Connect with us

Kerala

ഖലീല്‍ ബുഖാരി തങ്ങളുടെ ദക്ഷിണേന്ത്യന്‍ പര്യടനത്തിന് സമാപനം; മഅദിന്‍ അക്കാദമി മുപ്പതാം വാര്‍ഷികത്തിന്റെ ഭാഗമായി മുപ്പതിന കര്‍മപദ്ധതികള്‍

തെലങ്കാന, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലായി വിദ്യാഭ്യാസം, ജീവകാരുണ്യം, സ്ത്രീശാക്തികരണം, ആരോഗ്യം, പാര്‍പ്പിടം, സേവനം, നൈപുണ്യ വികസനം, തൊഴില്‍, പാരന്റിംഗ് തുടങ്ങിയ മേഖലകളിലാണ് പദ്ധതികള്‍ ആവിഷ്‌കരിക്കുന്നത്.

Published

|

Last Updated

മഅദിന്‍ അക്കാദമി മുപ്പതാം വാര്‍ഷികത്തിന്റെ ഭാഗമായി ദക്ഷിണേന്ത്യയില്‍ നടപ്പിലാക്കുന്ന കര്‍മ പദ്ധതികളുടെ പ്രഖ്യാപന കര്‍മം കര്‍ണാടക യാദ്ഗിര്‍ ജില്ലയിലെ ഗോഗിയില്‍ നടന്ന ഹൈബി കോണ്‍ക്ലേവില്‍ മഅദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നിര്‍വഹിക്കുന്നു

ഹൈദരാബാദ് |  തെലുങ്കാന, ആന്ധ്രാപ്രദേശ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലെ വിവിധ മത-വിദ്യാഭ്യാസ-സാംസ്‌കാരിക പരിപാടികളില്‍ പങ്കെടുക്കുന്നതിനും മഅദിന്‍ അക്കാദമിക്ക് കീഴിലുള്ള ഹൈബി എജ്യൂക്കേഷന്റെ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് കാണുന്നതിനും സംഘടിപ്പിച്ച മഅദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ ബുഖാരി തങ്ങളുടെ ദക്ഷിണേന്ത്യന്‍ പര്യടനത്തിന് പ്രൗഢമായ സമാപനം.

മഅദിന്‍ അക്കാദമിയുടെ മുപ്പതാം വാര്‍ഷികത്തിന്റെ ഭാഗമായി ദക്ഷിണേന്ത്യയില്‍ വിദ്യാഭ്യാസ-കാരുണ്യ മേഖലയില്‍ മുപ്പതിന കര്‍മ്മ പദ്ധതികള്‍ നടപ്പിലാക്കുമെന്ന് സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അറിയിച്ചു. തെലങ്കാന, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലായി വിദ്യാഭ്യാസം, ജീവകാരുണ്യം, സ്ത്രീശാക്തികരണം, ആരോഗ്യം, പാര്‍പ്പിടം, സേവനം, നൈപുണ്യ വികസനം, തൊഴില്‍, പാരന്റിംഗ് തുടങ്ങിയ മേഖലകളിലാണ് പദ്ധതികള്‍ ആവിഷ്‌കരിക്കുന്നത്.

ഏളി ചൈല്‍ഡ് എജുക്കേഷന്‍ സെന്ററുകള്‍, സ്‌കൂളുകള്‍, പി യു സി കോളേജുകള്‍, മത ഭൗതിക വിദ്യാഭ്യാസം സമന്വയിപ്പിച്ചു കൊണ്ടുള്ള ഫിനിഷിംഗ് സ്‌കൂള്‍, ഇന്റര്‍ നാഷണല്‍ സ്‌കൂളുകള്‍, ദാറുല്‍ ബനാത്, ഹെല്‍ത് സെന്ററുകള്‍, സെന്റര്‍ ഫോര്‍ അക്കാദമിക് എക്സലന്‍സ്, സ്‌കില്‍ ഡെവലപ്മെന്റ് സെന്റര്‍, സെന്റര്‍ ഫോര്‍ വുമണ്‍ എജുക്കേഷന്‍, സെന്റര്‍ ഫോര്‍ റിഹാബിലിറ്റേഷന്‍, കമ്മ്യൂണിറ്റി സര്‍വീസ് സെന്റര്‍, ഐഡിയല്‍ വില്ലേജ് പ്രോഗ്രാം, ഹൗസിംഗ് സ്‌കീം, സെന്റര്‍ ഫോര്‍ പാരന്റിങ് ട്രെയിനിങ്, കമ്മ്യൂണിറ്റി സര്‍വീസ് പ്രോഗ്രാം തുടങ്ങിയ മുപ്പതിന പദ്ധതികള്‍ നടപ്പിലാക്കും.

