National
പിതാവ് ഗുരുതരാവസ്ഥയില്‍; റിങ്കു സിങ് ഇന്ത്യന്‍ ക്യാമ്പ് വിട്ട് നാട്ടിലേക്ക് മടങ്ങി
താരം ചെവ്വാഴ്ച പുലര്‍ച്ചെ തന്നെ വീട്ടിലേക്ക് മടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
ചെന്നൈ | ടി20 ലോകകപ്പ് പോരാട്ടം പുരോഗമിക്കവെ ഇന്ത്യന്‍ ബാറ്റര്‍ റിങ്കു സിങ് ഇന്ത്യന്‍ ക്യാമ്പ് വിട്ട് നാട്ടിലേക്ക് മടങ്ങി. പിതാവ് ഖന്‍ചന്ദ് സിങിന്റെ ആരോഗ്യ സ്ഥിതി ഗുരുതരമാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് താരം ടീം വിട്ടത്. റിങ്കുവിന്റെ പിതാവ് നിലവില്‍ ഗെയ്റ്റര്‍ നോയ്ഡയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്
തിങ്കളാഴ്ചയാണ് റിങ്കു സിങ് ഇന്ത്യന്‍ ടീമിനൊപ്പം ചെന്നൈയിലേക്ക് പോയത്. ഇതിന് പിന്നാലെ താരം ചെവ്വാഴ്ച പുലര്‍ച്ചെ തന്നെ വീട്ടിലേക്ക് മടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ സൂപ്പര്‍ എട്ടിലെ ആദ്യ പോരാട്ടത്തില്‍ വന്‍ തോല്‍വി ഏറ്റുവാങ്ങിയതിന്റെ നിരാശയില്‍ ടീം നില്‍ക്കുന്നതിനിടെയാണ് റിങ്കുവിന്റെ മടക്കം. ടൂര്‍ണമെന്റില്‍ നിന്നു തന്നെ ടീം പുറത്താകുമെന്ന ആശങ്ക നില്‍ക്കുന്ന ഘട്ടത്തില്‍ കൂടിയാണ് താരത്തിന്റെ മടക്കം.ഇന്ത്യയുടെ അടുത്ത മത്സരം സിംബാബ്വെയാണ് നേരിടുന്നത്. ഈ മത്സരത്തില്‍ റിങ്കുവിന് കളിക്കാനായില്ലെങ്കില്‍ അക്ഷര്‍ പട്ടേല്‍ ടീമിലേക്ക് തിരിച്ചെത്തും. ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ കൂടിയായ അക്ഷര്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ പോരാട്ടത്തില്‍ കളിച്ചിരുന്നില്ല.
ഇനിയുള്ള മത്സരങ്ങളില്‍ ജയിക്കുകയും മറ്റുടീമുകളുടെ മത്സരഫലങ്ങള്‍ അനുകൂലമാകുകയും ചെയ്താല്‍ മാത്രമേ ഇന്ത്യ സെമിയിലേക്ക് പ്രവേശിക്കുകയുള്ളൂ




