Articles
വികസനത്തിന്റെ വിജയശില്‍പ്പി
73 വര്‍ഷത്തെ കര്‍മനിരതമായ ജീവിതത്തിന് തിരശ്ശീല വീഴുമ്പോള്‍ സമുദായത്തിന് വേണ്ടിയും കേരളീയ ജനതക്കാകെ വേണ്ടിയും വി കെ ഇബ്റാഹീം കുഞ്ഞ് അവശേഷിപ്പിച്ച അടിസ്ഥാന വികസനങ്ങളുടെ അസംഖ്യം അടയാളങ്ങള്‍ കാലം ബാക്കിനിര്‍ത്തുന്നു.
ആധുനിക കേരളത്തിന്റെ പശ്ചാത്തല വികസനത്തില്‍ വിരലൊപ്പുകള്‍ പതിപ്പിച്ച ഭാവനാസമ്പന്നനായൊരു സഹപ്രവര്‍ത്തകന്റെ നിര്യാണം എന്നെ ഏറെ സങ്കടപ്പെടുത്തുന്നു. ഞങ്ങള്‍ ഇരുവരും ഒരേസമയം നിയമസഭാംഗങ്ങളായപ്പോഴും പാര്‍ട്ടിയുടെ വിവിധതലങ്ങളിലെ ഔദ്യോഗിക സ്ഥാനങ്ങള്‍ വഹിച്ചിരുന്നപ്പോഴുമെല്ലാം പരസ്പരം പുലര്‍ത്തിപ്പോന്ന സൗഹൃദം മറക്കാനാകാത്തതാണ്.
കൊച്ചിയുടെയും മട്ടാഞ്ചേരിയുടെയും കളമശ്ശേരിയുടെയും ഭൂമികകളില്‍ മുസ്ലിം വിദ്യാര്‍ഥി ഫെഡറേഷന്റെയും മുസ്ലിം ലീഗ് പ്രസ്ഥാനത്തിന്റെയും ആദ്യകാല സാരഥിയായി പൊതുരംഗത്തേക്ക് കടന്നുവന്ന ഇബ്റാഹീം കുഞ്ഞ് എല്ലാ വിഭാഗമാളുകളുടെയും സ്‌നേഹവാത്സല്യങ്ങള്‍ പിടിച്ചുപറ്റിയ നേതാവായി ഉയര്‍ന്നു. സൗമ്യദീപ്തമായിരുന്നു ആ പെരുമാറ്റം. സംഘാടന ശേഷിയില്‍ മികവ് പുലര്‍ത്തിയ ഇബ്റാഹീം കുഞ്ഞ് ആള്‍ക്കൂട്ടത്തിന്റെ ആരവങ്ങളില്‍ നിന്നൊക്കെ ഒഴിഞ്ഞുനില്‍ക്കാന്‍ ശ്രമിച്ചിരുന്നു. മുസ്ലിം ലീഗുമായും സ്വതന്ത്ര തൊഴിലാളി യൂനിയനുമായും നാഭീനാളബന്ധം കാത്ത് സൂക്ഷിച്ച ഈ പോരാളി വിവിധ തൊഴില്‍ മേഖലകളില്‍ എസ് ടി യുവിന്റെ സാന്നിധ്യം ഉറപ്പിച്ചു. കൊച്ചിയുടെ വ്യാവസായിക ഭൂപടത്തില്‍ എസ് ടി യുവിന്റെ നീലക്കൊടി നാട്ടാനുള്ള യത്‌നത്തില്‍ പല എതിര്‍പ്പുകളും നേരിടുമ്പോഴും അച്ചടക്കബോധത്തോടെ പ്രസ്ഥാനത്തിന്റെ യശസ്സ് അദ്ദേഹം കാത്തുസൂക്ഷിച്ചു. അതുകൊണ്ട് തന്നെ വലിയൊരു വിഭാഗം സാധാരണക്കാരുടെ ഹൃദയത്തില്‍ വലിയൊരു ഇരിപ്പിടമാണ് ഇബ്റാഹീം കുഞ്ഞിന് നേടാനായത്.
