Connect with us

Articles

തദ്ദേശ തിരഞ്ഞെടുപ്പും ഹരിത ചട്ടങ്ങളും

തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശങ്ങള്‍ പാലിക്കാതെ തിരഞ്ഞെടുപ്പ് പ്രചാരണം, അലങ്കാരം, സ്ഥാനാര്‍ഥി സ്വീകരണം എന്നീ പരിപാടികള്‍ക്കായി നിരോധിത വസ്തുക്കള്‍ ഉപയോഗിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിന് എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് രൂപവത്കരിക്കുന്നതിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Published

|

Last Updated

ഈ വര്‍ഷം ഡിസംബര്‍ ഒമ്പത്, 11 തീയതികളില്‍ നടക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ്, ഹരിതചട്ട പ്രകാരമായിരിക്കണം എന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. 1,199 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ 23,576 വാര്‍ഡുകളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 33,746 പോളിംഗ് സ്റ്റേഷനുകളുള്ള തിരഞ്ഞെടുപ്പിന് മേല്‍ നോട്ടം വഹിക്കുന്നത് 1,249 വരണാധികാരികളാണ്. ഗ്രാമ പഞ്ചായത്തുകളില്‍ ഒരു സ്ഥാനാര്‍ഥിക്ക് 25,000 രൂപയും ബ്ലോക്ക് പഞ്ചായത്തില്‍ 75,000 രൂപയും ജില്ലാ പഞ്ചായത്തുകളിലും കോര്‍പറേഷനുകളിലും 1,50,000 രൂപയുമാണ് ചെലവഴിക്കാന്‍ സാധിക്കുകയുള്ളൂ. തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ പൂര്‍ണമായും ഹരിത ചട്ടം ഉറപ്പിക്കാന്‍ ജില്ലാ കലക്ടര്‍ക്ക് ചുമതല നല്‍കിയിട്ടുണ്ട്. ഇതിനായി എല്ലാ ജില്ലകളിലും കലക്ടറുടെ നേതൃത്വത്തില്‍ ടീം ഹരിത ചട്ടം സെല്‍ രൂപവത്കരിക്കുന്നതാണ്.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശങ്ങള്‍ പാലിക്കാതെ തിരഞ്ഞെടുപ്പ് പ്രചാരണം, അലങ്കാരം, സ്ഥാനാര്‍ഥി സ്വീകരണം എന്നീ പരിപാടികള്‍ക്കായി നിരോധിത വസ്തുക്കള്‍ ഉപയോഗിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിന് എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് രൂപവത്കരിക്കുന്നതിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിനായി പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനും നിയമ ലംഘനം ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനും വേണ്ടി സിംഗിള്‍ വാട്ട്‌സ്ആപ്പ് നമ്പര്‍ പ്രസിദ്ധപ്പെടുത്തണം. പിടിച്ചെടുക്കുന്ന നിരോധിത വസ്തുക്കള്‍ സൂക്ഷിക്കാന്‍ എം സി എഫ് (മെറ്റീരിയില്‍ കലക് ഷന്‍ ഫെസിലിറ്റി) സെന്ററില്‍ പ്രത്യേക സ്റ്റോറേജ് സംവിധാനം ഉണ്ടാക്കണം.
തിരഞ്ഞെടുപ്പ് പരിശീലന കേന്ദ്രങ്ങള്‍, പോളിംഗ് ബൂത്തുകള്‍, വിതരണ കേന്ദ്രം, കൗണ്ടിംഗ് കേന്ദ്രങ്ങള്‍, പൊതു ഇടങ്ങള്‍ എന്നീ സ്ഥലങ്ങളില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിക്കുന്ന രീതിയില്‍ ഹരിതചട്ടം പാലിക്കുന്നതിന് രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെ യോഗം തദ്ദേശ സ്ഥാപനങ്ങളില്‍ വിളിച്ച് ചേര്‍ക്കണം.

മാലിന്യം കുറക്കുന്നതിനും പുനരുപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും മാലിന്യം ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിനും വേണ്ടിയുള്ള പെരുമാറ്റച്ചട്ടമാണ് ഹരിതചട്ടം (ഗ്രീന്‍ പ്രോട്ടോക്കോള്‍). ഏക ഉപയോഗ വസ്തുക്കള്‍, പ്ലാസ്റ്റിക് കുപ്പികള്‍, പ്ലേറ്റുകള്‍, ഡിസ്‌പോസിബിള്‍ ഗ്ലാസ്സുകള്‍ തുടങ്ങിയവയുടെ ഉപയോഗം ഒഴിവാക്കുക, സ്റ്റീല്‍ പാത്രങ്ങള്‍, വാഴയില, തുണി സഞ്ചി എന്നിവ ഉപയോഗിക്കുക, മാലിന്യം ഉറവിടത്തില്‍ തന്നെ സംസ്‌കരിക്കുക, അഴുകുന്ന മാലിന്യം (ജൈവം), അഴുകാത്ത മാലിന്യം (അജൈവ മാലിന്യം) എന്നിവ ശാസ്ത്രീയമായി സംസ്‌കരിക്കല്‍ എന്നിവ ഹരിതചട്ടത്തിന്റെ ഭാഗമാണ്. റാലികളും സമ്മേളനങ്ങളും നടന്ന് കഴിഞ്ഞാല്‍ പൊതുസ്ഥലങ്ങള്‍ വൃത്തിയാക്കാനും, ഇവിടങ്ങളില്‍ ഉണ്ടാകുന്ന പാഴ്‌വസ്തുക്കള്‍ സമാഹരിച്ച് ഹരിത കര്‍മ സേനക്ക് യൂസര്‍ഫീ നല്‍കി കൈകാര്യം ചെയ്യാനും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഉത്തരവാദിത്വം ഉണ്ട്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന എല്ലാ സ്ഥലങ്ങളിലും പാഴ്്വസ്തുക്കള്‍ തരം തിരിച്ച് സംഭരിക്കുന്നതിനുള്ള ബിന്നുകള്‍ സൂക്ഷിക്കുകയും പാഴ്്വസ്തുക്കള്‍ യഥാസമയം നീക്കം ചെയ്യുന്നതിന് ഹരിത കര്‍മ സേനയുടെ സേവനം ഉറപ്പ് വരുത്തുകയും ചെയ്യണം.

