articles
ചെങ്കോട്ടയിലൂടെ വെളിപ്പെടുന്നത്
സുരക്ഷ ഉള്‍പ്പെടെയുള്ള ചോദ്യങ്ങള്‍ പലതും ഉയരുന്നുണ്ടെങ്കിലും ഈ സംഭവത്തിന് പിന്നിലെ പ്രതികള്‍ കശ്മീരില്‍ നിന്നുള്ളവരാണെന്നതിന്റെ പേരില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ചോദ്യങ്ങളില്‍ നിന്ന് രക്ഷപ്പെട്ടുപോകുന്നു. മാധ്യമങ്ങള്‍ പോലും കേന്ദ്രത്തിനോടോ ആഭ്യന്തര മന്ത്രിയോടോ ചോദ്യങ്ങള്‍ ഉന്നയിക്കുന്നില്ല.
പുരാന ദില്ലിയുടെ ഹൃദയ ഭാഗമായ ചെങ്കോട്ടക്ക് തൊട്ടടുത്ത് കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരം ഏഴോടെ നടന്ന സ്‌ഫോടനം രാജ്യത്തെയാകെ നടുക്കുന്നതായിരുന്നു. ചെങ്കോട്ടയുടെ തൊട്ടടുത്തുള്ള മെട്രോ സ്റ്റേഷന്റെ ഒന്നാം നമ്പര്‍ ഗെയ്റ്റിന് മുന്നില്‍, റെഡ് സിഗ്‌നല്‍ ലൈറ്റിനടുത്ത് വെച്ച് ഓടിക്കൊണ്ടിരുന്ന ഹൂണ്ടായി ഐ 20 കാറിലാണ് സ്‌ഫോടനം നടന്നത്.
രാജ്യത്തെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായ ചെങ്കോട്ടയും അതിന് തൊട്ട് എതിര്‍ വശത്ത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുരാതന മാര്‍ക്കറ്റുകളിലൊന്നായ ചാന്ദ്‌നി ചൗക്കും നിലകൊള്ളുന്ന, ഏത് സമയത്തും ആള്‍ക്കൂട്ടമുണ്ടാകുന്ന സുപ്രധാന സ്ഥലങ്ങളിലൊന്നാണ് ഈ പ്രദേശം. അവിടെ ഏറ്റവും തിരക്കേറിയ ഒരു വൈകുന്നേരമാണ് സ്‌ഫോടനം നടന്നിരിക്കുന്നത്. സ്‌ഫോടനത്തിന് പിന്നാലെ പരുക്കേറ്റവരുടെയും മരണപ്പെട്ടവരുടെയും ശരീരാവശിഷ്ടങ്ങള്‍ ചിതറിക്കിടക്കുന്നതാണ് ദൃക്‌സാക്ഷികള്‍ക്ക് കാണാനായത്. ഭയാനകമായ ആ ദൃശ്യങ്ങള്‍ വിവരിക്കാനാകില്ലെന്നാണ് സ്‌ഫോടന സമയത്ത് തൊട്ടടുത്തുണ്ടായിരുന്നവര്‍ പറയുന്നത്. വലിയൊരു തീഗോളം രൂപപ്പെട്ടെന്നും പിന്നാലെ എല്ലാം അവസാനിക്കുന്നുവെന്ന തോന്നലുണ്ടായിയെന്നും തലനാരിഴക്ക് രക്ഷപ്പെട്ടവര്‍ സാക്ഷ്യപ്പെടുത്തുന്നു.
പോലീസും അഗ്നിരക്ഷാ വിഭാഗവും എത്തി തീയണക്കല്‍ ആരംഭിച്ചതിന് ശേഷം, സ്‌ഫോടനം നടന്നതിന് അടുത്തെത്തിയപ്പോള്‍ റോഡില്‍ ശരീരഭാഗങ്ങള്‍ ചിതറിക്കിടക്കുന്നത് കണ്ടു. എന്താണ് സംഭവിച്ചതെന്ന് ആര്‍ക്കും മനസ്സിലായില്ല. നിരവധി കാറുകളും ഇ-റിക്ഷകളും അഗ്നിക്കിരയായതായും കണ്ടുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.
