്യുന്നത് ദേശവിരുദ്ധ പ്രവര്‍ത്തനമായി വ്യാഖ്യാനിക്കപ്പെടുന്നത് ഉചിതമല്ല. ഈ ഘടകങ്ങളില്‍ ഏതെങ്കിലും ദുര്‍ബലമാകുമ്പോള്‍ ജനാധിപത്യത്തിന്റെ സാന്നിധ്യമാണ് അസ്തമിച്ചു പോകുന്നത്. ഇത്തരം സാഹചര്യത്തിലാണ് ഇന്ത്യ മുന്നണി പോലുള്ള രാഷ്ട്രീയ കൂട്ടായ്മകളുടെ പ്രസക്തി വിലയിരുത്തപ്പെടേണ്ടത്. ദേശീയതലത്തില്‍ ജനാധിപത്യ സംരക്ഷണത്തിനായി ഒരുമിച്ചു നില്‍ക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ സംസ്ഥാനതലങ്ങളില്‍ പരസ്പരം മത്സരത്തില്‍ ഏര്‍പ്പെടുന്നത് സ്വാഭാവികമാണ്. പക്ഷേ മത്സരം ജനാധിപത്യ മൂല്യങ്ങളേക്കാള്‍ പ്രധാനമായി മാറുമ്പോഴാണ് പ്രതിസന്ധികള്‍ തലപൊക്കുക. കേരളം ഈ സംവാദത്തില്‍ സവിശേഷ ശ്രദ്ധ അര്‍ഹിക്കുന്നു. കാരണം ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന രാഷ്ട്രീയ സാക്ഷരരായ പൗരസമൂഹവും മതസൗഹാര്‍ദ പാരമ്പര്യവും നിലനില്‍ക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം.
ഇവിടെ രാഷ്ട്രീയ കക്ഷികള്‍ പരസ്പരം മത്സരിക്കുമ്പോഴും ഭരണഘടനാ മൂല്യങ്ങള്‍, മതനിരപേക്ഷത, സാമൂഹിക നീതി, വിദ്യാഭ്യാസം, പൊതുജനാരോഗ്യം തുടങ്ങിയ അടിസ്ഥാന വിഷയങ്ങളില്‍ വിശാലമായ ഒരു പൊതുസമ്മതി പണ്ടേ നിലനിന്നുവന്നിട്ടുണ്ട്. അത് തകരാതെ നോക്കേണ്ടത് അനിവാര്യമാണ്. എന്നാല്‍ അടുത്തകാലത്ത് ലക്ഷണം കാട്ടിയ രാഷ്ട്രീയ പ്രവണതകള്‍ ഗുരുതരമായ ആശങ്കകള്‍ ഉയര്‍ത്തുന്നു. രാഷ്ട്രീയ എതിരാളികളെ ആശയപരമായ പ്രതിപക്ഷമെന്നതിലുപരി കേവല ശത്രുക്കളായി ചിത്രീകരിക്കുന്ന പ്രവണത വല്ലാതെ ശ്രദ്ധയില്‍ വരുന്നു. ഇത് പൊതുസംവാദത്തിന്റെ നിലവാരം ഇടിച്ച് താഴ്ത്തുന്നു. ദേശീയതലത്തില്‍ ജനാധിപത്യ സംരക്ഷണത്തെക്കുറിച്ചുള്ള ആശങ്കകള്‍ പങ്കുവെക്കുന്ന ശക്തികള്‍ തമ്മില്‍ സംസ്ഥാനതലത്തില്‍ വിശ്വാസത്തിന്റെ പാലങ്ങള്‍ തകരുന്നത് ജനാധിപത്യ രാഷ്ട്രീയത്തിന്റെ കരുത്തിനെ ദുര്‍ബലമാക്കുന്നു.
