vazhivilakku
വുളൂഅ്: സുരക്ഷയുടെ വജ്രായുധം
വുളൂഅ് കേവലം വെള്ളം ഉപയോഗിച്ചുള്ള കഴുകലല്ല, മറിച്ച് അതൊരു ആരാധനയാണ്. വുളൂഅ് മുറിയുമ്പോഴെല്ലാം വീണ്ടും വുളൂഅ് ചെയ്യുക എന്നത് പ്രവാചകന്മാരുടെയും സജ്ജനങ്ങളുടെയും ചര്യയായിരുന്നു. ഇത് ശീലമാക്കുന്നതിലൂടെ ജീവിതത്തില്‍ അനുഗ്രഹവും മനസ്സമാധാനവും കൈവരുന്നു. അല്ലാഹുവിന്റെ തൃപ്തി ആഗ്രഹിക്കുന്ന ഏതൊരു വിശ്വാസിയുടെയും ജീവിതത്തിന്റെ ഭാഗമായി മാറേണ്ട ഉത്തമമായ മാതൃകയാണിത്.
ഇസ്‌ലാമിക വിശ്വാസമനുസരിച്ച് ശുദ്ധി വിശ്വാസത്തിന്റെ പകുതിയാണ്. ശാരീരികമായ വെടിപ്പിനപ്പുറം വിശ്വാസിയുടെ മനസ്സിനെയും ആത്മാവിനെയും വൃത്തിയാക്കി നിര്‍ത്തുന്ന ഒന്നാണ് വുളൂഅ്. നിസ്‌കാരം പോലുള്ള ചില ആരാധനാ കര്‍മങ്ങള്‍ക്ക് വുളൂഅ് നിര്‍ബന്ധമാണെന്ന് മാത്രമല്ല നിസ്‌കാരമില്ലാത്ത സമയത്തും വുളൂഇലായിരിക്കുക എന്നത് പുണ്യകരമായ ഒരു ശീലമാണ്.
എപ്പോഴും വുളൂഇലായിരിക്കാന്‍ ശ്രദ്ധിക്കുന്നത് ഒരാളുടെ വിശ്വാസ ദാര്‍ഢ്യത്തെയാണ് കാണിക്കുന്നത്. ‘സത്യവിശ്വാസിയല്ലാതെ വുളൂഅ് സൂക്ഷ്മതയോടെ നിലനിര്‍ത്തുകയില്ല’ എന്ന ഹദീസ് ഇതിലേക്ക് വിരല്‍ ചൂണ്ടുന്നു. മനസ്സിനെ അല്ലാഹുവിലേക്ക് അടുപ്പിക്കാനും അശ്രദ്ധയില്‍ നിന്ന് മോചിപ്പിക്കാനും എപ്പോഴും വുളൂഇലായിരിക്കുന്നത് സഹായിക്കും.
വുളൂഅ് വിശ്വാസിയുടെ പരിചയാണ്. പിശാചിന്റെ കുതന്ത്രങ്ങളില്‍ നിന്നും ദുര്‍മന്ത്രങ്ങളില്‍ നിന്നും സംരക്ഷണം നല്‍കാന്‍ വുളൂഇന് സാധിക്കുന്നു. പ്രത്യേകിച്ച് ദേഷ്യം, അമിതമായ ഉത്കണ്ഠ എന്നിവ ഉണ്ടാകുമ്പോള്‍ വുളൂഅ് ചെയ്യുന്നത് മനസ്സിന് ശാന്തത നല്‍കുമെന്ന് ആധുനിക മനശ്ശാസ്ത്രവും ശരിവെക്കുന്നു. വുളൂഇലായിരിക്കെ ഓരോ തവണ വെള്ളം മുഖത്തും കൈകാലുകളിലും സ്പര്‍ശിക്കുമ്പോഴും ആ അവയവങ്ങള്‍ വഴി ചെയ്തുപോയ ചെറിയ പാപങ്ങള്‍ അല്ലാഹു പൊറുത്തു നല്‍കുന്നു.