പരുക്കേറ്റവരെയും സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരെയും എത്തിച്ച എല്‍ എന്‍ ജെ പി ആശുപത്രിക്ക് മുന്നില്‍ നിന്ന് തിങ്കളാഴ്ച രാത്രി മുതലുള്ള കാഴ്ചകളും ദയനീയമാണ്. ഉറ്റവരുടെ ചിന്നിച്ചിതറിയതും കത്തിക്കരിഞ്ഞതുമായ മൃതദേഹങ്ങള്‍ക്കായി കാത്തിരിക്കുന്ന കുറേ മനുഷ്യര്‍. അവരുടെ ഭാര്യമാരും മാതാപിതാക്കളും സഹോദരങ്ങളും പരസ്പരം കെട്ടിപ്പിടിച്ച് കരയുന്നു. കൊല്ലപ്പെട്ടവരില്‍ ഇ-റിക്ഷ ഡ്രൈവര്‍മാര്‍ മുതല്‍ ബിസിനസ്സ് ആവശ്യത്തിനായി ചാന്ദ്‌നി ചൗക്ക് മാര്‍ക്കറ്റില്‍ എത്തിയവര്‍ വരെയുണ്ട്. ഉത്തര്‍പ്രദേശിലെ ഷാംലിയില്‍ നിന്നുള്ള 23 വയസ്സുള്ള നുഅ്മാന്‍ അന്‍സാരി തന്റെ ഷോപ്പിലേക്ക് സാധനങ്ങള്‍ പര്‍ച്ചേസ് ചെയ്യാനെത്തിയതായിരുന്നു. നിര്‍ഭാഗ്യകരമായ സംഭവത്തില്‍ ജീവന്‍ നഷ്ടമായി.
കുടുംബത്തിന്റെ പ്രധാന ആശ്രയമായിരുന്നു നുഅ്മാന്‍. മൂത്ത സഹോദരന്‍ ഫര്‍മാന്‍ വൃക്ക രോഗത്തെത്തുടര്‍ന്ന് ചികിത്സയിലായതോടെ നുഅ്മാന്‍ ഒരു സൗന്ദര്യവര്‍ധക വസ്തു ഷോപ്പ് തുറന്നു. ഇത് വഴി ലഭിക്കുന്ന പണം കൊണ്ടായിരുന്നു സഹോദരന്റെ ചികിത്സാ ചെലവുകളും വീട്ടുചെലവുകളും നടത്തിയിരുന്നത്. പിതാവും മാതാവും സഹോദരനും നാല് സഹോദരിമാരും ഉള്‍പ്പെടുന്നതാണ് നുഅ്മാന്റെ കുടുംബം. ഷോപ്പിലേക്ക് സാധനങ്ങള്‍ വാങ്ങാനായി ബന്ധു അമാനൊപ്പം തിങ്കളാഴ്ചയാണ് നുഅ്മാന്‍ ഡല്‍ഹിയിലെത്തിയത്. സ്‌ഫോടനത്തില്‍ നുഅ്മാന് ജീവന്‍ നഷ്ടപ്പെട്ടു. അമാന് ഗുരുതരമായി പരുക്കേറ്റു. സ്‌ഫോടന വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ കുടുംബം ഇരുവരെയും വിളിക്കാന്‍ ശ്രമിച്ചു. പക്ഷേ ഒരു അപരിചിതനാണ് ഫോണ്‍ എടുത്ത് സ്‌ഫോടന വാര്‍ത്ത പറഞ്ഞത്. നുഅ്മാന്റെ ചുവന്ന ഷര്‍ട്ട് നോക്കിയാണ് കുടുംബം മൃതദേഹം തിരിച്ചറിഞ്ഞത്. ചാന്ദ്നി ചൗക്കിലെ ഒരു ഇ-റിക്ഷ തൊഴിലാളിയായിരുന്നു മുഹ്സിന്‍.
