Articles
ഇസ്‌റാഈലിന്റേത് വ്യാജ "വെടിനിര്‍ത്തല്‍'
ഗസ്സയിലും വെസ്റ്റ് ബാങ്കിലും ഒന്നും അവസാനിച്ചിട്ടില്ല. വംശഹത്യയെക്കുറിച്ച് ശക്തിപ്പെട്ടുവരുന്ന പൊതുജനാഭിപ്രായം വ്യതിചലിപ്പിക്കാന്‍ മാത്രമേ ഈ വ്യാജ വെടിനിര്‍ത്തല്‍ പ്രഖ്യാപനം സഹായിക്കൂ. 2025 ഒക്ടോബര്‍ 10ന് പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ വാര്‍ത്തകളില്‍ മാത്രമേ നിലനില്‍ക്കുന്നുള്ളൂ. ഫലസ്തീന്‍ വിഭാഗങ്ങള്‍ മാത്രം അംഗീകരിക്കുന്ന ഏകപക്ഷീയ വെടിനിര്‍ത്തലാണത്. സിവിലിയന്മാര്‍ക്കെതിരായ സയണിസ്റ്റ് ബോംബാക്രമണങ്ങള്‍ അവസാനിച്ചിട്ടില്ല
സൈമന്‍ ആന്‍ഹോള്‍ട്ട് വികസിപ്പിച്ച ആഗോള പ്രശസ്ത സര്‍വേയായ ‘നാഷന്‍ ബ്രാന്‍ഡ് ഇന്‍ഡെക്‌സ് 2025’ല്‍ (എന്‍ ബി ഐ) ഇസ്‌റാഈല്‍ തുടര്‍ച്ചയായി രണ്ടാം വര്‍ഷവും ഏറ്റവും അടിത്തട്ടിലാണ്. 20 രാജ്യങ്ങളില്‍ നിന്നുള്ള 40,000 പേര്‍ പങ്കെടുത്ത സര്‍വേയില്‍ ഹ്യൂമന്‍ എംപതിയിലാണ് പരിതാപകരമായ ഈ അവസ്ഥ. പ്യൂ റിസര്‍ച്ചും യൂഗോവും നടത്തിയ വോട്ടെടുപ്പുകള്‍ ആ കുപ്രസിദ്ധി സ്ഥിരീകരിക്കുന്നു. നാഷന്‍ ബ്രാന്‍ഡ് പുറത്തുവിട്ട ഡാറ്റയനുസരിച്ച് സ്‌കോര്‍ 6.1 ശതമാനം ഇടിഞ്ഞ് രണ്ട് ദശാബ്ദത്തിലെ ഏറ്റവും മോശം പ്രകടനമായി. 2023 ഒക്ടോബര്‍ ഏഴ് മുതല്‍ ഇസ്‌റാഈല്‍ പട്ടാളം 72,000ത്തിലധികം ഫലസ്തീനികളെ വധിച്ച ഗസ്സയിലെ വംശഹത്യാ യുദ്ധവുമായി അത് ബന്ധപ്പെട്ടിരിക്കുന്നു. അതിനാല്‍ കയറ്റുമതി ഇടിയുകയും ഉത്പന്നങ്ങളോടുള്ള ഉപഭോക്തൃ വിമുഖത ഏറുകയുമാണ്. ഇസ്‌റാഈലിന്റെ വംശഹത്യാ യുദ്ധം ഗസ്സയുടെ ഭാവി തലമുറകളെയും അടിമുടി തകര്‍ത്തുകൊണ്ടിരിക്കുകയാണ്. ജനന നിരക്കില്‍ 40 ശതമാനം കുറവുണ്ടായി. പ്രതിമാസ ജനനങ്ങള്‍ 26,000ല്‍ നിന്ന് 17,000 ആയി ഇടിഞ്ഞു. ഗര്‍ഭം അലസലുകളുടെയും ഭാരംകുറഞ്ഞ കുഞ്ഞുങ്ങളുടെയും വന്‍ വര്‍ധനവും രേഖപ്പെടുത്തി. ഇന്ധനത്തിനും അവശ്യ വസ്തുക്കള്‍ക്കും മേലുള്ള തുടര്‍ച്ചയായ ഉപരോധം അടിസ്ഥാന സേവനങ്ങളെ സ്തംഭിപ്പിക്കുന്നതിനാല്‍ ഇസ്‌റാഈല്‍ നിയന്ത്രണങ്ങള്‍ പ്രദേശത്തെ ദുരന്ത മേഖലയാക്കി. റോഡുകള്‍, ജല സൗകര്യങ്ങള്‍, വൈദ്യുതി ജനറേറ്ററുകള്‍, കൃഷിയിടങ്ങള്‍ എന്നിവയുടെ വന്‍തോതിലുള്ള നാശം മാനുഷിക പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കിയിട്ടുമുണ്ട്. ഇന്ധനക്ഷാമം, അറ്റകുറ്റപ്പണികളുടെ അഭാവം, കുന്നുകൂടുന്ന മാലിന്യങ്ങള്‍ എന്നിവ രോഗസാധ്യതയും പൊതുജനാരോഗ്യ ഭീഷണികളും വര്‍ധിപ്പിക്കുന്നു.
