Connect with us

From the print

സമുദായങ്ങള്‍ക്ക് എന്ത് കിട്ടി? ധവളപത്രം ഇറക്കണം

മത- സാമുദായിക നേതാക്കള്‍ സമൂഹത്തില്‍ ഭിന്നിപ്പും ചേരിതിരിവുമല്ല, യോജിപ്പും സൗഹൃദവുമാണ് ഉണ്ടാക്കേണ്ടതെന്ന് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീം ഖലീല്‍ ബുഖാരി.

Published

|

Last Updated

കണ്ണൂര്‍ | മത- സാമുദായിക നേതാക്കള്‍ സമൂഹത്തില്‍ ഭിന്നിപ്പും ചേരിതിരിവുമല്ല, യോജിപ്പും സൗഹൃദവുമാണ് ഉണ്ടാക്കേണ്ടതെന്ന് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീം ഖലീല്‍ ബുഖാരി. സമൂഹത്തില്‍ വിഭാഗീയതയും ഭിന്നിപ്പുമുണ്ടാക്കുന്നവര്‍ ഒറ്റപ്പെടും. അത്തരം സമീപനങ്ങള്‍ ആര് നടത്തുന്നുണ്ടെങ്കിലും അവസാനിപ്പിക്കണം. സമുദായങ്ങള്‍ക്ക് എന്ത് കിട്ടിയെന്നും കിട്ടിയില്ലെന്നും പറയേണ്ടത് സമുദായ നേതാക്കളല്ല, സര്‍ക്കാറാണ്. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ധവള പത്രമിറക്കണം.

സുന്നികള്‍ തമ്മില്‍ ഒന്നാകണമെന്ന് തന്നെയാണ് ആഗ്രഹം. അടുത്തുതന്നെ യോജിപ്പുണ്ടാകുമെന്നാണ് പ്രതീക്ഷ. പല തവണ ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ച ചെയ്തതാണ്.

കാന്തപുരം ഉസ്താദ് തന്നെ പല കാലത്തും ഐക്യം ആവശ്യപ്പെട്ടതാണ്. സുന്നി സംഘടനകള്‍ തമ്മില്‍ നേരത്തേയുള്ള അകലം കുറഞ്ഞിട്ടുണ്ടെന്നും ഐക്യം ഉടന്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ഖലീല്‍ തങ്ങള്‍ പറഞ്ഞു.

വികസന മുരടിപ്പ് മാറണം
വടക്കന്‍ കേരളത്തിന്റെ വികസന ഭൂപടത്തില്‍ നിര്‍ണായക സ്ഥാനമുള്ള കണ്ണൂര്‍ ജില്ല നേരിടുന്ന ജനകീയ പ്രശ്നങ്ങളില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ അടിയന്തരമായി ഇടപെടണമെന്ന് കേരള മുസ്ലിം ജമാഅത്ത് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപെട്ടു.

വലിയ പ്രതീക്ഷകളോടെ ആരംഭിച്ച കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം കടുത്ത അവഗണന നേരിടുകയാണ്. നീളമേറിയ റണ്‍വേയും അനുബന്ധ സംവിധാനങ്ങളുമുണ്ടായിട്ടും കൂടുതല്‍ വിമാന സര്‍വീസുകള്‍ തുടങ്ങുന്നില്ല. വിദേശ വിമാനങ്ങള്‍ക്ക് കൂടി സര്‍വീസ് നടത്താന്‍ അനുമതി നല്‍കിയും ദിനേന കൂടുതല്‍ സര്‍വീസുകള്‍ ഷെഡ്യൂള്‍ ചെയ്തും കണ്ണൂര്‍ വിമാനത്താവളത്തിന്റെ പ്രതീക്ഷകള്‍ നിലനിര്‍ത്തണം. വിദേശ വിമാന കമ്പനികള്‍ക്ക് സര്‍വീസ് നടത്താന്‍ അനുമതി നല്‍കാത്തത് പ്രവാസികളെയും സാധാരണക്കാരെയും ഒരുപോലെ വലയ്ക്കുന്നു.

വിമാന ടിക്കറ്റ് നിരക്കിലെ വന്‍ വര്‍ധന പ്രവാസികള്‍ക്കടക്കം വലിയ തിരിച്ചടിയാവുന്നുണ്ട്. ഇതില്‍ അടിയന്തരമായി ഇടപെട്ട് ‘പോയിന്റ്ഓഫ് കാള്‍’ പദവി നേടിയെടുക്കാന്‍ അധികൃതര്‍ തയ്യാറാകണം.

ജില്ലയിലെ മലയോര മേഖലകളില്‍ വന്യജീവിശല്യം കാരണം കര്‍ഷകര്‍ക്ക് ജീവിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. കാര്‍ഷിക വിളകള്‍ നശിപ്പിക്കപ്പെടുന്നതിനൊപ്പം മനുഷ്യജീവനുകള്‍ക്കും ഭീഷണിയുണ്ടാകുന്നു. ഇതിന് ശാശ്വത പരിഹാരം കാണാന്‍ വനം വകുപ്പും സര്‍ക്കാറും തയ്യാറാകണം.

ജില്ലയുടെ പാരമ്പര്യ വ്യവസായമായ കൈത്തറി മേഖലയിലെ തൊഴിലാളികളുടെ ജീവിതം വഴിമുട്ടാതിരിക്കാന്‍ പ്രത്യേക പാക്കേജുകള്‍ പ്രഖ്യാപിക്കാന്‍ സര്‍ക്കാറിന് കഴിയണം.

പരിയാരം മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുത്തെങ്കിലും, സാധാരണക്കാര്‍ക്ക് ലഭിക്കേണ്ട ചികിത്സാ ആനുകൂല്യങ്ങളും സൗകര്യങ്ങളും ഇനിയും മെച്ചപ്പെടേണ്ടതുണ്ട്. നാടിന്റെ വികസനവും പുരോഗതിയും മുന്‍നിര്‍ത്തി, ഈ വിഷയങ്ങളില്‍ അടിയന്തര ശ്രദ്ധയും പരിഹാരവും ഉണ്ടാകണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

വാര്‍ത്താസമ്മേളനത്തില്‍ സയ്യിദ് ഇബ്‌റാഹിമുല്‍ ഖലീല്‍ അല്‍ ബുഖാരി, വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, എന്‍ അലി അബ്ദുല്ല, അബ്ദുര്‍റശീദ് ദാരിമി, ഹനീഫ് പാനൂര്‍ പങ്കെടുത്തു.