നിലവില്‍ തെലങ്കാന, ആന്ധ്രപ്രദേശ്, കര്‍ണാടക, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന മഅദിന്‍ അക്കാദമിക്ക് കീഴിലുള്ള ഹൈബി എഡ്യൂക്കേഷന്റെ നേതൃത്വത്തിലാവും ഈ പദ്ധതികള്‍ നടപ്പാക്കുന്നത്. പദ്ധതികളുടെ പ്രഖ്യാപനം കര്‍ണാടക യാദ്ഗിര്‍ ജില്ലയിലെ ഗോഗിയില്‍ നടന്ന ഹൈബി കോണ്‍ക്ലേവില്‍ മഅദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി തങ്ങള്‍ നിര്‍വ്വഹിച്ചു. ഖാദിരിയ്യ എജ്യുക്കേഷണല്‍ ട്രസ്റ്റ് ചെയര്‍മാന്‍ ഖാജാ ഹുസൈന്‍, മഅ്ദിന്‍ പബ്ലിക് റിലേഷന്‍ ഡയറക്ടര്‍ സി കെ ഖാലിദ് സഖാഫി സ്വലാത്ത് നഗര്‍, ഗോഗി ദര്‍ഗ പ്രസിഡന്റ ചന്ദ ഹുസൈന്‍ സാഹബ്, ഖയ്യൂം മുഹമ്മദ് സാഹബ്, പാഷാ ഹുസൈന്‍ സാഹബ്, ഹൈബി ഡയറക്ടര്‍ യഹ്യ അദനി കാപ്പ്, ഹൈബി അക്കാദമിക് കോര്‍ഡിനേറ്റര്‍ കബീര്‍ അദനി വയനാട്, കാലിക്സ് പ്രീ സ്‌കൂള്‍ കോര്‍ഡിനേറ്റര്‍ എം ഫിറോസ് അലി, അജ്നാസ് ഉളിയില്‍, ഹൈബി-അല്‍സഫ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ മുര്‍ഷിദ് അദനി കൊടക്, അക്കാദമിക് കോര്‍ഡിനേറ്റര്‍ അബ്ദുല്‍ ബാസിത് അദനി, സ്വലാഹുദ്ധീന്‍ അദനി എന്നിവര്‍ പ്രസംഗിച്ചു.

കര്‍ണ്ണാടകയിലെ ശാപൂരില്‍ ഹൈബി എജ്യൂക്കേഷണലിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഐബക് ലേണിംഗ് സെന്ററും ഖലീല്‍ ബുഖാരി തങ്ങള്‍ സന്ദര്‍ശിച്ചു.

നിലവില്‍ തെലങ്കാനയിലെ ഹൈദരാബാദ്, കാമറെഡ്ഡി, കരീംനഗര്‍, ലിംഗംപേട്ട് കര്‍ണാടകയിലെ ഗോഗി, ഷാഹ്പൂര്‍, ഉംനാബാദ്, റായ്ച്ചൂര്‍, ആന്ധ്രാപ്രദേശിലെ നെല്ലൂര്‍ ജാര്‍ഖണ്ഡിലെ ദാംബാദ് എന്നിവിടങ്ങളിലായി സ്‌കൂളുകളും ഐബക് ലേണിങ് സെന്ററുകളും കാലിക്സ് പ്രീ സ്‌കൂളുകളും ഹൈബിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്നു. ഇവിടങ്ങളിലായി രണ്ടായിരത്തോളം വിദ്യാര്‍ത്ഥികളും 95 സ്റ്റാഫുകളും 23 വളണ്ടിയേഴ്സും ഹൈബിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിനു പുറമേ ദരിദ്ര കുടുംബങ്ങള്‍ക്ക് റേഷന്‍ ഉറപ്പു വരുത്തുന്ന ഫീഡിംഗ് ഹോപ്സ് പ്രോഗ്രാമും അനാഥകളും അഗതികളുമായ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് സ്‌കീമും സെന്‍ട്രല്‍ യൂണിവേഴ്സിറ്റികളില്‍ അഡ്മിഷന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ഹൈബി എജ്യു ഹെല്‍പ്ഡെസ്‌കും ഹൈബി റെസിഡന്‍ഷ്യല്‍ സ്‌ക്വയറും നടന്നു വരുന്നു.