ഭാര്യയുടെയും രണ്ട് കുട്ടികളുടെയും ഏക ആശ്രയം. മരിച്ചവരില്‍ വേറെയും ഇ-റിക്ഷ ഡ്രൈവര്‍മാര്‍ ഉള്‍പ്പെട്ടിട്ടുണ്ട്. സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ചൗന്ദ്‌നി ചൗക്കിലെ ഫാര്‍മസ്യൂട്ടിക്കല്‍ ഹോള്‍സെയിലറായ അമര്‍ കട്ടാരിയുടെ മൃതദേഹം കൈയിലെ ടാറ്റൂകളിലൂടെയാണ് കുടുംബം തിരിച്ചറിഞ്ഞത്. ഇങ്ങനെ സാധാരണക്കാരായ നിരവധി പേര്‍ക്കാണ് നിമിഷങ്ങള്‍ കൊണ്ട് ജീവന്‍ നഷ്ടമായത്. ഇതുവരെ 13 പേരാണ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിരിക്കുന്നത്. തിരിച്ചറിയാത്തവരുടെ മൃതദേഹങ്ങള്‍ അവകാശ വാദവുമായി എത്തുന്ന കുടുംബങ്ങള്‍ക്ക് ഡി എന്‍ എ പരിശോധനക്ക് ശേഷം വിട്ടുനല്‍കുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.
രാജ്യത്ത് ഭീകരവാദ ശ്രമങ്ങള്‍ ശക്തിപ്രാപിക്കുന്നുവോയെന്ന ചോദ്യവും ഡല്‍ഹി ഉള്‍പ്പെടെയുള്ള രാജ്യത്തെ സുപ്രധാന മേഖലകളിലേക്ക് വാഹനങ്ങളില്‍ സ്‌ഫോടക വസ്തുക്കള്‍ എത്തിക്കാന്‍ സാധിക്കുന്ന തരത്തില്‍ സുരക്ഷ താറുമാറായോ എന്ന ചോദ്യവും ഒരു പോലെ ഉയര്‍ത്തേണ്ട സന്ദര്‍ഭമാണിതെന്ന് തോന്നുന്നു. ഹരിയാന ഫരീദാബാദിലെ അല്‍ഫലാഹ് സര്‍വകലാശാലയുടെ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ജമ്മു കശ്മീര്‍ സ്വദേശിയായ മെഡിക്കല്‍ ഡോക്ടര്‍ മുജമ്മല്‍ ശക്കീലിന്റെ വാടക വീട്ടില്‍ നിന്ന് 2,900 കിലോ സ്‌ഫോടക വസ്തുക്കള്‍ ജമ്മു കശ്മീര്‍ പോലീസിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ പിടിച്ചെടുത്തതിന് പിന്നാലെയായിരുന്നു ഡല്‍ഹിയിലെ സ്‌ഫോടനം. ഒക്ടോബര്‍ 27ന് ശ്രീനഗറില്‍ നിരോധിത ഭീകര സംഘടനയായ ജയ്ശെ മുഹമ്മദിനെ പിന്തുണക്കുന്ന പോസ്റ്ററുകള്‍ ഒട്ടിച്ചതിന് ഉത്തര്‍പ്രദേശിലെ സഹാറന്‍പൂരില്‍ നിന്ന് കശ്മീര്‍ സ്വദേശിയായ ഡോ. ആദില്‍ അഹമ്മദ് റാത്തറിനെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ ഓപറേഷനിലാണ് ഫരീദാബാദിലെ ധൗജ് ഗ്രാമത്തില്‍ നിന്ന് ജമ്മു കശ്മീര്‍ സ്വദേശിയായ മറ്റൊരു ഡോക്ടറുടെ രണ്ട് വാടക വീടുകളില്‍ നിന്നായി 2,900 കിലോ സ്‌ഫോടക വസ്തുക്കളും തോക്കുകളും വെടിക്കോപ്പുകളും പിടിച്ചെടുത്തത്.