മട്ടാഞ്ചേരിയുടെയും കളമശ്ശേരിയുടെയും ജനപ്രതിനിധിയായി നിയമസഭയിലെത്തിയ ഇബ്റാഹീം കുഞ്ഞ് മണ്ഡലങ്ങളുടെ വികസന കാര്യങ്ങളില്‍ അതീവശ്രദ്ധ ചെലുത്തുകയും മന്ത്രിതലത്തില്‍ മണ്ഡലങ്ങളുടെ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ ധീരം പോരാടുകയും ചെയ്തു. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ആദരവുകള്‍ പിടിച്ചുപറ്റിയ പ്രിയപ്പെട്ട പ്രവര്‍ത്തകനായി ഉയര്‍ന്നുവന്ന അദ്ദേഹം പൊതുമരാമത്ത് വകുപ്പിന്റെ ചുമതല വഹിക്കുന്ന കാലത്താണ് കേരളത്തിലെ വിവിധ പാലങ്ങളുടെയും റോഡുകളുടെയും നിര്‍മാണം യാഥാര്‍ഥ്യമായത്. ഉദ്യോഗസ്ഥ മേധാവിത്തത്തിന്റെ തടസ്സങ്ങളെ തട്ടിമാറ്റാനും ജനകീയ പ്രശ്‌നങ്ങളില്‍ സാധാരണക്കാരോടൊപ്പം നില്‍ക്കാനും ഇബ്റാഹീം കുഞ്ഞ് കാണിച്ച പ്രത്യുത്പന്നമതിത്വം അസൂയാവഹമായിരുന്നു. സൗമ്യമായി സംസാരിക്കുമ്പോഴും അദ്ദേഹത്തിന്റെ സ്വപ്നങ്ങളിലെ വികസനമെന്ന വലിയ മോഹങ്ങള്‍ സഫലീകൃതമായി. വലിയ തോതിലുള്ള വികസന ഘട്ടങ്ങളാണ് ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ അദ്ദേഹം പൂര്‍ത്തീകരിച്ചത്.
ഇടക്കാലത്ത് ചില ആരോപണങ്ങളുടെ ശരങ്ങളേറ്റുവാങ്ങേണ്ടി വന്നപ്പോഴും പക്ഷേ, പ്രപഞ്ചനാഥനിലുള്ള വിശ്വാസം ഊട്ടിയുറപ്പിച്ച് അദ്ദേഹം നിലപാടുകളില്‍ അടിയുറച്ച് നിന്നു. രാഷ്ട്രീയ പ്രതിയോഗികളുടെ ശരശയ്യയില്‍ നിന്ന് മുക്തനായാണ് പൊതുജീവിതത്തിന്റെ തിളക്കമാര്‍ന്ന അധ്യായങ്ങള്‍ അദ്ദേഹം പിന്നിട്ടത്.
73 വര്‍ഷത്തെ കര്‍മനിരതമായ ജീവിതത്തിന് തിരശ്ശീല വീഴുമ്പോള്‍ സമുദായത്തിന് വേണ്ടിയും കേരളീയ ജനതക്കാകെ വേണ്ടിയും വി കെ ഇബ്റാഹീം കുഞ്ഞ് അവശേഷിപ്പിച്ച അടിസ്ഥാന വികസനങ്ങളുടെ അസംഖ്യം അടയാളങ്ങള്‍ കാലം ബാക്കിനിര്‍ത്തുന്നു. സ്വജീവിതം സമൂഹത്തിന് വേണ്ടി ഉഴിഞ്ഞുവെച്ച പ്രിയപ്പെട്ട നേതാവിന്റെയും എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവുമടുത്ത സഹപ്രവര്‍ത്തകന്റെയും പ്രവര്‍ത്തനങ്ങള്‍ അനശ്വര സ്മാരക മുദ്രകളായി. അതെ, ഇബ്റാഹീം കുഞ്ഞിന്റെ ഇഹലോകജീവിതം എല്ലാ അര്‍ഥത്തിലും സാര്‍ഥകമായിത്തീര്‍ന്നു. പരലോക ജീവിതം ശാന്തിപൂര്‍ണമാകാന്‍ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോടും അനുയായികളോടും സുഹൃത്തുക്കളോടുമൊപ്പം ഞാനും പ്രാര്‍ഥിക്കുന്നു.