പിഴുതുനശിപ്പിച്ചത് 20,000 ഒലീവ് വൃക്ഷങ്ങള്‍
വെസ്റ്റ് ബാങ്കില്‍ ഒരാഴ്ചക്കുള്ളില്‍ ഇസ്‌റാഈല്‍ ഇരുപതിനായിരത്തിലേറെ കൂറ്റന്‍ മരങ്ങള്‍, അവയിലേറെയും ഒലീവ് വൃക്ഷങ്ങള്‍ പിഴുതെറിഞ്ഞ് 70 ലക്ഷം ഡോളറിന്റെ നഷ്ടം വരുത്തി. കാര്‍ഷിക മേഖലയെയും ഭക്ഷ്യസുരക്ഷാ സ്രോതസ്സുകളെയും ലക്ഷ്യമിട്ടുള്ള തീവ്രമായ ആക്രമണം വടക്കന്‍, മധ്യ വെസ്റ്റ് ബാങ്കിലാണ് കൂടുതല്‍ കേന്ദ്രീകരിച്ചത്. അധിനിവേശ വെസ്റ്റ് ബാങ്കിലും കിഴക്കന്‍ ജറൂസലമിലും ഉടനീളമുള്ള അനധികൃത വാസസ്ഥലങ്ങളില്‍ ഏഴരലക്ഷം ഇസ്‌റാഈല്‍ കുടിയേറ്റക്കാര്‍ കൈയേറി താമസിക്കുന്നു.
വീടുകള്‍ നഷ്ടപ്പെട്ട് കൂടാരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് മഴയുടെ ഒച്ച ശൈത്യകാല സംഗീതമല്ല, മറിച്ച് തുടരുന്ന കഷ്ടപ്പാടുകളുടെ മുന്നറിയിപ്പാണ്. ഓരോ തുള്ളിയും വേദന വഹിക്കുന്നു. ശൈത്യകാലം രൂക്ഷമായി വീടുകള്‍ അവശിഷ്ടങ്ങള്‍ക്കടിയില്‍ മൂടപ്പെട്ടിരിക്കുന്നു. 80 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിയടിക്കുന്ന ശക്തമായ കാറ്റ് കീറിപ്പറിഞ്ഞ ടെന്റുകള്‍ നിലംപൊത്തിക്കുകയാണ്. ഗസ്സയുടെ ഹൃദയഭാഗത്ത് കുടുംബങ്ങള്‍ അഭയമില്ലാതെ നരകിക്കുന്നുമുണ്ട്; അടിസ്ഥാനാവശ്യങ്ങള്‍ പോലും നിറവേറ്റാനാകാതെ. ഈ ശൈത്യകാലത്ത് ഫലസ്തീന്‍ പ്രദേശങ്ങളെ ബാധിക്കുന്ന മൂന്നാമത്തെ ധ്രുവ ന്യൂനമര്‍ദമാണിത്. വൈകുന്നേരങ്ങളില്‍ താപനില 10 ഡിഗ്രി സെല്‍ഷ്യസിന് താഴെ. തരിശുഭൂമിയില്‍ കൂടാരം സ്ഥാപിക്കാന്‍ ശ്രമിക്കുന്നതിനിടെ കുഴിച്ചിട്ടിരിക്കുന്ന കുറേ മയ്യിത്തുകള്‍ കണ്ടെത്തുകയുണ്ടായി; രണ്ട് സ്ത്രീകളുടേതുള്‍പ്പെടെ. അവ അല്‍ശിഫ മെഡിക്കല്‍ കോംപ്ലക്‌സിലെ ഫോറന്‍സിക് വിഭാഗത്തിലേക്ക് മാറ്റി. ജയിലില്‍ കഴിയുന്ന ഫലസ്തീന്‍ തടവുകാര്‍ അങ്ങേയറ്റം കഠിനമായ സാഹചര്യങ്ങള്‍ അനുഭവിക്കുന്നു. രോഗികളായ അന്തേവാസികള്‍ക്ക് കഠിനമായ അവഗണന, തടവുകാരെ കുത്തിനിറക്കല്‍, വൈദ്യചികിത്സ നിഷേധിക്കല്‍, പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാനുള്ള അസൗകര്യങ്ങള്‍ തുടങ്ങിയവ അവര്‍ നേരിടുന്നുണ്ടെന്ന് മനുഷ്യാവകാശ സംഘടനകള്‍ മുന്നറിയിപ്പ് നല്‍കി.
ഗസ്സയിലെ അദൃശ്യനായകന്‍
വംശഹത്യയുടെ തുടക്കം മുതല്‍ ഗസ്സയിലെ അദൃശ്യനായ നായകന്‍ എന്നറിയപ്പെടുന്ന യൂസുഫ് അബു ഹത്താബ് 18,000 രക്തസാക്ഷികളുടെ മയ്യിത്തുകളാണ് അടക്കംചെയ്തത്. അധിനിവേശ സേനയുടെ കൂട്ട ബോംബാക്രമണത്തില്‍ ശ്മശാന സംവിധാനം തകര്‍ന്നപ്പോള്‍ ആ അറുപത്തിയഞ്ചുകാരന്‍ മണിക്കൂറുകളോളം, മതിയായ ഭക്ഷണമില്ലാതെ ജോലി ചെയ്യേണ്ടിവന്നു. മകനെയും സഹോദരനെയും നഷ്ടപ്പെട്ടിട്ടും കൊല്ലപ്പെടുന്നവരെ ഇപ്പോഴും അടക്കം ചെയ്യുന്നത് തുടരുന്നു. സങ്കല്‍പ്പിക്കാനാകാത്ത കഷ്ടപ്പാടുകള്‍ക്കിടയിലെ സഹനശക്തിയുടെ തെളിവാണ് അദ്ദേഹത്തിന്റെ സ്പര്‍ശമേല്‍ക്കുന്ന ഓരോ ഖബ്‌റും.
ആഴ്ചകളോളം കൊടുംമഴയും വന്‍കാറ്റും മരംകോച്ചുന്ന തണുപ്പും ആക്രമിച്ചുകൊണ്ടിരിക്കുന്ന കൂടാരങ്ങളിലെ കുട്ടികളെ കുറിച്ച് ചിന്തിക്കാതിരിക്കാന്‍ എങ്ങനെ കഴിയും? ഗസ്സയില്‍ ഉമ്മമാരുടെ നിസ്സഹായമായ കൈകള്‍ക്കിടയില്‍ കുട്ടികള്‍ തണുപ്പ് കാരണം മരിക്കുന്നു. ആരും ഒന്നും ചെയ്യുന്നില്ല. ഫലസ്തീനികള്‍ നേരിടുന്ന സാഹചര്യങ്ങളെ ക്രിസ്മസ് പ്രസംഗത്തിനിടെ അപലപിച്ചിരുന്നു പോപ് ലിയോ. ജറുസലം പാത്രിയാര്‍ക്കീസ് കര്‍ദിനാള്‍ പിയര്‍ബാറ്റിസ്റ്റ പിസാബല്ല ക്രിസ്മസ് ദിനത്തില്‍ ഗസ്സ സന്ദര്‍ശിച്ചിരുന്നു.
