Connect with us

Articles

ഗാഡ്ഗില്‍ എങ്ങനെ ഓര്‍മിക്കപ്പെടും?

പരിസ്ഥിതി സംരക്ഷണവും സുസ്ഥിര വികസനവും സമൂഹത്തിന്റെ മുഖ്യധാരയിലേക്കെത്തിക്കുന്നതില്‍ അദ്ദേഹം നല്‍കിയ സംഭാവനകള്‍ നിസ്തുലമാണ്. ഗാഡ്ഗില്‍ എന്ന പേര് നമ്മള്‍ മറന്നാലും അദ്ദേഹം നല്‍കിയ മുന്നറിയിപ്പുകള്‍ നമ്മുടെ ഓര്‍മയില്‍ ഉണ്ടാകും.

Published

|

Last Updated

പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞനും ഗാഡ്ഗില്‍ കമ്മീഷന്‍ അധ്യക്ഷനുമായിരുന്ന പ്രൊഫ. മാധവ് ഗാഡ്ഗില്‍ വിടവാങ്ങിയിരിക്കുന്നു. 1942ല്‍ പുണയിലാണ് ജനനം. പരിസ്ഥിതി സംരക്ഷണവും സുസ്ഥിര വികസനവും സമൂഹത്തിന്റെ മുഖ്യധാരയിലേക്കെത്തിക്കുന്നതില്‍ അദ്ദേഹം നല്‍കിയ സംഭാവനകള്‍ നിസ്തുലമാണ്. അദ്ദേഹത്തിന്റെ പിതാവ് സാമ്പത്തിക ശാസ്ത്രജ്ഞനും ഉന്നത ഉദ്യോഗസ്ഥനുമായിരുന്നു. തന്നെ രൂപപ്പെടുത്തുന്നതില്‍ പിതാവിനുള്ള പങ്ക് എന്നും അദ്ദേഹം എടുത്തുപറയുമായിരുന്നു. ചെറുപ്പത്തില്‍ മഹാരാഷ്ട്രയിലെ ഒരു ജലവൈദ്യുതി അണക്കെട്ട് കാണാന്‍ പിതാവിനോടൊപ്പം പോയത് അദ്ദേഹം ഓര്‍ക്കുന്നു, ‘നമുക്ക് വൈദ്യുതി വേണം. പക്ഷേ അത് വനത്തിനുണ്ടാക്കിയ നാശം നമുക്ക് മറക്കാനാകില്ല’. ജനങ്ങളോടുള്ള സഹാനുഭൂതിക്കൊപ്പം പ്രകൃതിയോടുള്ള സ്നേഹവും ചെറുപ്രായത്തില്‍ തന്നെ അദ്ദേഹത്തില്‍ വളര്‍ത്തിയത് പിതാവായിരുന്നു.

പ്രകൃതി നേരിടുന്ന വിനാശത്തിന് പരിഹാരം കാണാന്‍ ശാസ്ത്രത്തിന് കഴിയും എന്ന ഉറച്ച വിശ്വാസമാണ് ഗാഡ്ഗിലിന്റെ ആന്തരിക ശക്തി. ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറല്‍ ബിരുദം നേടി. 1981 മുതല്‍ 2004 വരെ ബെംഗളൂരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ പ്രൊഫസറായിരുന്നു. കാലിഫോര്‍ണിയയിലെ സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയിലും മറ്റും വിസിറ്റിംഗ് പ്രൊഫസറുയിരുന്നു. ഇന്ത്യയിലെ നിരവധി ഗവേഷണ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഏഴ് ഗ്രന്ഥങ്ങളും 225 ശാസ്ത്ര പഠനങ്ങളും അദ്ദേഹത്തിനുണ്ട്.

ഗാഡ്ഗില്‍ റിപോര്‍ട്ട്
തന്റെ റിപോര്‍ട്ട് നടപ്പാക്കണം എന്ന് ഒരിടത്തും ഗാഡ്ഗില്‍ പറഞ്ഞിട്ടേയില്ല. അതിനെ കേവലം ഒരു ഒറ്റമൂലി ആയിക്കാണാനല്ല, മറിച്ച് അതില്‍ ഉയര്‍ന്നു വരുന്ന വിഷയങ്ങള്‍ ഏറ്റവും താഴെയുള്ള ഗ്രാമസഭാതലത്തില്‍ ചര്‍ച്ച ചെയ്യുകയും ഓരോ പ്രദേശത്തെയും പാരിസ്ഥിതിക ഘടന വിലയിരുത്തി ഇതില്‍ പറയുന്ന നിര്‍ദേശങ്ങളില്‍ ആവശ്യമായവ നടപ്പാക്കണം എന്നുമാണ് റിപോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്. തന്നെയുമല്ല ആ റിപോര്‍ട്ട് തയ്യാറാക്കുമ്പോള്‍ ഉണ്ടായിരുന്ന അവസ്ഥയല്ല ഇന്നുള്ളത്. ലോകവും കേരളവും മാറിപ്പോയി. കാലാവസ്ഥയില്‍ ഇത്ര ഗുരുതരമായ വ്യതിയാനങ്ങള്‍ അന്ന് പ്രതീക്ഷിച്ചിരുന്നതേയില്ല. അറബിക്കടലിലെ വലിയ മാറ്റങ്ങള്‍ കേരളത്തെ എത്ര ഗുരുതരമായി ബാധിക്കുന്നു എന്ന് നമുക്കിന്നറിയാം. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല തന്നെ നടത്തിയ പഠനങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. പത്ത് വര്‍ഷം മുമ്പ് അറബിക്കടലില്‍ ന്യൂനമര്‍ദമോ അതിന്റെ പാത്തിയോ കൂമ്പാര മേഘങ്ങളോ മേഘവിസ്ഫോടനമോ ഒന്നും നമ്മുടെ അറിവില്‍ ഇല്ലായിരുന്നു. ബംഗാള്‍ ഉള്‍ക്കടലിലെ മാറ്റങ്ങളാണ് നമ്മുടെ ശ്രദ്ധയില്‍ ഉണ്ടായിരുന്നത്. വളരെ വീതി കുറഞ്ഞ കേരളത്തിന് മീതെ അറബിക്കടലില്‍ നിന്ന് വരുന്ന ഭീമന്‍ മേഘങ്ങള്‍ പെയ്തൊഴിയുകയാണ്. അതിന്റെ സിംഹഭാഗവും പെയ്യുന്നത് ഉന്നതമായ പശ്ചിമഘട്ടത്തിലാണ്. വളരെ കൂടിയ ചെരിവുള്ള മലനിരകളില്‍, അവിടുത്തെ വനാവരണങ്ങളില്‍, ഭൂപ്രകൃതിയില്‍ ഒക്കെ ഉണ്ടാകുന്ന മാറ്റങ്ങള്‍ മലനിരകളില്‍ മാത്രമല്ല ഇടനാട്ടിലും തീരപ്രദേശത്തും ഗുരുതരമായ ആഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് നമുക്കിന്നറിയാം. ഗാഡ്ഗില്‍ സമിതി പരിഗണിച്ചത് പശ്ചിമഘട്ടത്തിന്റെ സ്ഥിരതയാണ് എന്ന് മാത്രം. കോഴിക്കോട് ടൗണ്‍ഹാളില്‍ ഒരു വ്യാഴവട്ടക്കാലത്തിന് മുമ്പ്, അദ്ദേഹം പറഞ്ഞു, ‘പശ്ചിമഘട്ടമില്ലെങ്കില്‍ നാം ഇല്ല. പശ്ചിമഘട്ടം ജൈവ കലവറയാണ്. ജലഗോപുരമാണ്. പശ്ചിമഘട്ടത്തെ പൊട്ടിച്ചു വില്‍ക്കരുത്. അത് ജീവിതത്തിന്റെ ഭാഗമാണ്. നദികളുടെ പ്രഭവ കേന്ദ്രമാണ്.’

വിവാദങ്ങള്‍
ഗാഡ്ഗില്‍ റിപോര്‍ട്ടിനെ കുറിച്ച് ഒട്ടനവധി അസത്യ പ്രചാരണങ്ങള്‍ നാട്ടിലുണ്ടായി. ഗ്രീന്‍ ബില്‍ഡിംഗ് കോഡ് നടപ്പാക്കണമെന്ന് പറഞ്ഞതിനെ വീടുകള്‍ എല്ലാം പച്ച നിറത്തിലുള്ള പെയിന്റടിക്കണം, രാത്രി കുട്ടികള്‍ കരഞ്ഞാല്‍ കടുവകള്‍ക്ക് ശല്യമാകും, പശ്ചിമഘട്ടം മുഴുവന്‍ ആനത്താര എന്ന രീതിയില്‍ സര്‍ക്കാര്‍ ഏറ്റെടുക്കും, മലയോരത്ത് കപ്പയോ ചേനയോ കൃഷി ചെയ്താല്‍ പത്ത് വര്‍ഷം ജയില്‍, കക്കൂസ് പോലും പണിയാന്‍ കഴിയില്ല ഇങ്ങനെ പോകുന്നു ആ പ്രചാരണങ്ങള്‍. അന്തരിച്ച പി ടി തോമസിനെപ്പോലെ അപൂര്‍വം ചിലര്‍ മാത്രം എല്ലാ എതിര്‍പ്പുകളെയും അവഗണിച്ച് കൊണ്ട് ഇതിനായി വാദിച്ചു.

