Connect with us

Articles

അതുകൊണ്ട് ആരവല്ലി മലനിരകള്‍ ഇല്ലാതാകരുത്

100 മീറ്റര്‍ എന്ന അശാസ്ത്രീയമായ മാനദണ്ഡത്തിന് പകരം ഭൂമിശാസ്ത്രമനുസരിച്ച് കൃത്യമായ ശാസ്ത്രീയ മാനദണ്ഡങ്ങള്‍വെച്ച് ആരവല്ലി പ്രദേശങ്ങളെ നിര്‍വചിക്കുകയാണ് വേണ്ടത്. പരിമിതവും ശാസ്ത്രീയമായി നിയന്ത്രിതവുമായ ഖനനം പരിസ്ഥിതിക്ക് ദോഷം വരുത്താത്ത രൂപത്തില്‍ അനുവദിക്കുന്നതോടൊപ്പം ആരവല്ലി മലനിരകളുടെ നിലനില്‍പ്പിന് ഏതെങ്കിലും തരത്തില്‍ ഭീഷണി ഉയര്‍ത്തുന്നവയെ അടിയന്തര പ്രാധാന്യത്തോടെ തടയേണ്ടതും അനിവാര്യമാണ്.

Published

|

Last Updated

ആരവല്ലി മലനിരകളുടെ പുതിയ നിര്‍വചനത്തെ ചൊല്ലിയുള്ള പ്രതിഷേധത്തെ തുടര്‍ന്ന് ഈ വിഷയത്തിലെ ഉത്തരവ് സുപ്രീം കോടതി മരവിപ്പിച്ചിരിക്കുകയാണ്. തദ്ദേശീയരും ഡല്‍ഹി, ജയ്പൂര്‍ നഗരങ്ങളിലെ അഭ്യസ്തവിദ്യരായ ചെറുപ്പക്കാരും ഉത്തരവിനെതിരെ തെരുവിലിറങ്ങിയതോടെ സ്വമേധയാ സ്വീകരിച്ച ഹരജിയിലാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ അവധിക്കാല ബഞ്ചിന്റെ തീരുമാനം വന്നിരിക്കുന്നത്. പുതിയ നിര്‍വചനം സംബന്ധിച്ച് കൂടുതല്‍ വിശകലനത്തിന് വിദഗ്ധ സമിതി രൂപവത്കരിക്കണമെന്നും പുതിയ നിര്‍വചനത്തിന് വ്യക്തത വേണമെന്നും സുപ്രീം കോടതി കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സമിതിയില്‍ ഉദ്യോഗസ്ഥരെ മാത്രം ഉള്‍പ്പെടുത്താതെ, ഈ മേഖലയിലെ പ്രഗത്ഭരായ വിദഗ്ധരെ കൂടി ഉള്‍പ്പെടുത്തണമെന്ന് കോടതി പ്രത്യേകം നിര്‍ദേശിച്ചിട്ടുണ്ട്. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതിയുടെ ശിപാര്‍ശ മുന്‍ ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ്, കെ വിനോദ് ചന്ദ്രന്‍, എന്‍ വി അഞ്ജാരിയ എന്നിവരടങ്ങുന്ന ബഞ്ച് നവംബര്‍ 20ന്റെ ഉത്തരവില്‍ അംഗീകരിച്ചതാണ് വിവാദത്തിന് തിരികൊളുത്തിയത്.