പശ്ചിമ ബംഗാളിന്റെ അനുഭവം നമുക്ക് പാഠമാകേണ്ടതാണ്. ബംഗാളിലെ രാഷ്ട്രീയ വ്യവഹാരം സംസാരിക്കുന്നത് കൃതൃതയോടെയാണ്. ദീര്‍ഘകാല രാഷ്ട്രീയ ധ്രുവീകരണം ഒടുവില്‍ ജനാധിപത്യ സ്ഥാപനങ്ങളെ തന്നെ അട്ടിമറിച്ചു കളയും. അധികാരം മാറിയെങ്കിലും രാഷ്ട്രീയ സംഘര്‍ഷത്തിന്റെ സ്വഭാവം മാറിയില്ല. ഒരു രാഷ്ട്രീയ സംസ്‌കാരത്തിന്റെ തകര്‍ച്ച മറ്റൊരു രാഷ്ട്രീയ ശക്തിയുടെ മാത്രം പരാജയമല്ല; അത് സമൂഹത്തിന്റെ പൊതു നഷ്ടം തന്നെയാണ്.
കേരളം ഈ പാഠം ഗൗരവത്തോടെ പഠിക്കേണ്ടതുണ്ട്. ജനാധിപത്യ ശക്തികള്‍ പരസ്പരം ദുര്‍ബലപ്പെടുത്തുന്നതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ സ്വയം ദുര്‍ബലമാകുകയാണ് ചെയ്യുന്നത്. അത് ദീര്‍ഘകാലമായി ദുഷ്ട രാഷ്ട്രീയ ലക്ഷ്യങ്ങളുമായി പ്രവര്‍ത്തിക്കുന്ന കേന്ദ്ര അധികാര ശക്തികള്‍ക്ക് മുന്നേറാന്‍ കൂടുതല്‍ എളുപ്പം നല്‍കുന്നു. ചരിത്രത്തില്‍ പലവട്ടം തെളിഞ്ഞ ഒരു രാഷ്ട്രീയ സത്യമാണ് ഇത്. പ്രത്യേകിച്ച് സര്‍വകലാശാലകള്‍, ഉന്നത വിദ്യാഭ്യാസ- സാംസ്‌കാരിക സ്ഥാപനങ്ങള്‍, ഗവേഷണ കേന്ദ്രങ്ങള്‍, ചരിത്ര പഠനങ്ങള്‍ തുടങ്ങിയ മേഖലകളില്‍ ദുഷ്ടശക്തികള്‍ സ്വാധീനം വ്യാപിപ്പിക്കുമ്പോള്‍, ജനാധിപത്യ സമൂഹം കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. കാരണം രാഷ്ട്രീയ അധികാരം മാറാം; എന്നാല്‍ സ്ഥാപനങ്ങളുടെ സ്വഭാവത്തില്‍ സംഭവിക്കുന്ന മൗലിക പ്രത്യയശാസ്ത്ര തിരിമറികള്‍ തലമുറകളെ വഴിതെറ്റിക്കും.
ഇതിനെതിരെ സ്വീകരിക്കേണ്ട മുന്‍കരുതലുകളെ നമ്മുടെ അവിവേകം ദുര്‍ബലമാക്കും. ഇവിടെ ഒരു അടിസ്ഥാന ചോദ്യം ഉയരുന്നു. ജനാധിപത്യ രാഷ്ട്രീയത്തിന്റെ ലക്ഷ്യം അധികാരം നേടുക മാത്രമാണോ? അതോ ജനാധിപത്യത്തിന്റെ സാമൂഹിക അടിത്തറ സംരക്ഷിക്കുകയാണോ? അധികാരം നേടുന്നത് രാഷ്ട്രീയത്തിലെ സ്വാഭാവിക ലക്ഷ്യമാണ്. എന്നാല്‍ ജനാധിപത്യത്തിന്റെ നിലനില്‍പ്പ് തന്നെ അപകടത്തിലാകുന്ന സാഹചര്യങ്ങളില്‍ അധികാര ലാഭത്തിന്റെ ഗണിതത്തേക്കാള്‍ ജനാധിപത്യ സംരക്ഷണത്തിന്റെ ജാഗ്രതയാണ് പ്രാധാന്യം നേടേണ്ടത്.