ഇന്നത്തെ അവസ്ഥ എന്താണ്?
2018ലെ പ്രളയത്തിന് ശേഷം കേരളത്തിന്റെ, വിശേഷിച്ച് പശ്ചിമഘട്ടത്തിന്റെ പാരിസ്ഥിതിക ദൗര്‍ബല്യം പഠിക്കാന്‍ സര്‍ക്കാറുകള്‍ നിര്‍ബന്ധിതരായി. അത് പരിസ്ഥിതി താത്പര്യം കൊണ്ടായിരുന്നില്ല, മറിച്ച് മഹാ ദുരന്തങ്ങളുടെ ഫലമായുണ്ടായ മനുഷ്യജീവന്റെയും സമ്പത്തിന്റെയും നഷ്ടം കൊണ്ടായിരുന്നു. പരിസ്ഥിതി എന്ന വാക്ക് പരമാവധി ഒഴിവാക്കിക്കൊണ്ടാണ് പഠനങ്ങള്‍ നടത്തിയത്. എത്ര ഒഴിവാക്കാന്‍ ശ്രമിച്ചാലും പശ്ചിമഘട്ടത്തില്‍ ഉണ്ടായിരിക്കുന്ന പാരിസ്ഥിതിക തകര്‍ച്ച ഈ കാലാവസ്ഥാ മാറ്റങ്ങളുടെ കാലത്ത് മഹാദുരന്തങ്ങള്‍ക്ക് വഴിവെക്കുന്നു എന്ന സത്യം ഓരോ വര്‍ഷവും കൂടുതല്‍ ബോധ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്.

ഗാഡ്ഗില്‍ റിപോര്‍ട്ട് ഔദ്യോഗികമായിരുന്നോ?
ഗാഡ്ഗില്‍ ഒരു അനൗദ്യോഗിക പഠനം നടത്തിയതാണെന്ന രീതിയില്‍ ചില പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. യാഥാര്‍ഥ്യം എന്താണ്? 1986ല്‍ നിലവില്‍ വന്ന പരിസ്ഥിതി സംരക്ഷണ നിയമത്തിന്റെ മൂന്നാം ഖണ്ഡിക സര്‍ക്കാറിന് മുന്നില്‍ ഒരു പ്രധാന ചുമതല നല്‍കുന്നുണ്ട്. രാജ്യത്തെ വിവിധ മലകള്‍, വനം, തീരം, പൈതൃക സമ്പത്തുകള്‍ തുടങ്ങിയ മേഖലകളിലെ പാരിസ്ഥിതിക അവസ്ഥകള്‍ പഠിച്ച് ആ പ്രദേശങ്ങളെ ദൗര്‍ബല്യമനുസരിച്ച് മേഖലകളാക്കി തിരിക്കാനും ഓരോ മേഖലയിലും ഏതെല്ലാം തരത്തിലുള്ള ഇടപെടലുകള്‍ വേണം എന്നും അവ നടപ്പാക്കാന്‍ വേണ്ട സംവിധാനം എങ്ങനെയാകണമെന്നും നിര്‍ദേശിക്കാനും സംസ്ഥാന സര്‍ക്കാറുകളെക്കൊണ്ട് അവ നടപ്പാക്കാനും കേന്ദ്ര വനം പരിസ്ഥിതി കാലാവസ്ഥാ വകുപ്പിന് അധികാരവും ബാധ്യതയുമുണ്ട്. ഈ ബാധ്യതയുടെ ഭാഗമായാണ് 2010ല്‍ മാധവ് ഗാഡ്ഗില്‍ അധ്യക്ഷനായ സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചത്. ആ റിപോര്‍ട്ട് കിട്ടിയിട്ടും പുറത്തുവിടാതെ കുറേക്കാലം സര്‍ക്കാര്‍ പിടിച്ചുനിന്നു. വിവരാവകാശ നിയമം അനുസരിച്ചുള്ള നീണ്ട കോടതി വ്യവഹാരങ്ങളിലൂടെയാണ് ഇത് പുറത്തുവന്നത്. കേരളം, തമിഴ്നാട്, കര്‍ണാടക, ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്ന പശ്ചിമഘട്ടത്തിന്റെ എല്ലാ സംസ്ഥാനങ്ങളിലും പാലിക്കേണ്ട നിര്‍ദേശങ്ങള്‍ സമഗ്രമായി ഈ റിപോര്‍ട്ടിലുണ്ട്.

