Connect with us

International

ആയത്തുല്ല അലി ഖാംനഈയുടെ വസതി തകർന്നടിഞ്ഞു; ഖാംനഈ കാെല്ലപ്പെട്ടോ? ദുരൂഹം

ആക്രമണ സമയത്ത് അലി ഖാംനഈ വസതിയിലുണ്ടായിരുന്നോ എന്ന കാര്യത്തിൽ വ്യക്തതയില്ലെന്നും അദ്ദേഹത്തെ നിലവിൽ കാണാനില്ലെന്നും റിപ്പോർട്ടുകൾ

Published

|

Last Updated

ടെഹ്റാൻ | ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയുടെ വസതിക്ക് നേരെ ഇസ്റാഈലും അമേരിക്കയും സംയുക്തമായി നടത്തിയ ആക്രമണത്തിന്റെ പുതിയ ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്. ശനിയാഴ്ച പുലർച്ചെ നടന്ന ‘ഓപ്പറേഷൻ റോറിങ് ലയൺ’ എന്ന് പേരിട്ട സൈനിക നടപടിയിലാണ് ടെഹ്‌റാനിലെ അതീവ സുരക്ഷാ മേഖലയിലുള്ള ഖാംനഈയുടെ വസതി ലക്ഷ്യമിട്ടത്. എയർബസ് പകർത്തിയതും ദ ന്യൂയോർക്ക് ടൈംസ് പുറത്തുവിട്ടതുമായ ചിത്രങ്ങളിൽ ഖാംനഈയുടെ വസതി ഉൾപ്പെടുന്ന സമുച്ചയത്തിന് മുകളിൽ കറുത്ത പുക ഉയരുന്നതും ചില കെട്ടിടങ്ങൾ തകർന്ന നിലയിലും കാണാം.

ആക്രമണ സമയത്ത് അലി ഖാംനഈ വസതിയിലുണ്ടായിരുന്നോ എന്ന കാര്യത്തിൽ വ്യക്തതയില്ലെന്നും അദ്ദേഹത്തെ നിലവിൽ കാണാനില്ലെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അലി ഖാംനഈയെയും ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയനെയും ലക്ഷ്യമിട്ടാണ് ശനിയാഴ്ച ആക്രമണം നടത്തിയതെന്ന് ഇസ്റാഈൽ ഉദ്യോഗസ്ഥർ വാർത്താ ഏജൻസിയായ റോയിട്ടേഴ്സിനോട് വെളിപ്പെടുത്തി. ആക്രമണത്തിൽ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡിലെ മുതിർന്ന കമാൻഡർമാരും രാഷ്ട്രീയ നേതാക്കളും കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാത്ത വിവരമുണ്ട്.

ഇറാന്റെ സൈനിക കേന്ദ്രങ്ങൾ, മിസൈൽ ഉൽപ്പാദന കേന്ദ്രങ്ങൾ, ഖാംനഈയുടെ ഓഫീസ് പരിസരം എന്നിവടങ്ങളിലാണ് സംയുക്ത ആക്രമണം ഉണ്ടായത്. യുഎസ് സൈനിക നടപടി അതിശക്തമായി തുടരുകയാണെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ പ്രഖ്യാപിച്ചു. ഇറാൻ ഭരണകൂടത്തെ ഏറ്റെടുക്കാൻ അവിടുത്തെ ജനങ്ങളോട് ആഹ്വാനം ചെയ്ത ട്രംപ്, ഇറാൻ സൈന്യവും പോലീസും ആയുധം വെച്ച് കീഴടങ്ങണമെന്നും അല്ലാത്തപക്ഷം മരണം ഉറപ്പാണെന്നും മുന്നറിയിപ്പ് നൽകി.

യുഎസ് – ഇസ്റാഈൽ ആക്രമണത്തിന് മറുപടിയായി പശ്ചിമേഷ്യയിലെ യുഎസ് സൈനിക കേന്ദ്രങ്ങൾക്കും ഇസ്റാഈലിനും നേരെ ഇറാൻ പ്രത്യാക്രമണം ആരംഭിച്ചിട്ടുണ്ട്. യുഎഇ, ബഹ്‌റൈൻ, ഖത്തർ എന്നിവിടങ്ങളിൽ സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തു. യുഎഇയിൽ ഒരാൾ കൊല്ലപ്പെട്ടതായും ദുബായിലും സഊദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലും സ്ഫോടന ശബ്ദങ്ങൾ കേട്ടതായും റിപ്പോർട്ടുകൾ പറയുന്നു. ഇരു രാജ്യങ്ങളും തമ്മിൽ നയതന്ത്ര ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് ഈ ക്രൂരമായ സൈനിക അധിനിവേശമെന്ന് ഇറാന്റെ വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി. ഇസ്റാഈൽ – യുഎസ് ആക്രമണത്തിൽ 40 സ്കൂൾ വിദ്യാർത്ഥികൾ കൊല്ലപ്പെട്ടതായും വിവരമുണ്ട്.

 

Summary

Satellite images have revealed significant damage to the compound of Iran’s Supreme Leader Ayatollah Ali Khamenei following joint airstrikes by the US and Israel under ‘Operation Roaring Lion’. While the whereabouts of Khamenei remain unknown, President Donald Trump described the military campaign as massive and called for the overthrow of the Iranian government. In retaliation, Iran has launched missile strikes targeting US bases and cities across the Middle East, including explosions reported in Dubai and Riyadh.

Latest