Connect with us

Articles

നീതിനിഷേധത്തിന്റെ ഇരകളെ രാജ്യം കാണുന്നുണ്ടോ?

അറസ്റ്റ് ചെയ്യപ്പെട്ട് അഞ്ച് വര്‍ഷം പിന്നിട്ടിട്ടും വിചാരണ ആരംഭിക്കാതെ ഉമര്‍ ഖാലിദടക്കമുള്ള വിദ്യാര്‍ഥി നേതാക്കളെ ജയിലറക്കുള്ളില്‍ തളച്ചിടുന്നത് ലോകത്ത് തന്നെ ഏറ്റവും സ്വാതന്ത്ര്യവും നീതിയും അവകാശപ്പെടുന്ന ഇന്ത്യാ രാജ്യത്തിന് നാണക്കേടുണ്ടാക്കുന്നതാണ്. അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിലടക്കപ്പെട്ട ഈ അഞ്ച് വര്‍ഷങ്ങളില്‍ ഇവര്‍ ജാമ്യാപേക്ഷയുമായി നിരവധി തവണ കീഴ്്‌ക്കോടതി മുതല്‍ സുപ്രീം കോടതി വരെ കയറിയിറങ്ങി.

Published

|

Last Updated

2020ല്‍ ഡല്‍ഹിയിലുണ്ടായ വംശീയ കലാപവുമായി ബന്ധപ്പെടുത്തി ഗൂഢാലോചനാ കുറ്റം ചുമത്തി (സി എ എ വിരുദ്ധ പ്രക്ഷോഭകരെ ലക്ഷ്യം വെച്ച്) അറസ്റ്റ് ചെയ്യപ്പെട്ട ഉമര്‍ ഖാലിദ്, ശര്‍ജീല്‍ ഇമാം എന്നിവരുടെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം സുപ്രീം കോടതിയും നിരസിച്ചു. എന്നാല്‍ അതേ കേസില്‍ ജയിലില്‍ കഴിയുന്ന ഗുല്‍ഫിശ ഫാത്വിമ, മീരാന്‍ ഹൈദര്‍, ശിഫാഉര്‍റഹ്മാന്‍, മുഹമ്മദ് സലീം ഖാന്‍, ശദാബ് അഹ്്മദ് എന്നിവര്‍ക്ക് കര്‍ക്കശമായ ഉപാധികളോടെ ജാമ്യം അനുവദിക്കുകയും ചെയ്തു. തടവില്‍ കഴിയുന്ന എല്ലാവര്‍ക്കും കുറ്റകൃത്യത്തില്‍ തുല്യ അളവിലുള്ള പങ്കാളിത്തമല്ല ഉള്ളതെന്നും അതിനാല്‍ ഓരോരുത്തരുടെയും പങ്കിനെ വേര്‍തിരിച്ചു കാണണമെന്നും നിരീക്ഷിച്ച സുപ്രീം കോടതി, ഭരണഘടനയുടെ 21ാം വകുപ്പനുസരിച്ച് വിചാരണക്ക് മുമ്പുള്ള തടവ് നീളുന്നതിന് സ്റ്റേറ്റിന് ന്യായമാകാമെന്നും ജാമ്യം നിഷേധിച്ച ഇരുവര്‍ക്കും വിചാരണ നീണ്ടുപോകുന്നു എന്നതിന്റെ ആനുകൂല്യം നല്‍കാനാകില്ലെന്നും വിധിച്ചു. ജസ്റ്റിസ് അരവിന്ദ് കുമാര്‍, ജസ്റ്റിസ് എന്‍ വി അഞ്ജാരിയ എന്നിവരടങ്ങിയ രണ്ടംഗ ബഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്.

