Connect with us

National

പഞ്ചാബിൽ ഒരുമുഴം നീട്ടിയെറിഞ്ഞ് എ എ പി; നിയമസഭാ തിരഞ്ഞെടുപ്പിന് ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കി

ജയിലിൽ കഴിയുന്ന മന്ത്രി സഞ്ജീവ് അറോറയ്ക്ക് ലുധിയാന വെസ്റ്റ് മണ്ഡലത്തിൽ സീറ്റ് നൽകി

Published

|

Last Updated

ചണ്ഡീഗഢ് | 2027 ലെ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുമ്പേ ഗോദയിലിറങ്ങി ആം ആദ്മി പാർട്ടി. പാർട്ടി സ്ഥാനാർഥികളുടെ ആദ്യ പട്ടിക പുറത്തുവിട്ടു. 40 സ്ഥാനാർത്ഥികളുള്ള പട്ടികയാണ് പാർട്ടി പ്രഖ്യാപിച്ചിരിക്കുന്നത്. മുഖ്യമന്ത്രി ഭഗവന്ത് മാൻ വീണ്ടും ധൂരി മണ്ഡലത്തിൽ നിന്ന് ജനവിധി തേടും. മുഖ്യമന്ത്രി ഭഗവന്ത് മാൻ, ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാൾ, സംസ്ഥാന ചുമതലയുള്ള മനീഷ് സിസോദിയ തുടങ്ങിയ മുതിർന്ന നേതാക്കൾ പങ്കെടുത്ത ഉന്നതതല യോഗത്തിന് ശേഷമാണ് സ്ഥാനാർത്ഥി നിർണയം നടത്തിയത്.

അസംബ്ലി സ്പീക്കർ കുൽതാർ സിംഗ് സന്ധ്വൻ കോട്കപുരയിൽ നിന്നും മത്സരിക്കും. ജയിലിൽ കഴിയുന്ന മന്ത്രി സഞ്ജീവ് അറോറയ്ക്ക് ലുധിയാന വെസ്റ്റ് മണ്ഡലത്തിൽ സീറ്റ് നൽകിയിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മെയ് മാസത്തിൽ അറസ്റ്റ് ചെയ്തതിനെ തുടർന്ന് അദ്ദേഹം ഇപ്പോൾ ഗുരുഗ്രാമിലെ ഭോണ്ട്സി ജയിലിലാണ് കഴിയുന്നത്. ഹാംപ്ടൺ സ്കൈ റിയാലിറ്റി ലിമിറ്റഡുമായി ബന്ധപ്പെട്ട വ്യാജ ജി എസ് ടി ബില്ലിംഗും കള്ളപ്പണക്കേസുമാണ് അദ്ദേഹത്തിനെതിരെയുള്ളത്. എന്നാൽ ഈ ആരോപണങ്ങൾ രാഷ്ട്രീയ പകപോക്കലാണെന്നാണ് ആപ് വിശേഷിപ്പിച്ചത്.

ആളുകൾക്ക് നൽകിയ ഉറപ്പുകളും നടത്തിയ പ്രവർത്തനങ്ങളിലുള്ള വിശ്വാസവുമാണ് മുൻകൂട്ടി സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പാർട്ടിയെ പ്രേരിപ്പിച്ചതെന്ന് മുഖ്യമന്ത്രി ഭഗവന്ത് മാൻ എക്സ് പ്ലാറ്റ്‌ഫോമിൽ വ്യക്തമാക്കി. പഞ്ചാബ് നിയമസഭയുടെ അഞ്ച് വർഷത്തെ കാലാവധി വരുന്ന മാർച്ച് 16 നാണ് അവസാനിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷൻ ഇതുവരെ വോട്ടെടുപ്പ് തീയതികൾ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അടുത്ത വർഷം ഫെബ്രുവരി – മാർച്ചോടെ തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആകെയുള്ള 117 സീറ്റുകളിൽ ആം ആദ്മി പാർട്ടിക്ക് നിലവിൽ 95 എം എൽ എമാർ ഉണ്ട്.

Content highlights: The Aam Aadmi Party has released its first list of 40 candidates for the 2027 Punjab Assembly elections. Chief Minister Bhagwant Mann will contest from Dhuri, while jailed minister Sanjeev Arora has been fielded from Ludhiana West. The upcoming state polls are expected to be held in early next year.

---- facebook comment plugin here -----

Latest