Connect with us

Kerala

ആത്മഹത്യകള്‍ വേട്ടയാടുന്നു; ബി ജെ പിയുടെ പ്രതീക്ഷകള്‍ കരിയുന്നു

ഗുരുതരമായ സാമ്പത്തിക ക്രമക്കേട് മുതല്‍ മാഫിയ ബന്ധം അടക്കം ജീവനൊടുക്കിയവരുടെ മരണ മൊഴികള്‍ക്ക് മറുപടി പറയേണ്ട അവസ്ഥയിലാണ് നേതൃത്വം

Published

|

Last Updated

തിരുവനന്തപുരം | തദ്ദേശ ഭരണ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം നഗരസഭയില്‍ വലിയ പ്രതീക്ഷയുണ്ടായിരുന്ന ബി ജെ പിക്ക് രണ്ട് നേതാക്കളുടെ ആത്മഹത്യയോടെ തുടക്കം മുതലേ തിരിച്ചടി. പാര്‍ട്ടി നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചാണ് സിറ്റിംഗ് കൗണ്‍സിലറടക്കം രണ്ടുപേര്‍ ആത്മഹത്യ ചെയ്തത്. ഇതിനിടെ നെടുമങ്ങാട് നഗരസഭ വാര്‍ഡില്‍ സ്ഥാനാര്‍ഥിത്വ തര്‍ക്കത്തെ തുടര്‍ന്ന് നടന്ന ആത്മഹത്യ ശ്രമവും ബി ജെ പിക്ക് തലവേദനയായി.

ഗുരുതരമായ സാമ്പത്തിക ക്രമക്കേട് മുതല്‍ മാഫിയ ബന്ധം അടക്കം ജീവനൊടുക്കിയവരുടെ മരണ മൊഴികള്‍ക്ക് മറുപടി പറയേണ്ട അവസ്ഥയിലാണ് നേതൃത്വം. രാജീവ് ചന്ദ്രശേഖര്‍ എന്ന ബിസിനസ് മേധാവി പാര്‍ട്ടി അധ്യക്ഷനായതോടെ ബി ജെ പി കൈവരിച്ച പ്രഫഷണല്‍ രീതിയാണ് സാധാരണ പ്രവര്‍ത്തകരെ ആത്മഹത്യയിലേക്ക് നയിക്കുന്നതെന്ന ആരോപണം ഉയര്‍ന്നു കഴിഞ്ഞു.

സംസ്ഥാന അധ്യക്ഷന്‍ തന്നെ നേരിട്ട് നിയന്ത്രിക്കുന്ന തെരഞ്ഞെടുപ്പില്‍ വലിയ പ്രതീക്ഷയുമായി മുന്നോട്ട് പോകുന്നതിനിടെയാണ് തിരുവനന്തപുരം കോര്‍പറേഷനില്‍ ബി ജെ പി കനത്ത പ്രതിരോധത്തിലായത്. തുടര്‍ ആത്മഹത്യകള്‍ സി പി എമ്മും കോണ്‍ഗ്രസും ബി ജെ പിക്കെതിരെ രാഷ്ട്രീയ ആയുധമാക്കിയതോടെ ബി ജെ പി പ്രതിസന്ധിയിലായി. ആത്മഹത്യ ചെയ്തവരെ പല വിധത്തില്‍ തള്ളിക്കളയാനുള്ള ശ്രമം ഗുരുതരമായ തിരിച്ചടിക്കാണു കാരണമായത്. ജീവിതം മുഴുവന്‍ പാര്‍ട്ടിക്ക് സമര്‍പ്പിച്ചവരെ മരിച്ചപ്പോള്‍ ആരുമല്ലെന്നു പറയുന്ന അവസ്ഥക്കെതിരെ ചോദ്യങ്ങള്‍ ഉന്നയിച്ച് സാധാരണ പ്രവര്‍ത്തകര്‍ വ്യാപകമായി രംഗത്തുവന്നു കഴിഞ്ഞു.

തിരുമല കൗണ്‍സിലര്‍ അനില്‍കുമാര്‍ നേതാക്കള്‍ക്കെതിരെ ഉന്നയിച്ചത് സഹകരണ ധനകാര്യ സ്ഥാപനവുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടാണ്. തൃക്കണ്ണാപുരത്ത് സ്ഥാനാര്‍ത്ഥിത്വം ആഗ്രഹിച്ച ആനന്ദ് മണ്ണ് മാഫിയ ബന്ധം അടക്കമുള്ള ആരോപണങ്ങള്‍ ഉന്നയിച്ചാണ് നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയത്.തിരുവനന്തപുരം കോര്‍പറേഷനില്‍ തിരുമലയും തൃക്കണ്ണാപുരവും ബി ജെ പിയുടെ എ ക്ലാസ് വാര്‍ഡുകളാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പി ഏറെ വിജയസാധ്യത കല്‍പ്പിക്കുന്ന നേമം മണ്ഡലത്തിലാണ് ഈ രണ്ട് വാര്‍ഡുകളും ഉള്‍പ്പെടുന്നത്.

അതിനാല്‍ തന്നെ രണ്ട് ആത്മഹത്യകളും ഇതിന്റെ പേരില്‍ ഉരുത്തിരിഞ്ഞ പ്രാദേശിക ചേരിതിരിവും പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയായി. തിരുമല കൗണ്‍സിലര്‍ അനില്‍കുമാറിന്റെ മരണത്തിന് പിന്നാലെ കൂടുതല്‍ സാമ്പത്തിക ആരോപണങ്ങള്‍ നേതാക്കളെ ചുറ്റിപ്പറ്റി ഉയരുന്നുണ്ട്. സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്ന് എടുത്ത ലക്ഷക്കണക്കിന് രൂപ തിരിച്ചടക്കാത്ത ബി ജെ പി നേതാക്കളുടെ പേര് വെളിപ്പെടുത്തുമെന്ന മുന്നറിയിപ്പുമായി മുതിര്‍ന്ന നേതാവ് എം എസ് കുമാര്‍ രംഗത്തെത്തിയത് അടുത്തിടെയാണ്.

Latest