Connect with us

Kerala

അരിവില വീണ്ടും കുതിക്കുന്നു; താളംതെറ്റി അടുക്കള ബജറ്റ്

മട്ടക്കും ജയക്കും പൊന്നിക്കും വിലയേറുന്നു; കിലോക്ക് അഞ്ചുമുതല്‍ 15 രൂപ വരെ വര്‍ധന

Published

|

Last Updated

പാലക്കാട് | നിത്യജീവിതച്ചെലവുകളുടെ വര്‍ധനയില്‍ നട്ടംതിരിയുന്ന സാധാരണക്കാരന് ഇരുട്ടടിയായി അരിവിലയും കുതിക്കുന്നു. മട്ട, ജയ, പൊന്നി, സുലേഖ, കുറുവ തുടങ്ങിയ അരിയിനങ്ങള്‍ക്കെല്ലാം വില ഉയര്‍ന്നതോടെ കുടുംബങ്ങളുടെ അടുക്കള ബജറ്റ് താളംതെറ്റി. ഈ വര്‍ഷം വിവിധ ഘട്ടങ്ങളിലായി കിലോഗ്രാമിന് അഞ്ചു മുതല്‍ 15 രൂപ വരെയാണ് വില വര്‍ധിച്ചത്. ഓണക്കാലത്ത് തുടങ്ങിയ വിലക്കയറ്റത്തിന് ഇപ്പോഴും ശമനമില്ല. അരി വാങ്ങാന്‍ കൂടുതല്‍ പണം കണ്ടെത്തേണ്ടിവരുന്നത് സാധാരണ കുടുംബങ്ങളുടെ സാമ്പത്തികപ്രയാസം വര്‍ധിപ്പിക്കുകയാണ്.

സംസ്ഥാനത്ത് നിലവിലെ കണക്കുപ്രകാരം മട്ട അരിയുടെ ശരാശരി ചില്ലറവില കിലോഗ്രാമിന് 56.36 രൂപയാണ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 51.50 രൂപയായിരുന്നു. ആന്ധ്ര വെള്ളക്ക് 49.62 രൂപയും ചമ്പ അരിക്ക് 56 രൂപയുമാണ് ശരാശരി ചില്ലറവില. പാലക്കാടന്‍ ജയ അരിയുടെ വിലയും കിലോഗ്രാമിന് 53.50 രൂപയിലെത്തി. പ്രധാന അരിയിനങ്ങളുടെയെല്ലാം വില 50 രൂപ പിന്നിട്ടതോടെ കുറഞ്ഞ വിലയിലുള്ള അരി തേടേണ്ട അവസ്ഥയിലാണ് സാധാരണക്കാര്‍.

കേരളത്തിലേക്ക് പ്രധാനമായും അരിയെത്തിക്കുന്ന ആന്ധ്രപ്രദേശ്, തെലങ്കാന, കര്‍ണാടക, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെ കാലാവസ്ഥാ വ്യതിയാനവും ഉത്പാദനം കുറയുമെന്ന ആശങ്കയുമാണ് വില വര്‍ധനക്ക് കാരണമായി വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നത്. ഇതിനു പുറമേ മില്ലുടമകളുടെയും ഇടനിലക്കാരുടെയും ഇടപെടലുകളും പൂഴ്ത്തിവെപ്പും വിപണിയില്‍ വിലക്കയറ്റത്തിന് ആക്കം കൂട്ടുന്നതായും ആരോപണമുണ്ട്. മട്ട, ജയ, സുലേഖ, പൊന്നി തുടങ്ങിയ ഇനങ്ങള്‍ക്ക് കഴിഞ്ഞ മാസങ്ങളില്‍ പലതവണ വില വര്‍ധിച്ചു. മസൂരി, പൊന്നി തുടങ്ങിയ അരിയിനങ്ങളുടെ മൊത്തവിലയിലും ഉയര്‍ച്ചയുണ്ടായതായി വ്യാപാരികള്‍ പറയുന്നു.

അരിവിലക്കയറ്റത്തിന്റെ പ്രത്യാഘാതം ഹോട്ടല്‍ മേഖലയിലും പ്രകടമാണ്. ഭക്ഷണവിഭവങ്ങളുടെ നിര്‍മാണച്ചെലവ് വര്‍ധിച്ചതോടെ വില ഉയര്‍ത്തേണ്ട സാഹചര്യമാണുള്ളതെന്ന് ഹോട്ടലുടമകള്‍ പറയുന്നു. അരിക്കു പുറമേ മറ്റ് അവശ്യസാധനങ്ങള്‍ക്കും വില ഉയരുന്നത് ഹോട്ടല്‍ നടത്തിപ്പിനെയും ഉപഭോക്താക്കളുടെ ചെലവിനെയും ഒരുപോലെ ബാധിക്കുന്നുണ്ട്. ഹോട്ടലുകളില്‍ ഭക്ഷണവില വര്‍ധിക്കുന്നതോടെ അതിന്റെ അധികഭാരവും സാധാരണക്കാരുടെ ചുമലിലാകും. വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി വിപണിയില്‍ ഇടപെടണമെന്നാണ് ഉപഭോക്താക്കളുടെ ആവശ്യം. സപ്ലൈകോ വഴിയുള്ള വിപണിയിടപെടല്‍ ശക്തമാക്കുക, ആവശ്യത്തിന് അരി സംഭരിച്ച് ന്യായവിലക്ക് വിതരണം ചെയ്യുക, പൂഴ്ത്തിവെപ്പും കൃത്രിമ വിലവര്‍ധനയും തടയാന്‍ പരിശോധന കര്‍ശനമാക്കുക തുടങ്ങിയ ആവശ്യങ്ങളും ഉയരുന്നുണ്ട്.

സാധാരണക്കാരന്റെ തീന്‍മേശയിലെ പ്രധാന വിഭവമായ അരിയുടെ വില ഇനിയും ഉയര്‍ന്നാല്‍ കുടുംബങ്ങള്‍ കൂടുതല്‍ പ്രതിസന്ധിയിലാകും. വിപണിയില്‍ ഫലപ്രദമായ സര്‍ക്കാര്‍ ഇടപെടല്‍ എത്രയും വേഗം വേണമെന്ന ആവശ്യം ശക്തമാവുകയാണ്.

Content Highlights: Rice prices have spiked sharply across markets, dealing a heavy blow to family expenses. Supply shortages and increased wholesale costs are driving the current price inflation for essential staples. Consumers urge prompt market interventions to stabilize rates and ease household financial pressure.

 

---- facebook comment plugin here -----

Latest