Connect with us

Kerala

ശബരിമല സ്പോണ്‍സര്‍ ഷിപ്പ്; ഇപ്പോഴത്തെ സംവിധാനത്തിന്റെ തകരാര്‍ തിരുത്തും:കെ ജയകുമാര്‍

സ്പോണ്‍സറായി വരുന്ന ആള്‍ ആരാണെന്നും, അയാളുടെ വരുമാന മാര്‍ഗം എന്താണെന്നും, അറിയാതെ സ്പോണ്‍സര്‍ഷിപ്പ് സ്വീകരിക്കേണ്ടതില്ല. അങ്ങനെ ഉണ്ടായത് ഇപ്പോഴത്തെ സംവിധാനത്തിന്റെ തകരാറാവാം.

Published

|

Last Updated

പത്തനംതിട്ട |  ശബരിമലയില്‍ സ്പോണ്‍സര്‍ ഷിപ്പ്, കൊള്ളരുതായ്മ്മകള്‍ക്കുള്ള വാതില്‍ തുറന്ന് കൊടുക്കാനുള്ള മാര്‍ഗ്ഗമായിരുന്നെങ്കില്‍ ഇനി മുതല്‍ അത് അനുവദിക്കില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി ചുമതലയേറ്റ ആറന്മുള പാര്‍ത്ഥസാരഥീ ക്ഷേത്രത്തില്‍ ദര്‍ശനം നടത്താനെത്തിയതായിരുന്നു അദ്ദേഹം.

സ്പോണ്‍സറായി വരുന്ന ആള്‍ ആരാണെന്നും, അയാളുടെ വരുമാന മാര്‍ഗം എന്താണെന്നും, അറിയാതെ സ്പോണ്‍സര്‍ഷിപ്പ് സ്വീകരിക്കേണ്ടതില്ല. അങ്ങനെ ഉണ്ടായത് ഇപ്പോഴത്തെ സംവിധാനത്തിന്റെ തകരാറാവാം. അത് തിരുത്തും. ഭക്തരുടെ സംഭാവന സ്വീകരിക്കാനും, അവരുടെ സ്പോണ്‍സര്‍ഷിപ്പ് സ്വീകരിക്കാനും തടസമില്ല. സ്പോണ്‍സര്‍ നേരിട്ട് വരണം. ഇടനിലക്കാര്‍ മുഖാന്തിരം വരരുത്. അവരുടെ വരുമാന മാര്‍ഗ്ഗം, ബാലന്‍സ് ഷീറ്റ്, ഇന്‍കം ടാക്സ് വിവരങ്ങള്‍ എന്നിവ പരിശോധിച്ച് മാത്രം അനുവാദം നല്‍കും. ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തോടും അന്വേഷണ സംഘത്തോടും പൂര്‍ണ്ണമായും സഹകരിക്കുമെന്നും കെ ജയകുമാര്‍ പറഞ്ഞു.

ദേവസ്വം ബോര്‍ഡ് പ്രസിഡന്റായ ശേഷം ആദ്യത്തെ ശബരിമല യാത്രയുടെ ഭാഗമായുള്ള സ്വകാര്യ നന്ദര്‍ശനമായിരുന്നതിനാല്‍ ദേവസ്വം പ്രസിഡന്റിന്റെ സന്ദര്‍ശനം ദേവസ്വം ഉദ്യോഗസ്ഥരെയോ ക്ഷേത്രോപദേശക സമിതിയെയൊ മുന്‍കുട്ടി അറിയിച്ചിരുന്നില്ല. എന്നാല്‍ പ്രസിഡന്റിന്റെ സന്ദര്‍ശന വിവരം അറിഞ്ഞ് എത്തിയ ക്ഷേത്രോപദേശക സമിതി ഭാരവാഹികള്‍ അദ്ദെഹത്തെ ഷാള്‍ അണിയിച്ച് സ്വീകരിച്ചു.