From the print
എല്‍ എസ് എസ്, യു എസ് എസ് ഇനി സി എം കിഡ്‌സ്
പേരും പരീക്ഷാ മാനദണ്ഡങ്ങളും പരിഷ്‌കരിച്ചു.
തിരുവനന്തപുരം എല്‍ എസ് എസ്, യു എസ് എസ് പരീക്ഷകളുടെ പേരുമാറ്റി സര്‍ക്കാര്‍. സി എം കിഡ്സ് സ്‌കോളര്‍ഷിപ്പ് എന്ന പേരിലാകും ഇനി പരീക്ഷകള്‍ നടക്കുക. എല്‍ എസ് എസ് പരീക്ഷ ഇനി മുതല്‍ സി എം കിഡ്സ് സ്‌കോളര്‍ഷിപ്പ് എല്‍ പിയെന്നും യു എസ് എസ് പരീക്ഷ സി എം കിഡ്സ് സ്‌കോളര്‍ഷിപ്പ് യു പി എന്നുമാക്കിയാണ് മാറ്റിയത്. പരീക്ഷയുടെയും സ്‌കോളര്‍ഷിപ്പ് നല്‍കുന്നതിന്റെയും മാനദണ്ഡങ്ങളും പരിഷ്‌കരിച്ചിട്ടുണ്ട്.
കട്ട് ഓഫ് മാര്‍ക്ക്
സ്‌കോളര്‍ഷിപ്പ് ലഭിക്കാന്‍ കട്ട് ഓഫ് മാര്‍ക്ക് ഏര്‍പ്പെടുത്തിയാണ് പുതിയ പരിഷ്‌കാരം. നിലവിലെ രീതിയില്‍ എല്‍ എസ് എസ് പരീക്ഷയില്‍ 60 ശതമാനം മാര്‍ക്കും യു എസ് എസില്‍ 70 ശതമാനം മാര്‍ക്കും ലഭിച്ചാല്‍ സ്‌കോളര്‍ഷിപ്പ് ലഭിക്കും. ഈ മാനദണ്ഡം ഓരോ വര്‍ഷവും സ്‌കോളര്‍ഷിപ്പ് ജേതാക്കളില്‍ ഏറ്റക്കുറച്ചിലുകള്‍ സൃഷ്ടിക്കുന്നതിനാല്‍ ഇത് അശാസ്ത്രീയമാണെന്ന് വിലയിരുത്തിയാണ് മാറ്റം വരുത്തിയത്.
ചോദ്യപേപ്പറിന്റെ കാഠിന്യം കൂടുന്ന വര്‍ഷങ്ങളില്‍ വിജയികളുടെ എണ്ണം കുത്തനെ കുറയുന്ന സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇത് പരിഹരിക്കാന്‍ കൂടിയാണ് കട്ട് ഓഫ് രീതി. കട്ട് ഓഫ് മാര്‍ക്ക് ഓരോ വര്‍ഷവും മൂല്യനിര്‍ണയത്തിന് ശേഷം പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയിലുള്ള പരീക്ഷാ ബോര്‍ഡായിരിക്കും നിശ്ചയിക്കുക. ഇത് പരീക്ഷാ ഫലത്തില്‍ സ്ഥിരത ഉറപ്പാക്കാനും അര്‍ഹരായ കൂടുതല്‍ കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ് ലഭിക്കാനും സഹായിക്കും.
സര്‍ട്ടിഫിക്കറ്റ്
സി എം കിസ്ഡ് സ്‌കോളര്‍ഷിപ്പ് എല്‍ പി പരീക്ഷയുടെ സര്‍ട്ടിഫിക്കറ്റുകള്‍ പരീക്ഷാഭവനില്‍ നിന്ന് സ്‌കൂള്‍ പ്രഥമാധ്യാപകരുടെ ലോഗിന്‍ മുഖേന വിതരണം ചെയ്യും. സ്‌കോളര്‍ഷിപ്പ് തുക അടുത്ത അധ്യയന വര്‍ഷം മുതല്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിലെ സ്‌കോളര്‍ഷിപ്പ് സെല്ലില്‍ നിന്നായിരിക്കും വിതരണം ചെയ്യുക.
പരീക്ഷാ നടത്തിപ്പിനുള്ള നിര്‍ദേശങ്ങള്‍, ചോദ്യപേപ്പര്‍, ആവശ്യമായ ഫോറങ്ങള്‍ തുടങ്ങിയവ പരീക്ഷാഭവനാണ് തയ്യാറാക്കി നല്‍കുക. ജില്ലാതല പരീക്ഷാ സമിതിയുടെ മേല്‍നോട്ടത്തിലായിരിക്കും ജില്ലകളിലെ മുഴുവന്‍ പരീക്ഷാ പ്രവര്‍ത്തനങ്ങളും നടക്കുക. മൂല്യനിര്‍ണയത്തിന് ശേഷം ഉപജില്ലകളില്‍ നിന്ന് ലഭിക്കുന്ന സ്‌കോര്‍ പരിശോധിച്ച് ഉപജില്ല തിരിച്ച് പരീക്ഷാ ഭവന്‍ ഫലപ്രഖ്യാപനം നടത്തും. സി എം കിഡ്സ് സ്‌കോളര്‍ഷിപ്പ് എല്‍ പി പരീക്ഷയുടെ ഉത്തരക്കടലാസിന്റെ പകര്‍പ്പ് പരീക്ഷാര്‍ഥികള്‍ക്കോ ബന്ധപ്പെട്ടവര്‍ക്കോ നല്‍കില്ലെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
മുന്‍കാലങ്ങളിലേതുപോലെ പരീക്ഷയുടെ താളംതെറ്റാതിരിക്കാന്‍ നിശ്ചിത കലന്‍ഡര്‍ നിശ്ചയിച്ചാകും പരീക്ഷകള്‍ നടത്തുക. ഇതിനായി ജനുവരി 31 വരെയുള്ള കാലയളവിലെ സ്‌കൂള്‍ പാഠ്യപദ്ധതി ഉള്ളടക്കം പരീക്ഷകളുടെ ചോദ്യങ്ങളില്‍ ഉള്‍പ്പെടുത്താനും പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. ഒപ്പം എല്‍ എസ് എസില്‍ സംസ്ഥാനതലത്തില്‍ സ്‌കോളര്‍ഷിപ്പ് ജേതാക്കളെ നിശ്ചയിക്കുന്നത് ഉപജില്ലാതലത്തിലാക്കി മാറ്റിയിട്ടുണ്ട്. യു എസ് എസില്‍ ഒ എം ആര്‍ പരീക്ഷാരീതി തുടരും. രണ്ട് സ്‌കോളര്‍ഷിപ്പ് പരീക്ഷകളിലും പരിഷ്‌കാരം വരുത്തിയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് വിജ്ഞാപനമിറക്കിയത്. മാതൃകാ ചോദ്യപ്പേപ്പര്‍ ഉള്‍പ്പെടെയാണ് വിജ്ഞാപനം. ഫെബ്രുവരി 26നാണ് ഈ വര്‍ഷത്തെ പരീക്ഷ. ഈ മാസം 30 മുതല്‍ സ്‌കൂള്‍ തലത്തിലുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിക്കും. അതേസമയം, തീരുമാനത്തിനെതിരെ പ്രതിപക്ഷ അധ്യാപക സംഘടനകള്‍ എതിര്‍പ്പുമായി രംഗത്തെത്തിയിട്ടുണ്ട്.



