Eduline
മാനേജ്‌മെന്റ് സ്റ്റഡീസിൽ ബിരുദം നേടാം
പ്രവേശനപ്പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പ്
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിന്റെ കോഴിക്കോട് കേന്ദ്രത്തിൽ ബിരുദ പഠനത്തിന് അപേക്ഷിക്കാം. ബാച്ചിലർ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് (ഓണേഴ്സ് വിത്ത് റിസർച്ച്) നാല് വർഷ ഫുൾടൈം പ്രോഗ്രാമിനാണ് അപേക്ഷ ക്ഷണിച്ചത്. സ്ഥാപനത്തിന്റെ കൊച്ചി ക്യാമ്പസിലാണ് പ്രവേശനം.
മാനേജ്മെന്റ് സ്റ്റഡീസ് മുഖ്യ വിഷയമായി വരുന്ന പ്രോഗ്രാമിൽ ഇക്കണോമിക്‌സ്, പബ്ലിക് പോളിസി ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ്, സൈക്കോളജി, ബിഹേവിയറൽ സയൻസ്, ഫിനാൻസ് ആൻഡ് ബിഗ് ഡാറ്റ, ലിബറൽ സ്റ്റഡീസ്, മാർക്കറ്റിംഗ്, സെയിൽസ് ആൻഡ് ഡിജിറ്റൽ പ്രമോഷൻ തുടങ്ങിയ വിവിധ വിഷയങ്ങൾ പഠിക്കാനും അവസരമുണ്ട്. ഐ ഐ എമ്മിലെ ആദ്യ ബിരുദപ്രോഗ്രാമാണിത്. ഇന്റേൺഷിപ്പും കോഴ്സിന്റെ ഭാഗമായി ലഭിക്കും. ഐ ഐ എമ്മുമായി സഹകരിക്കുന്ന മറ്റ് വിദേശസർവകലാശാലകളിൽ സെമസ്റ്റർ പഠനത്തിനും അവസരമുണ്ട്.
യോഗ്യത
ഏതെങ്കിലും സ്ട്രീമിൽ പ്ലസ്ടു അല്ലെങ്കിൽ പത്ത് വിജയിച്ചശേഷം എടുത്ത ഡിപ്ലോമ. പ്രായപരിധിയില്ല.
തിരഞ്ഞെടുപ്പ്
അക്കാദമിക മികവ്, പ്രവേശന പരീക്ഷാ സ്‌കോർ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.
പരീക്ഷ
മേയ് 19ന് രാവിലെ ഒന്പത് മുതൽ 11 വരെ വിവിധകേന്ദ്രങ്ങളിലായി പരീക്ഷ നടക്കും. രാജ്യത്തെ 25ലധികം കേന്ദ്രങ്ങളിലായിരിക്കും പരീക്ഷ. വെർബൽ എബിലിറ്റി, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ് എന്നീ രണ്ട് ഭാഗങ്ങൾ ഉൾപ്പെടുന്നതാണ് പ്രവേശനപ്പരീക്ഷ.
പരീക്ഷയിൽ നിന്ന് ഷോർട്ട്‌ലിസ്റ്റ് ചെയ്യുന്നവർക്ക് അഭിമുഖമുണ്ടാകും. കോഴിക്കോട്, ബെംഗളൂരു, ചെന്നൈ, ഹൈദരാ ബാദ്, കൊൽക്കത്ത, മുംബൈ, ഡൽഹി എന്നിവിടങ്ങളിൽ ജൂൺ ആദ്യവാരമായിരിക്കും അഭിമുഖം. കോഴ്‌സ് ഫീസ്: ഏഴ് ലക്ഷം രൂപ.
അപേക്ഷ
ഐ ഐ എം കെ വെബ്‌സൈറ്റ് വഴി അപേക്ഷിക്കണം. അവസാന തീയതി ഏപ്രിൽ 15. വിശദവിവരങ്ങൾക്ക് iimk.ac.in വെബ്‌സൈറ്റ് സന്ദർശിക്കുക.






