International
ദുബൈയിലും ഖത്തറിലും കുവൈത്തിലും വീണ്ടും ആക്രമണങ്ങളെന്ന് റിപ്പോർട്ട്; ഇറാൻ പ്രതിരോധ മന്ത്രി കൊല്ലപ്പെട്ടതായി വാർത്ത
കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയും ഡ്രോൺ ആക്രമണം; ജീവനക്കാർക്ക് പരിക്കേൽക്കുകയും നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തതായി കുവൈത്ത് വാർത്താ ഏജൻസി
ഇറാനിയൻ മിസൈലുകൾ ഖത്തർ തടയുമ്പോൾ ദോഹയുടെ ആകാശത്ത് പുക ഉയരുന്നു
ദുബൈ | ഇസ്റാഈൽ-യുഎസ് സഖ്യത്തിന്റെ ആക്രമണത്തിന് പിന്നാലെ പശ്ചിമേഷ്യയിൽ യുദ്ധം പടരുന്നു. ദുബൈയിലും ഖത്തറിലും കുവൈതതിലും വീണ്ടും ആക്രമണങ്ങൾ ഉണ്ടായതായി റിപ്പോർട്ടുകൾ. ദുബൈയിലെ പാം ഐലൻഡ് മേഖലയിൽ വൻ സ്ഫോടനവും തീപിടുത്തവുമുണ്ടായതായി ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ഖത്തർ തലസ്ഥാനമായ ദോഹയിലും കുവൈത്തിലും ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ തുടരുകയാണ്.
ദുബായിൽ സ്ഫോടനത്തിന് പിന്നാലെ ആകാശത്ത് പുകപടലങ്ങൾ ഉയർന്നതായാണ് റിപ്പോർട്ട്. ഖത്തറിലെ ദോഹയിൽ മിസൈലുകൾ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് തടയുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയും ഡ്രോൺ ആക്രമണം ഉണ്ടായി. ആക്രമണത്തിൽ വിമാനത്താവളത്തിലെ ജീവനക്കാർക്ക് പരിക്കേൽക്കുകയും നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തതായി കുവൈത്ത് വാർത്താ ഏജൻസി അറിയിച്ചു. യു എ ഇയിലെ ഷാർജ വിമാനത്താവളം മുൻകരുതൽ നടപടിയുടെ ഭാഗമായി പ്രവർത്തനം താത്കാലികമായി നിർത്തിവെച്ചു.
സാഹചര്യം കണക്കിലെടുത്ത് യു എ ഇയിലെ സ്വദേശികളും വിദേശികളും സുരക്ഷിത സ്ഥാനങ്ങളിൽ വീടിനുള്ളിൽ തന്നെ തുടരണമെന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റി (NCEMA) നിർദ്ദേശം നൽകി. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും അധികൃതർ അറിയിച്ചു. യു എ ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ താനിയും ഫോണിലൂടെ സംസാരിക്കുകയും മേഖലയിലെ ഇറാൻ നടത്തുന്ന ആക്രമണങ്ങളെ ശക്തമായി അപലപിക്കുകയും ചെയ്തു.
ഇസ്റാഈൽ നടത്തിയ ആക്രമണത്തിൽ ഇറാന്റെ പ്രതിരോധ മന്ത്രി അമീർ നാസിർസാദെ, റെവല്യൂഷണറി ഗാർഡ് കമാൻഡർ മുഹമ്മദ് പാക്പൂർ എന്നിവർ കൊല്ലപ്പെട്ടതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ഇസ്റാഈൽ സൈനിക നടപടികളെക്കുറിച്ച് ധാരണയുള്ള ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് വാർത്ത പുറത്തുവന്നത്. ഇറാന്റെ ഉന്നത സൈനിക നേതൃത്വത്തിന് ഏറ്റ കനത്ത പ്രഹരമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
Summary
The conflict in the Middle East has escalated sharply with Iran launching retaliatory strikes on the UAE, Qatar, and Kuwait, leading to explosions in Dubai’s Palm Island and a drone strike on Kuwait International Airport. Amidst the chaos, unconfirmed reports state that Iran’s Defence Minister and a top Revolutionary Guards commander were killed in earlier Israeli strikes. In response to the growing danger, UAE authorities have urged all residents to stay indoors, while Sharjah Airport has suspended all flight operations until further notice.



