National
വിമാനത്താവളത്തില്‍ യാത്രക്കാരുമായി തര്‍ക്കം; വീഡിയോ വൈറലായതോടെ ജീവനക്കാരിയെ സസ്പെന്‍ഡ് ചെയ്ത് സ്‌പൈസ് ജെറ്റ്
കൂടുതല്‍ അന്വേഷണങ്ങള്‍ പൂര്‍ത്തിയാകുന്നതുവരെ ഈ ജീവനക്കാരിയെ ഉടനടി സസ്പെന്‍ഡ് ചെയ്യുകയും റീഫ്രഷര്‍ പരിശീലനത്തിന് അയക്കുകയും ചെയ്തിട്ടുണ്ടെന്നും എയര്‍ലൈന്‍
ബാഗ്ദോഗ്ര | വിമാനത്താവളത്തില്‍ യാത്രക്കാരുമായി രൂക്ഷമായ തര്‍ക്കത്തിലേര്‍പ്പെടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെ പിറകെ ജീവനക്കാരിയെ സസ്പെന്‍ഡ് ചെയ്ത് സ്‌പൈസ് ജെറ്റ്. ഈ മാലസം 13-നാണ് നടപടിക്കിടയാക്കിയ സംഭവം നടന്നത്. ബാഗ്ദോഗ്രയില്‍ നിന്ന് ഡല്‍ഹിയിലേക്ക് സര്‍വീസ് നടത്തേണ്ടിയിരുന്ന സ്‌പൈസ് ജെറ്റ് വിമാനം ആദ്യം വൈകുകയും പിന്നീട് റദ്ദാക്കുകയുമായിരുന്നു.വ്യാപകമായി പ്രചരിച്ച വീഡിയോയില്‍, എയര്‍ലൈന്‍ ജീവനക്കാരി യാത്രക്കാരുമായി ദേഷ്യപ്പെട്ട് സംസാരിക്കുന്നതും മറ്റ് യാത്രക്കാര്‍ ഇത് നോക്കിനില്‍ക്കുന്നതും കാണാം. മോശം പരാമര്‍ശങ്ങളാണ് ജീവനക്കാരി യാത്രക്കാര്‍ക്ക് നേരെ നടത്തിയത്. വിമാനം റദ്ദാക്കിയത് ചോദ്യം ചെയ്തവര്‍ക്ക് നേരെയാണ് ജീവനക്കാരിയ കയര്‍ത്ത് സംസാരിച്ചത്.
അതേ സമയം പ്രതികൂല കാലാവസ്ഥയും പ്രവര്‍ത്തനപരമായ തടസ്സങ്ങളും കാരണമാണ് വിമാന സര്‍വീസ് തടസ്സപ്പെട്ടതെന്ന് സ്‌പൈസ് ജെറ്റ് പ്രസ്താവനയില്‍ അറിയിച്ചു. എയര്‍ലൈന്‍ അധികൃതര്‍ പറയുന്നതനുസരിച്ച്, ഈ സര്‍വീസിനായി നിശ്ചയിച്ചിരുന്ന വിമാനം ബാഗ്ദോഗ്രയിലെ മോശം കാലാവസ്ഥ കാരണം കൊല്‍ക്കത്തയിലേക്ക് തിരിച്ചുവിട്ടിരുന്നു. ഇതാണ് വിമാനം പുറപ്പെടാന്‍ വൈകാന്‍ കാരണമായത്. തുടര്‍ന്ന് വിമാനത്താവളത്തിലെ വാച്ച് അവര്‍ പരിമിതികള്‍ കാരണം ഒടുവില്‍ സര്‍വീസ് റദ്ദാക്കേണ്ടി വന്നു.
പ്രതീക്ഷിക്കാതെ വിമാനം റദ്ദാക്കിയതില്‍് അസ്വസ്ഥരായ ചില യാത്രക്കാരും ജീവനക്കാരും തമ്മില്‍ വാക്കേറ്റമുണ്ടാകാന്‍ കാരണമായതെന്ന് എയര്‍ലൈന്‍ വ്യക്തമാക്കി.
വിഷയത്തെ ഗൗരവമായി കണ്ടതായും വീഡിയോയില്‍ കാണുന്ന ജീവനക്കാരിക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചതായും സ്‌പൈസ് ജെറ്റ് കൂട്ടിച്ചേര്‍ത്തു. കൂടുതല്‍ അന്വേഷണങ്ങള്‍ പൂര്‍ത്തിയാകുന്നതുവരെ ഈ ജീവനക്കാരിയെ ഉടനടി സസ്പെന്‍ഡ് ചെയ്യുകയും റീഫ്രഷര്‍ പരിശീലനത്തിന് അയക്കുകയും ചെയ്തിട്ടുണ്ടെന്നും എയര്‍ലൈന്‍ അറിയിച്ചു
ഈ വൈറല്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. യാത്രക്കാരോട് ജീവനക്കാരി പെരുമാറിയ രീതിയെ പലരും വിമര്‍ശിച്ചപ്പോള്‍, തര്‍ക്കത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് മറ്റ് ചിലര്‍ ആവശ്യപ്പെട്ടു. സംഭവം വിശദമായി പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്ന് എയര്‍ലൈന്‍ അറിയിച്ചു.
Content Highlights:
SpiceJet suspended an employee following a viral video showing her arguing aggressively with passengers at Bagdogra airport. The confrontation occurred after a Delhi bound flight faced severe delays and eventual cancellation due to bad weather. The airline confirmed immediate disciplinary action and placed the employee under suspension pending further inquiry.