നിര്‍മാണ പ്രവര്‍ത്തനങ്ങള്‍
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സങ്ങളുണ്ടാകും എന്നും അത് നിത്യജീവിതത്തെ ബാധിക്കും എന്നുമായിരുന്നു ഈ റിപോര്‍ട്ടിനെതിരായി ഉയര്‍ന്നുവന്ന ഏറ്റവും വലിയ വിമര്‍ശം. എന്താണ് ഓരോ മേഖലയിലും സ്വീകരിക്കേണ്ട നിര്‍മാണ രീതികള്‍ എന്നാണ് ഗാഡ്ഗിലിന്റെ റിപോര്‍ട്ടുകളില്‍ പറയുന്നത്. പരിസ്ഥിതി സൗഹൃദ സാമഗ്രികളും നിര്‍മാണരീതിയും ഉപയോഗിക്കണം, സ്റ്റീല്‍, സിമന്റ്, മണല്‍ എന്നിവയുടെ ഉപയോഗം കുറയ്ക്കണം, ഹരിത സാങ്കേതികവിദ്യകള്‍, ബില്‍ഡിംഗ് കോഡുകള്‍ മുതലായവ രൂപപ്പെടണം, ഗ്രീന്‍ ബില്‍ഡിംഗ് സാക്ഷ്യപത്രവും മാര്‍ഗരേഖകളും തയ്യാറാക്കണം, ചതുപ്പു നിലങ്ങളും വെള്ളക്കെട്ടുകളും നികത്തരുത്, വിദേശ സസ്യയിനങ്ങള്‍ വളര്‍ത്തരുത്, ഭൂമിയിലേക്ക് വെള്ളമിറങ്ങുന്നത് തടസ്സപ്പെടുത്തുന്ന വിധത്തില്‍ ഓടും സിമന്റും ഇടുന്നത് കുറക്കണം എന്നൊക്കെയായിരുന്നു ആ നിര്‍ദേശങ്ങള്‍.

മനുഷ്യന്റെ ഇടപെടലുകള്‍ കാലാവസ്ഥാ മാറ്റത്തെ മഹാ ദുരന്തങ്ങളാക്കി മാറ്റുന്നു എന്ന സത്യം എത്ര മറച്ചു പിടിച്ചാലും പുറത്തുവരും എന്നതിന്റെ തെളിവാണ് സര്‍ക്കാറിന്റെ തന്നെ പി ഡി എന്‍ എ റിപോര്‍ട്ട്. അതുകൊണ്ട് തന്നെ കാലാവസ്ഥയിലെ അനിശ്ചിതത്വങ്ങള്‍ പ്രതിസന്ധികളായി നിരന്തരം ഉയര്‍ന്നു വരുമ്പോള്‍ ഗാഡ്ഗില്‍ വേണമോ വേണ്ടയോ എന്നല്ല ചര്‍ച്ച ചെയ്യേണ്ടത്. ഗാഡ്ഗില്‍ റിപോര്‍ട്ടില്‍ കൊടുത്തിരിക്കുന്ന ഒട്ടു മിക്ക നിര്‍ദേശങ്ങളും സര്‍ക്കാറിന്റെ തന്നെ പഠനങ്ങളില്‍ കാണുന്ന സാഹചര്യത്തില്‍ അതിലെ നിയന്ത്രണങ്ങള്‍ നടപ്പാക്കാനെങ്കിലും സര്‍ക്കാര്‍ തയ്യാറാകുമോ എന്നതാണ് പ്രധാനം. ഗാഡ്ഗില്‍ എന്ന പേര് നമ്മള്‍ മറന്നാലും അദ്ദേഹം നല്‍കിയ മുന്നറിയിപ്പുകള്‍ നമ്മുടെ ഓര്‍മയില്‍ ഉണ്ടാകും

 

Latest