Connect with us

Kerala

കാലിക്കറ്റ് സർവകലാശാലയിൽ സംഘർഷം രൂക്ഷം; ക്യാമ്പസ് അടച്ചു; ഹോസ്റ്റലുകൾ ഒഴിയാൻ വിദ്യാർഥികൾക്ക് നിർദേശം

മലപ്പുറം എസ് പി ചൈത്ര തെരേസ ജോണിന്റെ നിര്‍ദേശപ്രകാരമാണ് നടപടി.

Published

|

Last Updated

കോഴിക്കോട്| തിരഞ്ഞെടുപ്പിനിടെയുണ്ടായ യു ഡി എസ് എഫ്-എസ് എഫ് ഐ സംഘര്‍ഷത്തെത്തുടര്‍ന്ന് കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസ് അനിശ്ചിതകാലത്തേക്ക് അടച്ചു. മലപ്പുറം എസ് പി ചൈത്ര തെരേസ ജോണിന്റെ നിര്‍ദേശപ്രകാരമാണ് നടപടി. സര്‍വകലാശാലയിലെ പഠനവകുപ്പുകള്‍ ഉള്‍പ്പെടെ ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ പ്രവര്‍ത്തിക്കില്ല. പുരുഷ ഹോസ്റ്റലില്‍ താമസിക്കുന്ന മുഴുവന്‍ വിദ്യാര്‍ഥികളും ഒഴിയണമെന്നും സര്‍വകലാശാല അധികൃതര്‍ നിര്‍ദേശിച്ചു.

കഴിഞ്ഞ ബുധനാഴ്ചയാണ് കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസില്‍ തിരഞ്ഞെടുപ്പ് നടന്നത്. ഉച്ചയോടെ ആരംഭിച്ച യു ഡി എസ് എഫ്-എസ് എഫ് ഐ സംഘര്‍ഷം വിവിധയിടങ്ങളിലേക്ക് വ്യാപിച്ചു. മുഴുവന്‍ സീറ്റുകളിലും എസ് എഫ് ഐ വിജയിച്ചെന്ന ഫലം പുറത്തുവന്നതോടെ അര്‍ധരാത്രിയിലും അക്രമസംഭവങ്ങള്‍ തുടര്‍ന്നു.

ഉച്ചയ്ക്കുണ്ടായ സംഘര്‍ഷത്തില്‍ പരുക്കേറ്റ എസ് എഫ് ഐ പ്രവര്‍ത്തകര്‍ ചികിത്സയിലായിരുന്ന ചേളാരിയിലെ ആശുപത്രിയിലേക്ക് എം എസ് എഫ് പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി ആക്രമണം നടത്തിയതോടെ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളായി. ഇതിന് പിന്നാലെ പുലര്‍ച്ചെ രണ്ടരയോടെ എം എസ് എഫ് പ്രവര്‍ത്തകരായ സുഫിയാന്റെ ചാപ്പനങ്ങാടിയിലെ വീടിനും വളാഞ്ചേരിയിലെ നൗഫലിന്റെ വീടിനും നേരെ പെട്രോള്‍ ബോംബേറുണ്ടായി.

അതേ സമയം ക്യാമ്പസിലുണ്ടായ സംഘര്‍ഷം, ആശുപത്രി ആക്രമണം, പെട്രോള്‍ ബോംബേറ് എന്നിവയുമായി ബന്ധപ്പെട്ട് ഇതുവരെ ആറ് പേരാണ് അറസ്റ്റിലായത്. രണ്ട് യു ഡി എസ് എഫ് പ്രവര്‍ത്തകരും നാല് എസ് എഫ് ഐ പ്രവര്‍ത്തകരുമാണ് പിടിയിലായത്.

എസ് എഫ് ഐ പ്രവര്‍ത്തകരായ അഹമ്മദ് മര്‍ഷദ്, മുഹമ്മദ് മിഥിലാജ്, ഹനീന്‍, അഭിഷേക് എന്നിവരെ അറസ്റ്റ് ചെയ്തു. യു ഡി എസ് എഫ് പ്രവര്‍ത്തകരായ ഷറഫുദ്ദീന്‍, മുഹമ്മദ് ഫുഹാദ് എന്നിവരും അറസ്റ്റിലായി.

സംഘര്‍ഷത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്കെതിരെ നടപടിയെടുക്കുന്നതിനായി സര്‍വകലാശാലയുടെ അന്വേഷണവും പുരോഗമിക്കുകയാണ്.

Content Highlights: Calicut University campus has been closed indefinitely following violent clashes between UDSF and SFI during elections. Male hostel residents were ordered to vacate immediately based on Malappuram SP Chaitra Teresa John’s direction. Police arrested six individuals in connection with the violence.

---- facebook comment plugin here -----

Latest