താത്കാലിക രാഷ്ട്രീയ വിജയങ്ങള്‍ ചരിത്രത്തില്‍ പലപ്പോഴും നിസ്സാരമായി മാറിയിട്ടുണ്ട്. എന്നാല്‍ ജനാധിപത്യ സ്ഥാപനങ്ങളുടെ തകര്‍ച്ച തലമുറകളെ എത്തിച്ചത് തീരാകയങ്ങളിലേക്കാണ്.
ഇന്ന് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ വളര്‍ച്ചയോ തകര്‍ച്ചയോ അല്ല. ജനാധിപത്യ സ്ഥാപനങ്ങളുടെ ക്ഷയോന്മുഖതയാണ്. ഇത് പരിഹരിക്കാനാകുമോ എന്നതാണ് പ്രധാനം. അതിന് രാഷ്ട്രീയ പാര്‍ട്ടികള്‍ മാത്രമല്ല, മാധ്യമങ്ങള്‍, സര്‍വകലാശാലകള്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍, മത ജാതി സമൂഹങ്ങള്‍, പൗര പ്രസ്ഥാനങ്ങള്‍ എന്നിവരൊക്കെയും ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കണം. ഇതില്‍ കേരളത്തിന്റെ ചരിത്രപരമായ പങ്ക് ഇവിടെ നിര്‍ണായകമാണ്. മത വൈവിധ്യവും സാമൂഹിക ഐക്യവും രാഷ്ട്രീയ ബോധവും സ്‌നേഹ സാഹോദര്യത്തോടെ ഒരുമിച്ച് നിലനില്‍ക്കാമെന്ന് തെളിയിച്ച സംസ്ഥാനമാണ് കേരളം.
അതുകൊണ്ട് തന്നെ ജനാധിപത്യ ഐക്യത്തിന്റെ പുതിയ മാതൃക ഇന്ത്യക്ക് മുന്നില്‍ അവതരിപ്പിക്കാന്‍ കേരളത്തിന് സാധിക്കും. ഫാസിസത്തിനെതിരായ പോരാട്ടം ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പോരാട്ടമല്ല. അത് ഭരണഘടനയുടെ ആത്മാവിനു വേണ്ടിയുള്ള പോരാട്ടമാണ്. അത് തിരഞ്ഞെടുപ്പ് വിജയങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടമല്ല; ഭാവി തലമുറകള്‍ക്ക് സ്വതന്ത്രമായി ചിന്തിക്കാനും അഭിപ്രായം പറയാനും വിശ്വസിക്കാനും ജീവിക്കാനുമുള്ള അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള പോരാട്ടമാണ്. അത് മനുഷ്യര്‍ക്ക് വേണ്ടിയുള്ള ചരിത്ര ദൗത്യമാണ്.
ചരിത്രം നല്‍കുന്ന ഏറ്റവും വലിയ മുന്നറിയിപ്പ് ഇതാണ്. ജനാധിപത്യത്തിന്റെ ശത്രുക്കള്‍ വിജയിക്കുന്നത് അവരുടെ ശക്തി കൊണ്ട് മാത്രമല്ല; ജനാധിപത്യ ശക്തികളുടെ വിഭജനവും ദീര്‍ഘവീക്ഷണക്കുറവും കൊണ്ട് കൂടിയാണ്. അതുകൊണ്ട് ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന എല്ലാ രാഷ്ട്രീയ- സാമൂഹിക ശക്തികളുടെയും മുന്നിലുള്ള ചരിത്രപരമായ നിയോഗം ഒന്നേയുള്ളൂ. സര്‍വ അഭിപ്രായവ്യത്യാസങ്ങളും നിലനിര്‍ത്തിക്കൊണ്ട് തന്നെ ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളെ സംരക്ഷിക്കുന്ന വിശാലമായ ഐക്യത്തിന്റെ രാഷ്ട്രീയം രൂപപ്പെടുത്തുക. ജനാധിപത്യം നഷ്ടപ്പെട്ട ശേഷം അതിന്റെ വില മനസ്സിലാക്കുന്നതിനെക്കാള്‍, അത് നിലനില്‍ക്കുമ്പോള്‍ അതിനെ സംരക്ഷിക്കുന്നതാണ് ചരിത്രബോധമുള്ള സമൂഹങ്ങളുടെ മഹത്വം.







