National
ഉത്തർപ്രദേശിൽ 1.27 കോടി ഹിന്ദുക്കളുടെ പേരുകൾ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടതായി യോഗി ആദിത്യനാഥ്
ജനസംഖ്യാ കണക്കുകൾ ചൂണ്ടിക്കാണിച്ച യോഗത്തിൽ, ഉത്തർപ്രദേശിലെ ആകെ വോട്ടർമാരുടെ എണ്ണം 16 കോടിയിലധികം വരേണ്ടതാണെന്നും എന്നാൽ നിലവിലെ കണക്കുകൾ പ്രകാരം ഇത് ഏകദേശം 13 കോടിയായി കുറഞ്ഞിട്ടുണ്ടെന്നും യോഗി
ലഖ്നൗ | വോട്ടർ പട്ടികയെ ചൊല്ലി രാജ്യവ്യാപകമായി പരാതികൾ ഉയരുന്നതിനിടെ, ഉത്തർപ്രദേശിലെ വോട്ടർ പട്ടികയിൽ കോടിക്കണക്കിന് ഹിന്ദുക്കളുടെ പേരുകൾ ഒഴിവാക്കപ്പെട്ടതായി അവകാശപ്പെട്ട് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്ത്. ലഖ്നൗവിൽ ബി ജെ പി സംസ്ഥാന നിർവ്വാഹക സമിതി യോഗത്തിലാണ് അദ്ദേഹം ഈ അവകാശവാദം ഉന്നയിച്ചത്. സംസ്ഥാനത്ത് 1.27 കോടി ഹിന്ദുക്കളുടെ പേരുകൾ വോട്ടർ പട്ടികയിൽ നിന്ന് വിട്ടുപോയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അർഹരായ മുഴുവൻ വോട്ടർമാരെയും പട്ടികയിൽ ഉൾപ്പെടുത്താൻ പാർട്ടി പ്രവർത്തകർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം നിർദ്ദേശം നൽകി.
ജനസംഖ്യാ കണക്കുകൾ ചൂണ്ടിക്കാണിച്ച യോഗത്തിൽ, ഉത്തർപ്രദേശിലെ ആകെ വോട്ടർമാരുടെ എണ്ണം 16 കോടിയിലധികം വരേണ്ടതാണെന്നും എന്നാൽ നിലവിലെ കണക്കുകൾ പ്രകാരം ഇത് ഏകദേശം 13 കോടിയായി കുറഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പഞ്ചായത്ത് വോട്ടർ പട്ടികയിൽ പേരുള്ള 66 ലക്ഷം ആളുകളുടെ പേരുകൾ നിയമസഭാ മണ്ഡലം വോട്ടർ പട്ടികയിൽ കാണാനില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സർക്കാർ ക്ഷേമ പദ്ധതികളുടെ 55 ലക്ഷം ഗുണഭോക്താക്കളുടെ പേരുകളും പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ട്. 18 നും 19 നും ഇടയിൽ പ്രായമുള്ള ഏകദേശം 4.5 ലക്ഷം യുവതീ യുവാക്കളുടെ പേരുകളും വോട്ടർ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ സ്പെഷ്യൽ ഇൻറൻസീവ് റിവിഷൻ (Special Intensive Revision) നടപടികൾക്കിടയിൽ വെറും നാല് ലക്ഷം വോട്ടർമാരെ മാത്രമാണ് സംസ്ഥാനത്തെ വോട്ടർ പട്ടികയിൽ പുതുതായി ചേർക്കാൻ കഴിഞ്ഞതെന്ന് യോഗത്തിൽ അഭിപ്രായമുയർന്നു. ബൂത്ത് ലെവൽ ഓഫീസർമാരുമായി ചേർന്ന് പ്രവർത്തിക്കാനും അർഹരായ എല്ലാ വോട്ടർമാരെയും പട്ടികയിൽ ഉറപ്പാക്കാനും ബി ജെ പി പ്രവർത്തകർക്ക് യോഗത്തിൽ നിർദ്ദേശം നൽകി. എം എൽ എമാർ, എം പിമാർ, പാർട്ടി ഭാരവാഹികൾ എന്നിവരും ഈ വിഷയത്തിൽ പ്രത്യേക ശ്രദ്ധ പതിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
Content Highlights: Uttar Pradesh Chief Minister Yogi Adityanath claimed that 1.27 crore Hindu names are missing from the state’s electoral rolls. Speaking at a BJP meeting, he urged workers to coordinate with BLOs to include all eligible voters. Over 2.04 crore names were earlier removed during the Special Intensive Revision process.




