Ongoing News
പ്രതിരോധത്തിന്റെ വന്‍മതില്‍; വൊസിഞ്ഞയാണ് താരം
ഫിഫ ലോകകപ്പ് ഫുട്‌ബോളിലെ ഗ്രൂപ്പ് എച്ച് മത്സരത്തില്‍ പടക്കുതിരകളായ സ്‌പെയിനിനെ, കേപ് വെര്‍ദെ വരിഞ്ഞുകെട്ടിയപ്പോള്‍ അതിന് നെടുനായകത്വം വഹിച്ചത് വൊസിഞ്ഞ ആയിരുന്നു.
ജോര്‍ജിയ | ലോക റാങ്കിംഗിലെ മൂന്നാം സ്ഥാനക്കാരും യൂറോപ്യന്‍ ചാമ്പ്യന്മാരുമായ സ്‌പെയിനിനെ കാല്‍പ്പന്തു കളിയിലെ കുഞ്ഞന്മാരായ കേപ് വെര്‍ദെ ഗോള്‍രഹിത സമനിലയില്‍ കുരുക്കിയപ്പോള്‍ നിറഞ്ഞുനിന്നത് ഒരു 40കാരന്റെ നാമം. ആദ്യമായി ലോകകപ്പില്‍ കളിക്കുന്ന കേപ് വെര്‍ദെ ജയത്തോളം പോന്ന സമനില സ്വന്തമാക്കിയപ്പോള്‍ ടീമിന്റെ ഗോള്‍വല കാത്ത വെറ്ററന്‍ താരം വൊസിഞ്ഞയാണ് ഇപ്പോള്‍ ഫുട്‌ബോള്‍ ലോകത്തെ ആരാധനാ പാത്രമായി മാറിയിരിക്കുന്നത്. കളിയിലെ താരമായും വൊസിഞ്ഞ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
ഫിഫ ലോകകപ്പ് ഫുട്‌ബോളിലെ ഗ്രൂപ്പ് എച്ച് മത്സരത്തില്‍ പടക്കുതിരകളായ സ്‌പെയിനിനെ, കേപ് വെര്‍ദെ വരിഞ്ഞുകെട്ടിയപ്പോള്‍ അതിന് നെടുനായകത്വം വഹിച്ചത് വൊസിഞ്ഞ ആയിരുന്നു. പ്രതിരോധത്തിന്റെ വന്‍മതിലായി വൊസിഞ്ഞോ ഗോള്‍ പോസ്റ്റിനു കീഴില്‍ അചഞ്ചലനായി നിലയുറപ്പിച്ചപ്പോള്‍ സമനില പൂട്ട് തകര്‍ക്കാനാവാതെ സ്‌പെയിന്‍ അക്ഷരാര്‍ഥത്തില്‍ ഹതാശരായി. സ്‌പെയിനിന്റെ മുന്നേറ്റങ്ങളെല്ലാം വൊസിഞ്ഞോയില്‍ തട്ടി നിഷ്പ്രഭമായി.
സ്‌പെയിനിന്റെ വിദഗ്ധമായ 27 ഷോട്ടുകളാണ് കേപ് വെര്‍ദെ പ്രതിരോധം പിളര്‍ക്കാനാവാതെ വിഫലമായി പോയത്. ഇതില്‍ ഗോളാകുമെന്ന് ഉറപ്പിച്ച ഏഴോളം ഷോട്ടുകളാണ് വൊസിഞ്ഞ തടഞ്ഞിട്ടത്. രണ്ടാം പകുതിയില്‍ തങ്ങളുടെ തുരുപ്പുചീട്ടായ ലമിന്‍ യമാലിനെ സ്‌പെയിന്‍ കളത്തിലിറക്കിയെങ്കിലും വൊസിഞ്ഞയെയോ കേപ് വെര്‍ദെ പ്രതിരോധത്തെയോ മറികടന്ന് ലക്ഷ്യം കാണാനായില്ല.
ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ ഗോള്‍വലക്കടുത്ത് കുനിഞ്ഞിരുന്ന് വൊസിഞ്ഞ വിതുമ്പി. ഓടിയെത്തിയ സഹതാരങ്ങള്‍ താരത്തെ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടി. മത്സരത്തിനു ശേഷം 50,000ത്തില്‍ താഴെ നിന്നിരുന്ന വൊസിഞ്ഞയുടെ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സിന്റെ എണ്ണം അനേക മടങ്ങ് വര്‍ധിച്ചു. 50 ലക്ഷത്തില്‍ പരമായാണ് അത് ഉയര്‍ന്നിരിക്കുന്നത്.
25-ാം വയസ്സില്‍ അങ്കോളയുടെ പ്രോഗ്രെസ്സോ ക്ലബിനു വേണ്ടി പന്ത് തട്ടിയാണ് വൊസിഞ്ഞ തന്റെ പ്രൊഫഷണല്‍ ഫുട്‌ബോള്‍ കരിയറിന് തുടക്കമിട്ടത്. പിന്നീട് മൊള്‍ഡോവ, സൈപ്രസ്, സ്ലോവാക്കിയ, പോര്‍ച്ചുഗല്‍ എന്നിവിടങ്ങളിലെ ക്ലബുകള്‍ക്കായും കളത്തിലിറിങ്ങി. നിലവില്‍ പോര്‍ച്ചുഗീസ് സെക്കന്‍ഡ് ഡിവിഷനില്‍ ഷാവേസ് ക്ലബിനു വേണ്ടിയാണ് താരം കളിക്കുന്നത്. 2012ലാണ് വൊസിഞ്ഞ ദേശീയ ടീമിന്റെ ഭാഗമായത്.
‘വിരമിക്കലിനെ കുറിച്ച് ആലോചിച്ചിരുന്നുവെങ്കിലും പിന്നീട് തുടരാന്‍ തീരുമാനിക്കുകയായിരുന്നു ‘ഈ നിമിഷത്തിനു വേണ്ടി, ഈ സ്വപ്‌ന സാക്ഷാത്കാരത്തിനു വേണ്ടിയാണ് ഞാന്‍ കാത്തിരുന്നത്. അത് യാഥാര്‍ഥ്യമായിരിക്കുന്നു.’- വൊസിഞ്ഞ പറഞ്ഞു.
വിസ ലഭിച്ചില്ല; പ്രകടനം നേരില്‍ കാണാനാവാതെ മാതാവ്
സ്‌പെയിനിനെതിരായ അങ്കത്തില്‍ ഹീറോ ആയി മാറിയ വൊസിഞ്ഞയുടെ മാതാവിന് പക്ഷെ, മകന്റെ അസാമാന്യ പ്രകടനം നേരിട്ട് ആസ്വദിക്കാന്‍ ഭാഗ്യം ലഭിച്ചില്ല. അമേരിക്കയിലേക്ക് വിസ ലഭിക്കാത്തതിനെ തുടര്‍ന്നാണിത്. ഫുട്‌ബോളിലെ തന്റെ അസുലഭ നിമിഷങ്ങള്‍ മാതാവിനും മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പം പങ്കിടാന്‍ ആഗ്രഹിച്ചിരുന്നുവെങ്കിലും നടക്കാതെ പോയെന്ന് വൊസിഞ്ഞ പറഞ്ഞു. താരത്തിന്റെ മുത്തച്ഛനും മുത്തശ്ശിയും ജീവിച്ചിരിപ്പില്ല.
അവരോടൊപ്പമാണ് താന്‍ വളര്‍ന്നതെന്നും തനിക്ക് അവര്‍ എല്ലാമെല്ലാമായിരുന്നുവെന്നും വൊസിഞ്ഞ പറഞ്ഞു. വിസക്ക് മുടക്കാന്‍ പണമില്ലാത്തതിനാലാണ് മാതാവിന് ഇവിടെയെത്താന്‍ കഴിയാതിരുന്നത്. അതില്‍ ഏറെ നിരാശയുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.
Content Highlights:
Vosinha delivers a stellar performance on the field. The incredible defense became a turning point in the game. Fans praise the brilliant execution.
When Vozinha realised he had gained 1.5 million followers because of the Spain game… 😂 pic.twitter.com/v3v2OAubT9
— Out of Context Football Manager (@nocontextfm1) June 15, 2026