ഭക്ഷണത്തിനായി ഗ്രീന്‍ പാക്കിംഗ് ഉപയോഗിക്കണം. വാഴയിലയിലോ പുനരുപയോഗിക്കാവുന്ന പാത്രങ്ങളിലോ മാത്രമേ പോളിംഗ് ഉദ്യോഗസ്ഥര്‍ക്കും ഏജന്റുമാര്‍ക്കും ഭക്ഷണം നല്‍കാവൂ. ഇതിന് കുടുംബശ്രീയുടെ സേവനം ഉപയോഗപ്പെടുത്താവുന്നതാണ്. വോട്ടെടുപ്പ് അവസാനിച്ചാല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ അവരുടെ പ്രചാരണ സാമഗ്രികള്‍ ശേഖരിച്ച് ഹരിത കര്‍മ സേനക്ക് യൂസര്‍ഫീ നല്‍കി കൈമാറേണ്ടതാണ്. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍ കൊണ്ട് നിര്‍മിച്ച തിരഞ്ഞെടുപ്പ് ബോര്‍ഡുകള്‍, ബാനറുകള്‍, പ്ലാസ്റ്റിക് കൊടി തോരണങ്ങള്‍, പ്ലാസ്റ്റിക് പേപറുകള്‍, റിബ്ബണുകള്‍, നൂലുകള്‍ എന്നിവ പൂര്‍ണമായും തിരഞ്ഞെടുപ്പില്‍ ഒഴിവാക്കണം. പ്രചാരണ സാമഗ്രികള്‍ക്കായി പുനരുപയോഗിക്കാന്‍ കഴിയുന്നതും മണ്ണില്‍ അലിഞ്ഞ് ചേരുന്ന പരിസ്ഥിതി സൗഹൃദപരവുമായ വസ്തുക്കള്‍ മാത്രം ഉപയോഗിക്കുക. കോട്ടണ്‍ തുണി, പ്രകൃതിദത്തമായ ചായങ്ങള്‍ ഉപയോഗിച്ചുളള പ്രിന്റിംഗ് എന്നിവ ഉപയോഗിക്കണം. ഹരിത കര്‍മ സേനാംഗങ്ങളുടെ സേവന തുകയായ 710 രൂപ പ്രതിദിനം നല്‍കി വിതരണ കേന്ദ്രം, സംഭരണ കേന്ദ്രങ്ങള്‍, പോളിംഗ് ബൂത്ത്, കൗണ്ടിംങ് സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ അവരുടെ സേവനം ഉപയോഗിക്കണം. രാഷ്ട്രീയ പാര്‍ട്ടികള്‍, സ്ഥാനാര്‍ഥികള്‍ എന്നിവര്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്ന ബോര്‍ഡുകള്‍, ബാനറുകള്‍, ഹോര്‍ഡിംഗുകള്‍, പോസ്റ്ററുകള്‍ എന്നിവയില്‍ പി വി സി, ഫ്ലക്സ്, പോളിസ്റ്റര്‍, നൈലോണ്‍, കൊറിയന്‍ ക്ലോത്ത്, പ്ലാസ്റ്റിക് കോട്ടിംഗ് ഉള്ള തുണി, പോളിസ്റ്റര്‍ കൊണ്ടുള്ള തുണി തുടങ്ങിയ പ്ലാസ്റ്റിക്കിന്റെ അംശമുള്ള, പ്ലാസ്റ്റിക് കോട്ടിംഗ് ഉള്ള പുനഃചംക്രമണം സാധ്യമല്ലാത്ത എല്ലാത്തരം സാമഗ്രികളും ഒഴിവാക്കേണ്ടതാണ്. 100 ശതമാനം കോട്ടണ്‍ പോളി എത്തിലിന്‍, പുനഃചംക്രമണം ചെയ്യാന്‍ കഴിയുന്ന പരിസ്ഥിതി സൗഹാര്‍ദ വസ്തുക്കള്‍ എന്നിവ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കണം. 2025ലെ തദ്ദേശ തിരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹാര്‍ദമാക്കി, പ്രകൃതിക്ക് കോട്ടം സൃഷ്ടിക്കാതെ നടത്താന്‍ എല്ലാവര്‍ക്കും ബാധ്യതയുണ്ട്.