ഒരു എ കെ-47 റൈഫിള്‍, ഒരു പിസ്റ്റള്‍, മൂന്ന് മാഗസിനുകള്‍, 20 ടൈമറുകള്‍, ഒരു വാക്കി ടോക്കി സെറ്റ്, വെടിമരുന്ന് എന്നിവയും ഡോ. മുജ്ജമ്മല്‍ ശക്കീല്‍ വാടകക്കെടുത്ത വീട്ടില്‍ നിന്ന് കണ്ടെടുത്തിരുന്നു. ഈ കേസില്‍ പോലീസ് തിരയുന്ന ഡോ. ഉമര്‍ നബിയാണ് സ്‌ഫോടനം നടത്തിയതെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. പുല്‍വാമയിലെ കോയില്‍ സ്വദേശിയായ ഉമര്‍ നബിയും ഹരിയാനയിലെ ഫരീദാബാദ് അല്‍ഫലാഹ് സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് റിസര്‍ച്ച് സെന്ററില്‍ ജോലി ചെയ്തിരുന്നു. പോലീസും അന്വേഷണ സംഘങ്ങളും നല്‍കുന്ന ഈ വിവരങ്ങള്‍ വിശ്വസനീയമാണെങ്കില്‍ ഡോക്ടര്‍മാരെ പോലെ ഉന്നത വിദ്യാഭ്യാസം നേടിയവര്‍ ഇത്തരം ഭീകരവാദ പ്രവര്‍ത്തനങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടുന്നുവെന്ന ആശങ്ക അഭിസംബോധന ചെയ്യപ്പെടേണ്ടതുണ്ട്. അതിന്റെ കാരണമെന്താണെന്നും എവിടെ വെച്ചാണ് ഇത്തരം ഭീകരവാദ പ്രവര്‍ത്തനങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടുന്നത് എന്നും പരിശോധനക്ക് വിധേയമാക്കണം.
പാകിസ്താന്‍ ഉള്‍പ്പെടെയുള്ള വിദേശ ശക്തികള്‍ക്ക് കശ്മീര്‍ ജനതയില്‍ ഇപ്പോഴും സ്വാധീനം ചെലുത്താന്‍ കഴിയുന്നുവെന്നതാണ് പരിശോധനക്ക് ശേഷമുള്ള ഫലമെങ്കില്‍ കശ്മീര്‍ ജനതയെ വിശ്വാസത്തിലെടുക്കാനുള്ള ശ്രമങ്ങള്‍ പരാജയമായിരുന്നുവെന്ന് സമ്മതിക്കേണ്ടിവരും. അതേസമയം, വൈറ്റ് കോളര്‍ ഭീകരവാദം എന്ന പേരില്‍ മുസ്‌ലിംകളെ വേട്ടയാടാനുള്ള പുതിയ പദ്ധതിയായി ഇത് രൂപപ്പെടുന്നത് തടയുകയും വേണം. അത്തരം ചില നീക്കങ്ങള്‍ ഹിന്ദുത്വ സാമൂഹിക മാധ്യമങ്ങള്‍ വഴി രാജ്യത്താകെയും ഹിന്ദുത്വ, ക്രിസംഘി ഹാന്‍ഡിലുകള്‍ വഴി കേരളത്തിലും ആരംഭിച്ചിട്ടുണ്ട്. മുസ്‌ലിംകള്‍ വിദ്യാഭ്യാസം നേടുന്നതിലുള്ള അസഹിഷ്ണുത ഇത്തരം വികൃത മനസ്സുള്ളവരുടെ പോസ്റ്റുകളില്‍ നിന്ന് വ്യക്തമാണ്. ഇത് രാജ്യത്താകെ പടരുന്ന ഒരു ക്യാന്‍സറായി മാറാതിരിക്കാന്‍ ജാഗ്രത വേണം. മറ്റൊരു പ്രശ്‌നം ഹരിയാനയിലെ മുസ്‌ലിം മാനേജ്‌മെന്റിന് കീഴിലുള്ള അല്‍ഫലാഹ് സര്‍വകലാശാലക്കെതിരെ ഉയരുന്ന ആരോപണങ്ങളാണ്. അല്‍ഫലാഹ് സര്‍വകലാശാലയുടെ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന ഡോക്ടര്‍മാരില്‍ ചിലര്‍ ഈ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും സര്‍വകലാശാലക്കോ അതിന്റെ മാനേജ്‌മെന്റിനോ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഒരു പങ്കുമില്ലെന്നാണ് ഇപ്പോഴുള്ള വിവരം.