വുളൂഅ് ചെയ്ത് ഉറങ്ങുന്നവന്റെയും ഇരിക്കുന്നവന്റെയും കൂടെ മലക്കുകളുടെ സാന്നിധ്യമുണ്ടാകുമെന്ന് ഹദീസുകള്‍ വ്യക്തമാക്കുന്നു. ആ വ്യക്തിക്കു വേണ്ടി പാപമോചനം തേടി മലക്കുകള്‍ പ്രാര്‍ഥിച്ചു കൊണ്ടിരിക്കും. കൂടാതെ, വുളൂഇലായിരിക്കെ മരണപ്പെടുകയാണെങ്കില്‍ അയാള്‍ക്ക് ശുഹദാക്കളുടെ പദവി ലഭിക്കുമെന്നതും ഈ കര്‍മത്തിന്റെ മാഹാത്മ്യം വിളിച്ചറിയിക്കുന്നു. നബി (സ) അനസ് (റ) വിനോട് പറഞ്ഞു: ‘മകനേ, നിനക്ക് എപ്പോഴും വുളൂഇലായിരിക്കാന്‍ കഴിയുമെങ്കില്‍ നീ അങ്ങനെ ചെയ്യുക, കാരണം വുളൂഇലായിരിക്കെ ഒരാളുടെ ആത്മാവിനെ മലക്കുല്‍ മൗത്ത് പിടിക്കുകയാണെങ്കില്‍ അയാള്‍ക്ക് ശഹാദത്തിന്റെ പദവി ലഭിക്കും.’
മഹാരഥന്‍മാരായ പലരും പരമാവധി വുളൂഇലായിരിക്കാന്‍ ബദ്ധശ്രദ്ധ കാണിച്ചവരായിരുന്നു. ഒരിക്കല്‍ പ്രഭാത നിസ്‌കാരത്തിന് ശേഷം നബി (സ) ബിലാല്‍ (റ) വിനോട് ചോദിച്ചു: ‘ബിലാലേ, ഇസ്ലാമില്‍ നിങ്ങള്‍ ചെയ്ത ഏറ്റവും പ്രതീക്ഷയുള്ള കാര്യമെന്താണ്? സ്വര്‍ഗത്തില്‍ നിങ്ങളുടെ കാല്‍പ്പെരുമാറ്റം ഞാന്‍ കേള്‍ക്കുകയുണ്ടായി’? അപ്പോള്‍ ബിലാല്‍ (റ) മറുപടി നല്‍കി: ‘ഞാന്‍ രാത്രിയോ പകലോ ഏത് സമയത്ത് വുളൂഅ് ചെയ്താലും, ആ വുളൂഅ് കൊണ്ട് എനിക്ക് നിശ്ചയിക്കപ്പെട്ട സുന്നത്ത് നിസ്‌കാരം നിര്‍വഹിക്കാതിരുന്നിട്ടില്ല.’ വുളൂഅ് മുറിയുമ്പോഴെല്ലാം ഉടന്‍ വുളൂഅ് ചെയ്യുകയും ശേഷം രണ്ട് റക്അത്ത് നിസ്‌കരിക്കുകയും ചെയ്യുന്ന ഈ ശീലമാണ് ബിലാല്‍(റ)വിനെ ആ വലിയ പദവിക്ക് അര്‍ഹനാക്കിയത്. അഹ്മദ് ബിന്‍ ഹമ്പല്‍ (റ) തന്റെ ജീവിതത്തിലുടനീളം വുളൂഇന്റെ കാര്യത്തില്‍ അതീവ ശ്രദ്ധാലുവായിരുന്നു. ക്രൂരമായ പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വന്ന ജയില്‍വാസ കാലത്ത് പോലും അദ്ദേഹം വുളൂഇല്ലാതെ ഇരുന്നിരുന്നില്ല. ശരീരത്തില്‍ നിന്ന് രക്തം ഒലിക്കുന്ന അവസ്ഥയിലും അദ്ദേഹം വുളൂഅ് പുതുക്കാന്‍ ശ്രമിക്കുമായിരുന്നു.
വുളൂഅ് കേവലം വെള്ളം ഉപയോഗിച്ചുള്ള കഴുകലല്ല, മറിച്ച് അതൊരു ആരാധനയാണ്. വുളൂഅ് മുറിയുമ്പോഴെല്ലാം വീണ്ടും വുളൂഅ് ചെയ്യുക എന്നത് പ്രവാചകന്മാരുടെയും സജ്ജനങ്ങളുടെയും ചര്യയായിരുന്നു. ഇത് ശീലമാക്കുന്നതിലൂടെ ജീവിതത്തില്‍ അനുഗ്രഹവും മനസ്സമാധാനവും കൈവരുന്നു. അല്ലാഹുവിന്റെ തൃപ്തി ആഗ്രഹിക്കുന്ന ഏതൊരു വിശ്വാസിയുടെയും ജീവിതത്തിന്റെ ഭാഗമായി മാറേണ്ട ഉത്തമമായ മാതൃകയാണിത്.



