Connect with us

Ongoing News

അനാഥകുട്ടികള്‍ക്ക് തണലേകുന്ന 'മദര്‍ ഓഫ് ദ നേഷന്‍ എന്‍ഡോവ്‌മെന്റ്'പദ്ധതിക്ക് 15 കോടി ദിര്‍ഹത്തിന്റെ (371 കോടി രൂപ) കൈത്താങ്ങുമായി എം എ യൂസഫലി

അനാഥരായ കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം, മികച്ച ആരോഗ്യപരിരക്ഷ, സാമൂഹിക ശാക്തീകരണം എന്നിവ ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം

Published

|

Last Updated

അബുദാബി |  യുഎഇയിലെ അനാഥകുട്ടികളുടെ ഉന്നമനത്തിനും സുരക്ഷയ്ക്കും പിന്തുണയേകുന്ന ‘മദര്‍ ഓഫ് ദ നേഷന്‍ എന്‍ഡോവ്മെന്റ്’ പദ്ധതിയിലേക്ക് 15 കോടി ദിര്‍ഹത്തിന്റെ (371 കോടി രൂപ) സഹായം കൈമാറി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി.

യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ പ്രത്യേക താല്പര്യപ്രകാരം അബുദാബി ഔഖാഫ് നേതൃത്വം നല്‍കുന്ന പദ്ധതിയാണ് ‘മദര്‍ ഓഫ് ദ നേഷന്‍ എന്‍ഡോവ്‌മെന്റ് ഫോര്‍ ഓര്‍ഫന്‍സ്. അനാഥരായ കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം, മികച്ച ആരോഗ്യപരിരക്ഷ, സാമൂഹിക ശാക്തീകരണം എന്നിവ ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കുട്ടികളുടെ കഴിവുകള്‍ വികസിപ്പിക്കാനും മികച്ച ഭാവി ഉറപ്പാക്കാനുമായാണ് പദ്ധതി. യുഎഇയിലെ കുടുംബ-ശിശുക്ഷേമ മേഖലയില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സഹായിക്കുന്ന പദ്ധതി കൂടിയാണ് ‘മദര്‍ ഓഫ് ദ നേഷന്‍ എന്‍ഡോവ്മെന്റ്”. നിരവധി കുരുന്നുകളുടെ ജീവിതത്തിന് വെളിച്ചമേകുന്ന ഈ പദ്ധതിയിലേക്കാണ് യൂസഫലിയുടെ പിന്തുണ.

52 വര്‍ഷമായി അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തനിക്ക്, അബുദാബി ഭരണാധികാരിയും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ പ്രത്യേക താല്പര്യപ്രകാരം നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഏറെ അഭിമാനമുണ്ടെന്ന് എം.എ യൂസഫലി പറഞ്ഞു. യുഎഇയുടെ ജീവകരുണ്യപ്രവര്‍ത്തനങ്ങളുടെ മഹത്വം എടുത്തുകാട്ടുന്നതാണ് ‘മദര്‍ ഓഫ് ദ നേഷന്‍ എന്‍ഡോവ്മെന്റ്’ പദ്ധതി. രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാനും, മാനുഷിമൂല്യങ്ങളുടെയും ജീവകാരുണ്യത്തിന്റെയും പ്രതീകമായ രാഷ്ട്രമാതാവ് ഫാത്തിമ ബിന്‍ത് മുബാറക്കും മുന്നോട്ടുവച്ച കാരുണ്യത്തിന്റെ പാത പ്രതിഫലിക്കുന്നതാണ് പദ്ധതിയെന്നും നിരവധി കുട്ടികളുടെ ജീവിത്തിന് വെളിച്ചമേകുന്നുവെന്നും യൂസഫലി പറഞ്ഞു.

അബുദാബി ഔഖാഫിന്റെ മേല്‍നോട്ടത്തില്‍ പ്രത്യേക നിക്ഷേപ പദ്ധതിയാണ് അനാഥരായ കുട്ടികള്‍ക്കായി നടപ്പാക്കുന്നത്. സഹായം അര്‍ഹരായവരിലേക്ക് കൃത്യമായി എത്തുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ പ്രത്യേക നിരീക്ഷണ സംവിധാനവും പ്രവര്‍ത്തിക്കുന്നുണ്ട്. രാജ്യത്തെ എല്ലാ കുട്ടികള്‍ക്കും മികച്ച വിദ്യാഭ്യാസവും അടിസ്ഥാനസൗകര്യവും ഉറപ്പാക്കുക എന്ന ലക്ഷ്യമാണ് ഇതിലൂടെ യാഥാര്‍ത്ഥ്യമാകുന്നത്. ദാനധര്‍മ്മങ്ങളിലും സഹിഷ്ണുതയിലും അധിഷ്ഠിതമായ ഒരു സമൂഹത്തെ കെട്ടിപ്പടുക്കുന്നതിന്റെ ഭാഗമായാണ് ഈ പദ്ധതി ആവിഷ്‌ക്കരിച്ചിട്ടുള്ളത്

 

---- facebook comment plugin here -----

Latest