ഹൈദരാബാദിലെ ബാര്‍കസില്‍ മഅദിന്‍ അറബിക് വില്ലേജ്

ഹൈദരാബാദിലെ ബാര്‍കസ് കേന്ദ്രീകരിച്ച് നടത്തുന്ന സ്ഥാപനമാണ് മഅദിന്‍ അറബിക് വില്ലേജ്. 2016 ല്‍ മലപ്പുറത്ത് തുടക്കിമിട്ട സ്ഥാപനം കഴിഞ്ഞ 4 വര്‍ഷമായി ഹൈദരാബാദിലും പ്രവര്‍ത്തിക്കുന്നു. വ്യത്യസ്തമായ വിദ്യാഭ്യാസ കാഴ്ചപ്പാടുകളാണ് സ്ഥാപനം മുന്നോട്ടു വെക്കുന്നത്. അറബി ഭാഷക്ക് പുറമെ ജര്‍മന്‍, ഫ്രഞ്ച് ഭാഷകളിലും ഉന്നത പഠനം നടത്താനുള്ള അവസരത്തോടൊപ്പം വിദ്യാര്‍ഥികള്‍ക്ക് ഹൈദരാബാദിലെ പ്രശസ്ത യൂണിവേഴ്സിറ്റികളില്‍ ഡിഗ്രി, പി ജി രംഗത്തേക്ക് കൂടി പുതിയ വാതായനങ്ങള്‍ തുറക്കുന്നു.

ഡിഗ്രി പഠനകാലയളവില്‍ തന്നെ വിവിധ വിദേശ ഭാഷകളില്‍ ഡിപ്ലോമയും ചെയ്യാനുള്ള സുവര്‍ണാവസരം ഈ സ്ഥാപനത്തെ വ്യതിരിക്തമാക്കുന്നു. പ്രാഥമിക മത പഠന രംഗത്ത് മദ്രസകളോ അക്കാദമിക് സംവിധാനങ്ങളോ വ്യവസ്ഥാപിതമായി നിലവിലില്ലാത്ത പ്രദേശങ്ങളില്‍ മദ്രസകളും മക്തബകളും സ്ഥാപിച്ച് മുന്നോട്ട് കൊണ്ട് പോകാനും വിദ്യാഭ്യാസ രംഗത്ത് പുതിയ മേച്ചില്‍ പുറങ്ങള്‍ തേടാനും ചെറിയ പ്രായത്തില്‍ തന്നെ ഇവിടെ അവസരമൊരുക്കുന്നു. നിലവില്‍ ഇരുപത് കുട്ടികളാണ് ഇവിടെ പഠിച്ചു കൊണ്ടിരിക്കുന്നത്. അമ്പലധികം വിദ്യാര്‍ഥികള്‍ ഇവിടെ നിന്നും പഠനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. മഅദിന്‍ അറബിക് വില്ലേജ് ഡയറക്ടര്‍ കെ ടി അബ്ദുസ്വമദ് സഖാഫി മേല്‍മുറി, കോര്‍ഡിനേറ്റര്‍, സി കെ ബഷീര്‍ സഖാഫി സ്വലാത്ത് നഗര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പദ്ധതികളുടെ ഏകോപനം നടത്തുന്നത്. വളരെ ചെറിയ പ്രായത്തില്‍ തന്നെ അറബി ഭാഷയോടൊപ്പം ഫോറിന്‍ ഭാഷകള്‍ സ്വായത്തമാക്കി ഉന്നത സ്വപ്നങ്ങള്‍ സാക്ഷാല്‍ക്കരിക്കാനാണ് പ്രസ്തുത സ്ഥാപനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് മഅദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി പറഞ്ഞു.