Kerala
കേരളത്തിനെതിരെ വര്‍ഗീയ പ്രചാരണം; ഉത്തരേന്ത്യന്‍ യു ട്യൂബര്‍ക്ക് മുന്‍കൂര്‍ ജാമ്യം
ബി ജെ പി നേതാവായ നടന് കൃഷ്ണകുമാറിന്റെ മകളും യു ട്യൂബറുമായ ദിയ കൃഷ്ണ വിദ്വേഷ വിഡിയോയെ പിന്തുണച്ച് കമന്റ് ചെയ്തിരുന്നു
കൊച്ചി | കേരളത്തിനെതിരെ വര്‍ഗീയ പ്രചാരണം നടത്തിയ ഉത്തരേന്ത്യന്‍ യു ട്യൂബര്‍ക്ക് മുന്‍കൂര്‍ ജാമ്യം. ഫോര്‍ട്ട് കൊച്ചിയിലെ ‘കാശി’ എന്ന കഫേയെ കേന്ദ്രീകരിച്ച് മുസ്ലിം വിരുദ്ധ വിദ്വേഷ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ച സംഭവത്തില്‍ ഉത്തരേന്ത്യന്‍ ഇന്‍ഫ്ലുവന്‍സര്‍ അമൃത് സിങ്ങിനാണ് എറണാകുളം സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ബി ജെ പി നേതാവായ നടന് കൃഷ്ണകുമാറിന്റെ മകളും യു ട്യൂബറുമായ ദിയ കൃഷ്ണ വിദ്വേഷ വിഡിയോയെ പിന്തുണച്ച് കമന്റ് ചെയ്തിരുന്നു. സാഡ് റിയാലിറ്റി എന്ന് ഇവര്‍ ഇംഗ്ലീഷില്‍ കമന്റ് ചെയ്തത് ഏറെ വിവാദമായിരുന്നു.
നേരത്തെ കലാപാഹ്വാനം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി ഫോര്‍ട്ട് കൊച്ചി പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു.സമൂഹത്തില്‍ മതസ്പര്‍ദ്ധ വളര്‍ത്തുക, രണ്ട് മതവിഭാഗങ്ങള്‍ക്കിടയില്‍ ലഹള ഉണ്ടാക്കാന്‍ ശ്രമിക്കുക എന്നീ ഗുരുതരമായ വകുപ്പുകള്‍ ചുമത്തിയാണ് എഫ് ഐ ആര് രജിസ്റ്റര്‍ ചെയ്തത്. വീഡിയോ വ്യാപകമായതോടെ ഇരുമതവിഭാഗങ്ങള്‍ക്കിടയില്‍ വെറുപ്പും വിദ്വേഷവും ഉളവാക്കാനും സമാധാനാന്തരീക്ഷം തകര്‍ക്കാനും ഇടയാക്കുമെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി സ്വീകരിച്ചത്.
ഹൈന്ദവ മതവിഭാഗത്തിന്റെ പുണ്യസ്ഥലത്തിന്റെ പേരുള്ള ഈ ആര്‍ട്ട് കഫേയില്‍ ബീഫ് വില്‍ക്കുന്നുണ്ടെന്നും ഈ പ്രദേശത്ത് മുസ്ലിം മതവിഭാഗങ്ങള്‍ കൂടുതലായി വസിക്കുന്നതുകൊണ്ടാണ് ഇതെന്നും വീഡിയോയില്‍ അമൃത് സിങ് ആരോപിച്ചിരുന്നു. കഫേയില്‍ മഹാത്മാഗാന്ധിയുടെ പ്രതിമയോടൊപ്പം ജിന്നയുടെ വെള്ളി പ്രതിമയും സ്ഥാപിച്ചിട്ടുണ്ടെന്നും തെറ്റായ രീതിയില്‍ ചിത്രീകരിച്ച് പ്രചരിപ്പിച്ചിരുന്നു. ഈ ദൃശ്യങ്ങള്‍ ഉത്തരേന്ത്യയില്‍ വലിയ പ്രചാരണം നേടി. സമൂഹ മാധ്യമങ്ങളില്‍ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര് കമന്റുകള്‍ പങ്കുവെക്കുകയും ചെയ്തിരുന്നു. ഫോര്‍ട്ട് കൊച്ചി അമരാവതി സ്വദേശി ജൂഡ് വിപിന്‍ നല്കിയ പരാതിയിലായിരുന്നു ഇയാള്‍ക്കെതിരെ കേസെടുത്തത്.
Content Highlights: Ernakulam Sessions Court granted anticipatory bail to North Indian YouTuber Amrit Singh in a communal hate speech case. Fort Kochi police had registered a case against him for circulating a hate video targeting a local cafe. The video sparked widespread controversy on social media.



