International
വെടിനിര്‍ത്തലും സമാധാന കരാറുമെല്ലാം പ്രഹസനം; ലബനാനിലെ ഇസ്‌റാഈല്‍ ആക്രമണത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ടു
രണ്ട് വാഹനങ്ങള്‍ ലക്ഷ്യമിട്ടാണ് ഡ്രോണ്‍ ആക്രമണങ്ങള്‍ നടന്നത്.
ബെയ്‌റൂത്ത് | വെടിനിര്‍ത്തലിനും ഇറാനും യു എസും തമ്മില്‍ രൂപപ്പെടുന്ന സമാധാന കരാറിനും തെല്ലും വില കല്‍പ്പിക്കാതെ ലബനാനില്‍ ആക്രമണം തുടര്‍ന്ന് ഇസ്‌റാഈല്‍. തെക്കന്‍ ലബനാനില്‍ ഇസ്‌റാഈല്‍ സേന ഒന്നിലധികം തവണ നടത്തിയ ആക്രമണങ്ങളില്‍ നബാതിഹ് ഗവര്‍ണറേറ്റിലെ നാലുപേര്‍ കൊല്ലപ്പെട്ടു. ലബനാന്‍ ദേശീയ വാര്‍ത്താ ഏജന്‍സിയാണ് ഈ വിവരം പുറത്തുവിട്ടത്.
രണ്ട് വാഹനങ്ങള്‍ ലക്ഷ്യമിട്ടാണ് ഡ്രോണ്‍ ആക്രമണങ്ങള്‍ നടന്നത്. ഷൗക്കിന്‍ ഗ്രാമത്തില്‍ ഒരു വാഹനവും ആക്രമണത്തിന് വിധേയമായെന്ന് ഏജന്‍സി അറിയിച്ചു. പശ്ചിമേഷ്യയില്‍ സമാധാനം പുനസ്ഥാപിക്കുന്നതിനായി ഇറാനും യു എസും തമ്മില്‍ ആശയവിനിമയം തുടരുമ്പോഴും ലബനാനിനെതിരായ ആക്രമണം തുടരുമെന്ന് ഇസ്‌റാഈല്‍ ആവര്‍ത്തിച്ചു വ്യക്തമാക്കിയിരുന്നു. ഒരു വെടിനിര്‍ത്തല്‍ ധാരണയിലും ലബനാനിലെ ആക്രമണം അവസാനിപ്പിക്കുന്ന കാര്യം ഉള്‍പ്പെടുത്തേണ്ടതില്ലെന്നാണ് ഇസ്‌റാഈല്‍ നിലപാട്.
അതേസമയം, ഇറാനും യു എസും തമ്മിലുള്ള ധാരണാപത്രത്തിലെ അന്തിമ വിശദാംശങ്ങള്‍ ഇതുവരെ പരസ്യപ്പെടുത്തിയിട്ടില്ല. ലബനാന്‍ ഉള്‍പ്പെടെ എല്ലാ മേഖലയിലുമുള്ള സൈനിക നടപടികളും അടിയന്തരമായി അവസാനിപ്പിക്കുന്നതിനുള്ള ധാരണാപത്രമാണ് വിഭാവനം ചെയ്യുന്നതെന്ന് സംഘര്‍ഷം തീര്‍ക്കുന്നതിന് മധ്യസ്ഥത വഹിക്കുന്ന പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹബാസ് ശരീഫ് പറഞ്ഞു.
തെക്കന്‍ ലബനാനില്‍ ഇസ്‌റാഈല്‍ തുടര്‍ച്ചയായി നടത്തുന്ന അധിനിവേശം കരാര്‍ ലംഘനമാണെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി കുറ്റപ്പെടുത്തിയിരുന്നു. കൈവശപ്പെടുത്തിയ മേഖലകളില്‍ നിന്ന് ഇസ്‌റാഈല്‍ സൈന്യത്തെ പിന്‍വലിക്കാതെ യുദ്ധം പൂര്‍ണമായി അവസാനിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. തെക്കന്‍ ലബനാനിലെ ആക്രമണം അവസാനിപ്പിക്കാന്‍ ഇസ്‌റാഈല്‍ തയ്യാറാകുന്നില്ലെങ്കില്‍ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് ഇറാന്റെ ഉയര്‍ന്ന സംയുക്ത സൈനിക കമാന്‍ഡായ ഖതം അല്‍-അന്‍ബിയയുടെ ആസ്ഥാനത്തു നിന്ന് പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറഞ്ഞു.
Content Highlights:
Four people were killed in recent Israeli airstrikes targeting parts of Lebanon. The attacks have raised serious questions about the effectiveness of the ceasefire agreement. Tensions remain exceptionally high in the region as peace efforts face severe setbacks.