എന്നാല്‍, പ്രസ്തുത സ്ഥാപനത്തിന് നേരെ സാമൂഹിക മാധ്യമങ്ങളിലടക്കം വ്യാപക പ്രചാരണത്തിനുള്ള നീക്കങ്ങള്‍ ഒരു വശത്ത് നടക്കുന്നു. ഇവയും പ്രതിരോധിക്കപ്പെടേണ്ടതുണ്ട്.
ഡല്‍ഹി സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഉയരുന്ന മറ്റൊരു പ്രശ്‌നം സുരക്ഷയുമായി ബന്ധപ്പെട്ടതാണ്. സ്‌ഫോടനം നടത്തിയെന്ന് പോലീസ് പറയപ്പെടുന്ന എച്ച് ആര്‍ 26 സി ഇ 7674 എന്ന രജിസ്‌ട്രേഷനിലുള്ള 2013 മോഡല്‍ ഹൂണ്ടായി ഐ 20 കാറില്‍ പോലീസ് തിരഞ്ഞുകൊണ്ടിരുന്ന ഡോ. ഉമര്‍ നബി സ്‌ഫോടക വസ്തുക്കളുമായി കിലോമീറ്ററുകള്‍ സഞ്ചരിച്ച് ഹരിയാന-ഡല്‍ഹി അതിര്‍ത്തിയായ ബദര്‍പൂര്‍ ബോര്‍ഡര്‍ വഴി ഡല്‍ഹിയിലെത്തിയെന്നാണ് പറയപ്പെടുന്നത്. സ്‌ഫോടനം നടക്കുന്നതിന് 11 മണിക്കൂര്‍ മുമ്പ് ഫരീദാബാദില്‍ നിന്ന് ചെങ്കോട്ടയിലേക്ക് ഈ കാര്‍ പുറപ്പെട്ടിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ 8.13ന് ബദര്‍പൂര്‍ ടോള്‍ പ്ലാസ കടന്ന് ഡല്‍ഹിയില്‍ പ്രവേശിച്ചു.
തുടര്‍ന്ന് ഈ സ്‌ഫോടക വസ്തുക്കളുമായി പ്രതി വൈകുന്നേരം വരെ ഡല്‍ഹിയിലെ തെരുവീഥികളിലൂടെ സഞ്ചരിച്ചുവെന്നാണ് പോലീസ് തന്നെ പറയുന്നത്. ഭീകരവാദ കേസുമായി ബന്ധപ്പെട്ട് പോലീസ് തിരയുന്ന ഒരു പ്രതിക്ക് രാജ്യതലസ്ഥാനത്തേക്ക് സ്‌ഫോടക വസ്തുക്കളുമായി അനായാസം കടന്നുചെല്ലാന്‍ കഴിയുന്നുവെന്ന സ്ഥിതിയുണ്ടെങ്കില്‍ രാജ്യതലസ്ഥാനത്തെ സുരക്ഷ ആശങ്കാജനകമാണ്. ചെങ്കോട്ടക്ക് അടുത്തുള്ള പാര്‍ക്കിംഗ് ഏരിയയില്‍ സ്‌ഫോടക വസ്തുക്കളുമായി മൂന്ന് മണിക്കൂറോളം കാര്‍ പാര്‍ക്ക് ചെയ്തുവെന്നാണ് വിവരം. എന്നാല്‍, ഇത്രയും സമയം സ്‌ഫോടക വസ്തുക്കളുമായി ഒരു വാഹനം ചെങ്കോട്ടക്ക് സമീപം നിലയുറപ്പിച്ചിട്ടും പരിശോധന നടത്തി പിടികൂടാനായില്ലെന്നതും ഡല്‍ഹിയിലെ സുരക്ഷ സംബന്ധിച്ച് ആശങ്ക ഉയര്‍ത്തുന്നു. കാറിന്റെ രജിസ്‌ട്രേഷന്‍ സംബന്ധിച്ച വിഷയങ്ങളിലും രാജ്യത്തെ പരിശോധന സംബന്ധിച്ച ചില ചോദ്യങ്ങള്‍ ഉന്നയിക്കപ്പെടുന്നുണ്ട്. 2014ല്‍ ഗുരുഗ്രാം സ്വദേശിയായ സല്‍മാന്റെ പേരിലാണ് ഈ കാര്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിരിക്കുന്നത്. കാറിന്റെ രണ്ടാമത്തെ ഉടമയാണ് അദ്ദേഹമെന്ന് രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ പറയുന്നു. സ്‌ഫോടനത്തിന് ശേഷം പോലീസ് സല്‍മാനെ ബന്ധപ്പെട്ടപ്പോള്‍, ഓഖ്ല നിവാസിയായ ദേവേന്ദ്രക്ക് കാര്‍ വിറ്റതായി അദ്ദേഹം പറഞ്ഞു. ദേവേന്ദ്ര അത് അംബാലയിലുള്ള ഒരാള്‍ക്ക് വിറ്റു, പിന്നീട് അദ്ദേഹം അത് ജമ്മു കശ്മീരിലെ പുല്‍വാമയിലുള്ള ആമിറിന് വിറ്റു.