മോദി സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യവ്യാപകമായി ഉയര്‍ന്ന പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ ഡല്‍ഹിയില്‍ പൊട്ടിപ്പുറപ്പെട്ട കലാപത്തില്‍ 53 പേര്‍ക്ക് ജീവന്‍ നഷ്ടമാകുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത സംഭവത്തിലെ മുഖ്യസൂത്രധാരനെന്ന് ആരോപിച്ചാണ് ഡല്‍ഹി പോലീസിന്റെ പ്രത്യേക സെല്‍ ഉമര്‍ ഖാലിദിനെയും സഹപ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്യുന്നത്. ഫെബ്രുവരി 17ന് മഹാരാഷ്ട്രയിലെ അമരാവതിയില്‍ ഉമര്‍ ഖാലിദ് നടത്തിയ 17 മിനുട്ടുള്ള പ്രസംഗത്തിന്റെ എഡിറ്റ് ചെയ്ത ഭാഗം ബി ജെ പിയുടെ ഐ ടി സെല്‍ മേധാവി അമിത് മാളവ്യ പുറത്തിറക്കിയത് പ്രചരിപ്പിച്ച്, ഈ പ്രസംഗം ഡല്‍ഹി കലാപത്തിനുള്ള ആഹ്വാനമാണെന്ന വ്യാജ ആരോപണവും ഉമര്‍ ഖാലിദിനെതിരെ ഉന്നയിച്ചിരുന്നു. 1967ലെ ആയുധം കൈവശം വെക്കല്‍ നിയമം, യു എ പി എ, കലാപശ്രമം, കൊലപാതകം, വധശ്രമം, രാജ്യദ്രോഹം, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് ശേഖരിക്കല്‍ തുടങ്ങി നിരവധി വകുപ്പുകളാണ് ഉമര്‍ ഖാലിദടക്കമുള്ളവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. എന്നാല്‍, തനിക്കെതിരെ ആരോപിക്കപ്പെട്ട കുറ്റങ്ങളെല്ലാം നിഷേധിച്ച ഉമര്‍ ഖാലിദ്, താന്‍ നിരപരാധിയാണെന്നും ഡല്‍ഹിയില്‍ നടന്ന സമാധാനപരമായ പ്രതിഷേധത്തിലാണ് പങ്കെടുത്തതെന്നും വ്യക്തമാക്കുന്നുമുണ്ട്.

ഗുരുതര കുറ്റം ചുമത്തി അറസ്റ്റിലായവര്‍ക്കും ചട്ടം പരിശോധിച്ച് ആവശ്യമെങ്കില്‍ കോടതികള്‍ക്ക് ജാമ്യം അനുവദിക്കാമെന്ന് സുപ്രീം കോടതി പറഞ്ഞതും, അര്‍ഹമായ കേസുകളില്‍ പോലും ജാമ്യം നിഷേധിക്കുന്നത് മൗലികാവകാശ ലംഘനമാണെന്ന് ജസ്റ്റിസുമാരായ അഭയ് എസ് ഓകാ, അഗസ്റ്റിന്‍ ജോര്‍ജ് മസീഹ് എന്നിവരടങ്ങിയ ബഞ്ച് വിധി പുറപ്പെടുവിച്ചതും ഈയടുത്ത കാലത്താണ്. എന്നിട്ടും അറസ്റ്റ് ചെയ്യപ്പെട്ട് അഞ്ച് വര്‍ഷം പിന്നിട്ടിട്ടും വിചാരണ ആരംഭിക്കാതെ ഉമര്‍ ഖാലിദടക്കമുള്ള വിദ്യാര്‍ഥി നേതാക്കളെ ജയിലറക്കുള്ളില്‍ തളച്ചിടുന്നത് ലോകത്ത് തന്നെ ഏറ്റവും സ്വാതന്ത്ര്യവും നീതിയും അവകാശപ്പെടുന്ന ഇന്ത്യാ രാജ്യത്തിന് നാണക്കേടുണ്ടാക്കുന്നതാണ്.

അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിലടക്കപ്പെട്ട ഈ അഞ്ച് വര്‍ഷങ്ങളില്‍ ഇവര്‍ ജാമ്യാപേക്ഷയുമായി നിരവധി തവണ കീഴ്്‌ക്കോടതി മുതല്‍ സുപ്രീം കോടതി വരെ കയറിയിറങ്ങി. രണ്ട് തവണ കീഴ്ക്കോടതിയും ഒരു തവണ ഡല്‍ഹി ഹൈക്കോടതിയും ജാമ്യാപേക്ഷ തള്ളി. അവസാനം ജാമ്യലബ്ധി പ്രതീക്ഷിച്ച് പരമോന്നത നീതിപീഠമായ സുപ്രീം കോടതിയിലും ഉമര്‍ ഖാലിദെത്തി. അവിടെ നിന്ന് ജാമ്യം ലഭിച്ചില്ലെന്ന് മാത്രമല്ല, പലവുരി ഹരജി മാറ്റിവെച്ചു.

