Kerala
'അര്‍ഹതക്കപ്പുറമുള്ള പല സ്ഥാനങ്ങള്‍ക്കുമായി ശബ്ദമുയര്‍ത്താന്‍ സംഘടനാ ശക്തിക്ക് കഴിഞ്ഞു'; തന്റെ കൊച്ചി മേയര്‍ പദവി ലത്തീന്‍ സഭയുട ഇടപെടലിലെന്ന് വി കെ മിനിമോള്‍
തനിക്ക് മേയര്‍ പദവി ലഭിക്കാന്‍ പിതാക്കന്‍മാര്‍ സംസാരിച്ചിരുന്നുവെന്നും വി കെ മിനിമോള്‍
കൊച്ചി | ലത്തീന്‍ സഭയുടെ ഇടപെടലിലാണ് തന്റെ കൊച്ചി മേയര്‍ പദവിയെന്ന് വി കെ മിനിമോള്‍.തനിക്ക് മേയര്‍ പദവി ലഭിക്കാന്‍ പിതാക്കന്‍മാര്‍ സംസാരിച്ചിരുന്നുവെന്നും വി കെ മിനിമോള്‍ വെളിപ്പെടുത്തി. ലത്തീന്‍ സഭയുടെ പിന്തുണയിലാണ് മിനിമോളുടെ മേയര്‍ പദവി എന്ന പ്രചാരണത്തെ ശരിവെക്കുന്നതാണ് മിനിമോളുടെ തുറന്നുപറച്ചില്‍
കൊച്ചി മേയര്‍ സ്ഥാനവുമായി ബന്ധപ്പെട്ട് ഏറെ അനിശ്ചിതത്വങ്ങളും ഭിന്നാഭിപ്രായങ്ങളും ഉയര്‍ന്നിരുന്നു. കെപിസിസി ജനറല്‍ സെക്രട്ടറിയായ ദീപ്തി മേരി വര്‍ഗീസിന്റെ പേരാണ് മേയര്‍ സ്ഥാനത്തേക്ക് യുഡിഎഫ് തുടക്കത്തില്‍ ഉയര്‍ത്തിക്കാണിച്ചിരുന്നതെങ്കിലും പിന്നീട് മിനിമോളെ മേയറാക്കുകയായിരുന്നു.
ഞാന്‍ ഇവിടെ നില്‍ക്കുന്നുണ്ടെങ്കില്‍ അത് ലത്തീന്‍ സമുദായത്തിന്റെ ഉറച്ച ശബ്ദം കൊണ്ടാണ്. അര്‍ഹതയ്ക്ക് അപ്പുറമുള്ള പല സ്ഥാനങ്ങളും തീരുമാനിക്കുമ്പോള്‍ അതിലേക്ക് ഒരു ശബ്ദം ഉയര്‍ത്താന്‍ നമ്മുടെ സംഘടനാശക്തിക്ക് സാധിച്ചു എന്നതിന്റെ വ്യക്തമായ തെളിവാണിത്. എനിക്ക് വേണ്ടി പിതാക്കന്മാര്‍ സംസാരിച്ചുവെന്നും കേരള റീജിയന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ (കെആര്‍എല്‍സിസി) ജനറല്‍ അസംബ്ലിയില്‍ പങ്കെടുത്തുകൊണ്ട് മേയര്‍ വ്യക്തമാക്കി
അതേസമയം വി കെ മിനിമോളുടെ പരാമര്‍ശത്തില്‍ തെറ്റില്ലെന്ന് കെആര്‍എല്‍സിസി അധ്യക്ഷന്‍ വര്‍ഗീസ് ചക്കാലക്കല്‍ പറഞ്ഞു. മിനിമോള്‍ക്ക് സഭ പിന്തുണ നല്‍കിയിട്ടുണ്ടാകും. അത് തെറ്റാണെന്ന് തോന്നുന്നില്ല. ഒരാള്‍ വളര്‍ന്നു വരാന്‍ പിന്തുണ നല്‍കുന്നതാവാമെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചി മേയര്‍ പറഞ്ഞതില്‍ തെറ്റില്ലെന്നും ലത്തീന്‍ സമുദായത്തിന്റെ ആഗ്രഹം രാഷ്ട്രീയ നേതൃത്വത്തെ അറിയിച്ചിരുന്നുവെന്നും കെആര്‍എല്‍സിസി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ് മാധ്യമങ്ങളോട് പറഞ്ഞു. കരയുന്ന കുഞ്ഞിനേ ജനാധിപത്യത്തില്‍ പാലുള്ളൂ. അര്‍ഹമായ പ്രാതിനിധ്യമാണ് ചോദിച്ചത്. പ്രാതിനിധ്യത്തിനായി ഇനിയും ശബ്ദം ഉയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.