ലോകത്തെ ഏറ്റവും പഴക്കമേറിയ പര്‍വതനിരകളിലൊന്നാണ് ആരവല്ലി. ഇന്ത്യയുടെ വടക്കുപടിഞ്ഞാറന്‍ മേഖലയില്‍ തെക്കുപടിഞ്ഞാറ് നിന്ന് വടക്കുകിഴക്ക് ദിശയിലായി ഏകദേശം 670 മുതല്‍ 800 വരെ കിലോമീറ്റര്‍ ഇത് വ്യാപിച്ചുകിടക്കുന്നു. ഡല്‍ഹിക്കു സമീപം തുടങ്ങി തെക്കന്‍ ഹരിയാന, രാജസ്ഥാന്‍ എന്നിവിടങ്ങളിലൂടെ ഗുജറാത്ത് വരെയാണ് ഈ മലനിരകള്‍ സ്ഥിതി ചെയ്യുന്നത്. ഇന്ത്യയുടെ വടക്കുപടിഞ്ഞാറന്‍ ഭൂപ്രകൃതിയെ മരുഭൂവത്കരണത്തില്‍ നിന്ന് തടഞ്ഞുനിര്‍ത്തുന്നതും ഥാര്‍ മരുഭൂമിയിലെ പൊടിക്കാറ്റില്‍ നിന്ന് ഡല്‍ഹിയടക്കമുള്ള വിശാലമായൊരു മേഖലയെ സംരക്ഷിക്കുന്നതും ആരവല്ലി മലനിരകളാണ്. വടക്കേ ഇന്ത്യയിലെ ജൈവവൈവിധ്യ സംരക്ഷണത്തിലും ഭൂഗര്‍ഭജല സംരക്ഷണത്തിലും ആരവല്ലി അതിപ്രധാന പങ്കുവഹിക്കുന്നു. പ്രാദേശിക കാലാവസ്ഥയെ നിയന്ത്രിക്കുന്നതിനും പുള്ളിപ്പുലികള്‍, കുറുക്കന്മാര്‍, അപൂര്‍വ പക്ഷികള്‍ തുടങ്ങിയ വന്യജീവികള്‍ക്ക് ആവാസ വ്യവസ്ഥ ഒരുക്കുന്നതിനും പേരുകേട്ട ആരവല്ലിയിലുണ്ടാകുന്ന ചെറിയ മാറ്റങ്ങള്‍ പോലും പരിസ്ഥിതി സന്തുലിതാവസ്ഥയെ തകിടം മറിക്കാന്‍ പോന്നതാണെന്ന് ചുരുക്കം. കേന്ദ്ര സര്‍ക്കാറിന്റെ പുതിയ നിര്‍വചന പ്രകാരം തറനിരപ്പില്‍ നിന്ന് നൂറ് മീറ്ററോ അതില്‍ കൂടുതലോ ഉയരത്തിലുള്ള കുന്നുകള്‍ മാത്രമേ ആരവല്ലി കുന്നിന്റെ നിര്‍വചനത്തില്‍ വരൂ. 500 മീറ്റര്‍ ദൂരപരിധിക്കകത്ത് രണ്ടോ അതിലധികമോ വരുന്ന ഇത്തരം ആരവല്ലി കുന്നുകളെ ചേര്‍ത്ത് ആരവല്ലി മലനിരകളായി കണക്കാക്കും. ഇതുവരെ ഭൂനിരപ്പിന് 30 മീറ്റര്‍ ഉയരത്തിലുള്ള, നാല് ഡിഗ്രി ചെരിവുള്ള ഏതൊരു ഭൂപ്രതലവും കുന്നായാണ് കണക്കാക്കപ്പെട്ടിരുന്നത്.

പതിറ്റാണ്ടുകളായി ആരവല്ലി മലനിരകളെ ഭരണഘടനാപരമായി സംരക്ഷിക്കേണ്ട പാരിസ്ഥിതിക പ്രാധാന്യമുള്ള ഇടങ്ങളായാണ് സുപ്രീം കോടതി പരിഗണിച്ചു പോന്നിരുന്നത്. അതില്‍ നിന്നുള്ള ചുവടുമാറ്റമായാണ് ഇതിനെ വിലയിരുത്തപ്പെടുന്നത്. ഈ നിര്‍വചനത്തിനകത്ത് പെടാത്തവയൊന്നും ആരവല്ലി കുന്നുകളല്ല. ആരവല്ലിയിലെ കുന്നുകളേറെയും നൂറ് മീറ്ററില്‍ താഴെ മാത്രം ഉയരമുള്ളവയാണ്. ഭൂരിഭാഗം കുന്നുകളുടെയും ഉയരം ശരാശരി 20 മീറ്റര്‍ വരെയൊക്കെയാണ്. രാജസ്ഥാനില്‍ മാത്രം 1,16,753 കുന്നുകളുടെയും ഉയരം 100 മീറ്ററില്‍ താഴെയാണ്. ആരവല്ലിയുടെ വലിയൊരു ശതമാനവും ഈ നിര്‍വചനത്തോടെ പുറത്താകും.