ആമിറില്‍ നിന്ന്, കാര്‍ ഫരീദാബാദിലെ അല്‍ഫലാഹ് സര്‍വകലാശാലയില്‍ ജോലി ചെയ്തിരുന്ന ഡോ. ഉമര്‍ മുഹമ്മദിന്റെ കൈകളിലേക്ക് പോയി. കാര്‍ ഇത്രയധികം പേര്‍ക്കിടയില്‍ സംസ്ഥാനങ്ങള്‍ പോലും മാറി കൈമാറ്റം ചെയ്യപ്പെട്ടെങ്കിലും രജിസ്‌ട്രേഷന്‍ സല്‍മാന്റെ പേരില്‍ തുടര്‍ന്നു. സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വ്യവസായത്തില്‍ ഇത് അസാധാരണമല്ലെന്നും ഡോക്യുമെന്റേഷന്‍ ചെലവുകള്‍ മറികടക്കാന്‍ വാഹനങ്ങള്‍ പലപ്പോഴും റീ-രജിസ്‌ട്രേഷന്‍ ഇല്ലാതെ വാങ്ങുകയും വില്‍ക്കുകയും ചെയ്യാറുണ്ടെന്നും ഇതുമായി ബന്ധപ്പെട്ടവര്‍ പറയുന്നു. എന്നാല്‍, വാഹനങ്ങള്‍ സംബന്ധിച്ച രാജ്യത്തെ പരിശോധനകള്‍ കൃത്യമാകുന്നില്ല എന്ന കാര്യത്തിലേക്ക് കൂടി ഇത് വിരല്‍ ചൂണ്ടുന്നുണ്ട്.
സുരക്ഷ ഉള്‍പ്പെടെയുള്ള ചോദ്യങ്ങള്‍ പലതും ഉയരുന്നുണ്ടെങ്കിലും ഈ സംഭവത്തിന് പിന്നിലെ പ്രതികള്‍ കശ്മീരില്‍ നിന്നുള്ള മുസ്‌ലിംകളാണെന്നതിന്റെ പേരില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ചോദ്യങ്ങളില്‍ നിന്ന് രക്ഷപ്പെട്ടുപോകുന്നു. വിഷയത്തില്‍ ആഭ്യന്തര മന്ത്രിക്കെതിരെ ചില പ്രതിപക്ഷ കക്ഷികള്‍ രംഗത്തെത്തിയെങ്കിലും മാധ്യമങ്ങള്‍ പോലും കേന്ദ്ര സര്‍ക്കാറിനോടോ ആഭ്യന്തര മന്ത്രിയോടോ ചോദ്യങ്ങള്‍ ഉന്നയിക്കുന്നില്ല. സുരക്ഷ സംബന്ധിച്ച പ്രശ്‌നം സോകോള്‍ഡ് ദേശീയ മാധ്യമങ്ങള്‍ക്ക് ഭരണകൂടത്തോടുള്ള ചോദ്യമായി മാറുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. യു പി എ കാലത്ത് നടന്ന മുംബൈ ഭീകരാക്രമണം ഉള്‍പ്പെടെയുള്ളവയില്‍ കേന്ദ്ര സര്‍ക്കാറും ആഭ്യന്തര മന്ത്രാലയവും ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ബാധ്യസ്ഥരായിരുന്നുവെന്നത് ഓര്‍ക്കേണ്ടതുണ്ട്.