ആക്രമണം തുടരുകയാണ്
ഗസ്സയിലും വെസ്റ്റ് ബാങ്കിലും ഒന്നും അവസാനിച്ചിട്ടില്ല. വംശഹത്യയെക്കുറിച്ച് ശക്തിപ്പെട്ടുവരുന്ന പൊതുജനാഭിപ്രായം വ്യതിചലിപ്പിക്കാന്‍ മാത്രമേ ഈ വ്യാജ വെടിനിര്‍ത്തല്‍ പ്രഖ്യാപനം സഹായിക്കൂ. 2025 ഒക്ടോബര്‍ 10ന് പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ വാര്‍ത്തകളില്‍ മാത്രമേ നിലനില്‍ക്കുന്നുള്ളൂ. ഫലസ്തീന്‍ വിഭാഗങ്ങള്‍ മാത്രം അംഗീകരിക്കുന്ന ഏകപക്ഷീയ വെടിനിര്‍ത്തലാണത്.
സിവിലിയന്മാര്‍ക്കെതിരായ സയണിസ്റ്റ് ബോംബാക്രമണങ്ങള്‍ അവസാനിച്ചിട്ടില്ല. മാനുഷിക നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. 23 ലക്ഷം ഫലസ്തീനികളെ സ്ഥിരമായ ഉപരോധാവസ്ഥയില്‍ ഉപേക്ഷിച്ചു. ജബാലിയയിലെ കുടിയിറക്കപ്പെട്ട ഒരു വയോധികന്‍ സ്ഥിതി സംഗ്രഹിച്ചത്, വംശഹത്യ മാധ്യമങ്ങളില്‍ മാത്രമാണ് അവസാനിച്ചതെന്നാണ്. കരാര്‍ ഒപ്പിട്ടശേഷം 300 സിവിലിയന്മാരെ വെടിവെച്ച് കൊന്നതായി ഗസ്സ ആരോഗ്യ മന്ത്രാലയം രേഖപ്പെടുത്തിയിട്ടുണ്ട്. ഹമാസിന്റെ ലംഘനങ്ങള്‍ക്ക് പ്രതികാരം ചെയ്യുമെന്ന് നെതന്യാഹു എപ്പോഴും അവകാശപ്പെടുന്നു. തുടക്കത്തില്‍ തന്നെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കപ്പെട്ടു. ഒക്ടോബര്‍ 19ന് റഫയില്‍ 26 സിവിലിയന്മാരെ വധിച്ചു. പത്ത് ദിവസത്തിന് ശേഷം 46 കുട്ടികള്‍ ഉള്‍പ്പെടെ 104 പേരുടെ ജീവന്‍ കവര്‍ന്നു. റഫയിലും ഖാന്‍ യൂനുസിലും തുടരുന്ന ദിവസേനയുള്ള ആക്രമണങ്ങള്‍ വീണ്ടും ആ മേഖലയെ വംശഹത്യാ മേഖലകളാക്കി മാറ്റി.
കരാര്‍ പ്രകാരം ദിവസം 600 സഹായ ട്രക്കുകള്‍ എത്തേണ്ടിടത്ത് 150 ട്രക്കുകള്‍ മാത്രമേ അനുവദിച്ചുള്ളൂ. ഇന്ധന ഉപരോധവും കുടിവെള്ള വിതരണ ശൃംഖലകളുടെ നിയന്ത്രണവും ദുരിതം ഇരട്ടിയാക്കി. ശൈത്യകാലത്തിന്റെ മധ്യത്തില്‍ കുടിവെള്ളമില്ലാതെ ഗസ്സക്കാര്‍ വലഞ്ഞു. ബേക്കറികള്‍ അടച്ചുപൂട്ടിയതിനാല്‍ ഭക്ഷ്യവസ്തുക്കളുടെ വില പതിന്മടങ്ങ് ഏറി. വ്യാപകമായ ക്ഷാമത്തിന്റെ ആസന്ന അപകട സാധ്യതയെക്കുറിച്ച് ഐക്യരാഷ്ട്ര സഭ മുന്നറിയിപ്പ് നല്‍കുന്നു. ലോക രാഷ്ട്രങ്ങള്‍ വെടിനിര്‍ത്തല്‍ കരാറില്‍ ആശ്വാസം കൊണ്ട് മൗനം പാലിക്കുന്നു.