അതോടെ ആരവല്ലി കുന്നിനും മലനിരകള്‍ക്കുമേര്‍പ്പെടുത്തിയിട്ടുള്ള കര്‍ശനമായ ഖനന വിലക്ക് കുന്ന് അല്ലാത്തവക്ക് ബാധകമാകാത്തതിനാല്‍ ഇത് ഖനന മാഫിയക്ക് വഴിയൊരുക്കുമെന്നതാണ് പ്രധാന ആശങ്ക. ഇന്ത്യന്‍ വൈല്‍ഡ് ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പഠനപ്രകാരം ഹരിയാനയിലെ ആരവല്ലി മലനിരകളിലെ വലിയൊരു പ്രദേശം നിലവില്‍ അനിയന്ത്രിതമായ ഖനനം മൂലം നഷ്ടമായിട്ടുണ്ട്. പുതിയ വിധി പ്രകാരം ഉയരപരിധി നിശ്ചയിക്കുന്നതോടെ ഏകദേശം 10,000ത്തിലധികം ഹെക്ടര്‍ വനഭൂമി നഷ്ടപ്പെടുമെന്നും പരിസ്ഥിതി വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ആരവല്ലി മലനിരകളെ തകര്‍ക്കുന്ന ഖനന ഇളവുകള്‍ ഉണ്ടാകില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഭാഷ്യമെങ്കിലും സമീപ കാലത്തെ കേന്ദ്ര നിലപാടുകള്‍ മുന്‍നിര്‍ത്തി ഇത് വിശ്വാസത്തിലെടുക്കാനാകില്ല. രാജസ്ഥാനിലെ ആരവല്ലി മേഖലയിലെ ആല്‍വാറില്‍ നിന്നുള്ള ലോക്സഭാംഗം കൂടിയാണ് കേന്ദ്ര വനം പരിസ്ഥിതി വകുപ്പ് മന്ത്രിയായ ഭൂപേന്ദ്ര യാദവെന്നത് മറ്റൊരു കൗതുകമാണ്. ആരവല്ലിയുടെ ദുര്‍ബലത മൂലം മണലും പൊടിയും വിദൂര പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നത് വായുവിന്റെ ഗുണനിലവാരത്തെ ബാധിക്കുകയും മലിനീകരണ വസ്തുക്കളുടെ സാന്ദ്രത വര്‍ധിപ്പിക്കുകയും ചെയ്യും. ഇത് കിഴക്കോട്ടുള്ള കാറ്റിനൊപ്പം ഹിമാലയത്തിലെത്തുകയും ഹിമാനികളില്‍ പൊടിപടലങ്ങള്‍ വരുത്തുകയും കൂടുതല്‍ സൂര്യപ്രകാശം ആഗിരണം ചെയ്ത് ഹിമാനികള്‍ ഉരുകുന്നത് ത്വരിതപ്പെടുത്തുകയും ചെയ്യും. ഇത് ഗുരുതരമായ കാലാവസ്ഥാ- ആരോഗ്യ- പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് വഴിവെക്കും. ഇപ്പോഴത്തെ ഈ നീക്കം വര്‍ധിച്ചുവരുന്ന ഖനനത്തിനും വന നശീകരണത്തിനും ഭൂവിനിയോഗ മാറ്റങ്ങള്‍ക്കും വഴിയൊരുക്കുമെന്നും ദുര്‍ബലമായ ആവാസവ്യവസ്ഥയെ ഗുരുതരമായി അപകടത്തിലാക്കുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ആരവല്ലി ചുരുങ്ങുന്നത് തുടര്‍ന്നാല്‍, രാജസ്ഥാന്‍, ഗുജറാത്ത്, ഹരിയാന, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങള്‍ ഉയര്‍ന്ന വായുമലിനീകരണം, വര്‍ധിച്ചുവരുന്ന ചൂട് തരംഗങ്ങള്‍, ഭൂഗര്‍ഭജല ശോഷണം, കുറഞ്ഞുവരുന്ന മഴ എന്നിവയുള്‍പ്പെടെ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ആരവല്ലിയുടെ ശോഷണം വലിയ കാലാവസ്ഥാ ദുരന്തങ്ങള്‍ക്കും ഗുരുതരമായ വരള്‍ച്ചക്കും വഴിയൊരുക്കിയേക്കാമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. മലനിരകളെ ഉയരത്തിന്റെ അടിസ്ഥാനത്തിലല്ല നിര്‍വചിക്കേണ്ടതെന്നും ഭൂമിശാസ്ത്രപരമായാണ് നിര്‍വചിക്കേണ്ടതെന്നും ഭാവിയില്‍ ഹിമാലയവും പശ്ചിമഘട്ടവും സമാനമായി അശാസ്ത്രീയമായി നിര്‍വചിക്കാന്‍ ഇട വരുമെന്നും വിദഗ്ധര്‍ ആശങ്കപ്പെടുന്നുണ്ട്.

100 മീറ്റര്‍ എന്ന അശാസ്ത്രീയമായ മാനദണ്ഡത്തിന് പകരം ഭൂമിശാസ്ത്രമനുസരിച്ച് കൃത്യമായ ശാസ്ത്രീയ മാനദണ്ഡങ്ങള്‍ വെച്ച് ആരവല്ലി പ്രദേശങ്ങളെ നിര്‍വചിക്കുകയാണ് വേണ്ടത്. പരിമിതവും ശാസ്ത്രീയമായി നിയന്ത്രിതവുമായ ഖനനം പരിസ്ഥിതിക്ക് ദോഷം വരുത്താത്ത രൂപത്തില്‍ അനുവദിക്കുന്നതോടൊപ്പം ആരവല്ലി മലനിരകളുടെ നിലനില്‍പ്പിന് ഏതെങ്കിലും തരത്തില്‍ ഭീഷണി ഉയര്‍ത്തുന്നവയെ അടിയന്തര പ്രാധാന്യത്തോടെ തടയേണ്ടതും അനിവാര്യമാണ്.

 

Latest