2024 ഫെബ്രുവരിയിലെ കണക്കനുസരിച്ച് 11 മാസത്തിനിടയില്‍ 14 തവണയാണ് ഉമര്‍ ഖാലിദുമായി ബന്ധപ്പെട്ട കേസുകള്‍ സുപ്രീം കോടതി മാറ്റിവെച്ചത്. ഒടുവില്‍ സുപ്രീംകോടതിയിലെ ജാമ്യാപേക്ഷ പിന്‍വലിച്ച് വിചാരണാ കോടതിയില്‍ വീണ്ടും ഹരജി സമര്‍പ്പിച്ചു. എന്നാല്‍, ആ ഹരജിയും കോടതി തള്ളി. ഒടുവില്‍ കഴിഞ്ഞ ദിവസം പരമോന്നത നീതിപീഠം പരിഗണിച്ച ഹരജിയിലാകട്ടെ, വിചാരണ നീണ്ടുപോകുന്നു എന്നതിന്റെ ആനുകൂല്യം നല്‍കാനാകില്ലെന്ന നിലപാടാണ് സ്വീകരിച്ചത്.

ഡല്‍ഹിയിലെ കലാപവുമായി ബന്ധപ്പെട്ട് മാസങ്ങള്‍ക്കുള്ളില്‍ തന്നെ വിവിധ കേസുകളിലായി 2,500 ഓളം പേരെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അതില്‍ 2,000ത്തോളം പേര്‍ക്ക് പലപ്പോഴായി കീഴ്‌ക്കോടതികള്‍ തന്നെ ജാമ്യം അനുവദിക്കുകയും ചെയ്തു. എന്നാല്‍, ഉമര്‍ ഖാലിദിന്റെയും സഹപ്രവര്‍ത്തകരുടെയും കാര്യത്തില്‍ വിചാരണ പോലും ആരംഭിക്കാതെ ജയില്‍ ജീവിതം നീളുന്നത് അപലപനീയവും ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയില്‍ പൗരന്മാര്‍ക്കുള്ള വിശ്വാസത്തിന് ഇടിവുണ്ടാക്കുന്നതുമാണ്.

ഉമര്‍ ഖാലദ്, ശര്‍ജീല്‍ ഇമാം എന്നിവര്‍ മാത്രമല്ല, അറിയപ്പെടാത്ത ഒട്ടേറെ ജീവിതങ്ങള്‍ ഇന്നും ജയിലഴികള്‍ക്കുള്ളില്‍ കാരണമില്ലാതെ കത്തിത്തീരുന്നുണ്ട് എന്നതാണ് യാഥാര്‍ഥ്യം. രാജ്യത്തെ ജയിലുകളില്‍ ജാമ്യം ലഭിക്കാതെ കഴിയുന്ന വിചാരണാ തടവുകാരുടെ എണ്ണമേറുന്നുവെന്ന് ചൂണ്ടിക്കാണിച്ച് പല സംഘടനകളുടെയും റിപോര്‍ട്ടുകള്‍ പുറത്തു വന്നിട്ടുണ്ട്. വിചാരണ നീണ്ടുപോകുന്ന തടവുകാര്‍ക്ക് ജാമ്യം വൈകുന്നത് ഗുരുതരമായ കൃത്യവിലോപമാണെന്ന് സുപ്രീം കോടതി പലതവണ നിരീക്ഷിച്ച കാര്യമാണെങ്കിലും അതെല്ലാം ലംഘിച്ചാണ് ഇത്തരമൊരു പ്രവണത കണ്ടുവരുന്നത്. ഇന്ത്യന്‍ ജയിലുകളിലെ വിചാരണാ തടവുകാരുടെ അനുപാതം 2019ലെ 68 ശതമാനത്തില്‍ നിന്ന് 2021ല്‍ 77 ശതമാനമായി ഉയര്‍ന്നതായിട്ടാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഈ വിധം നിരവധി പേര്‍ ജാമ്യം ലഭിക്കാതെ വിചാരണാ തടവുകാരായി രാജ്യത്തിന്റെ വിവിധ ജയിലുകളില്‍ കഴിയുന്നുണ്ട് എന്നത് ഏറെ നിരാശാജനകമാണ്.